സമ്പാദനം: എഡിറ്റര്‍
മടത്തറ: കുമിളുകളില്‍ (കൂണ്‍) കരവിരുതാല്‍ ശലഭങ്ങളും പൂക്കളും കൃഷ്ണനും രാധയുമടക്കമുള്ള ദൈവസങ്കല്പങ്ങളും ഇതള്‍വിടര്‍ത്തുമ്പോള്‍, വീടുകളില്‍ അലങ്കാരവസ്തുക്കളുടെ ശേഖരത്തിലേക്ക് ഒരു പുതിയ സാധ്യത പരിചയപ്പെടുത്തുകയാണ് സരിതാ സുഭാഷ് എന്ന വിട്ടമ്മ.
മടത്തറ ഒഴുകുപാറ സ്വദേശിയായ ഇവര്‍ കുമിളുകളെ മനോഹരമായ വര്‍ണ്ണത്തിലും രൂപത്തിലും കരകൗശല വസ്തുക്കളാക്കി മാറ്റുന്നു.മരക്കുറ്റികളിലും അടരുകളിലും പ്രകൃത്യാ ഉണ്ടാകുന്ന കുമിളുകള്‍ തേടിപ്പിടിച്ച് ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കി നന്നായി ഉണക്കി പ്രൈമര്‍ പെയിന്റ് ചെയ്തു വയ്ക്കുന്നതാണ് ശില്പനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം. മൂന്ന്-നാല് ദിവസത്തെ ഉണക്കിനുശേഷം ഭാവനയ്ക്കനുസരിച്ച് ഫ്രാബ്രിക്, ഗ്ലാസ് പെയിന്റുകള്‍ ഉപയോഗിച്ച് പല നിറങ്ങള്‍ നല്‍കുന്നു. നിറം പിടിപ്പിച്ച കുമിള്‍ രൂപങ്ങളില്‍ പിന്നീട് സീക്വന്‍സും മുത്തുകളും മറ്റും ഒട്ടിച്ച് ഉണ്ടാക്കുന്ന കലാരൂപം ടൈല്‍സില്‍ പശ ചേര്‍ത്ത് ഉറപ്പിക്കുന്നതോടെ ശില്പനിര്‍മ്മാണം പൂര്‍ത്തിയാകുന്നു.
വീടിനടുത്തുള്ള പറമ്പില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് കിട്ടിയ കൂണുകളില്‍ കൗതുകത്തിന് ചെയ്തുതുടങ്ങിയതാണ് കൂണ്‍ ശില്പനിര്‍മ്മാണം. 'ഗാനോ ഡര്‍മ്മസ്' എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്നയിനം കൂണുകളാണിതിന് ഉപയോഗിക്കുന്നത്. വെള്ളായണി കാര്‍ഷിക കോളേജിലെയും തിരുവനന്തപുരത്തെ കൂണ്‍പുരയിലെയും അധ്യാപകരുടെയും മറ്റും നിര്‍ദ്ദേശങ്ങളും സഹായങ്ങളും കൂണ്‍ ശില്പനിര്‍മ്മാണത്തില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സരിത പറയുന്നു.
യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സരിത പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ 'അഭിരാമ തീരങ്ങളില്‍' എന്ന തന്റെ പ്രഥമ കവിതാ സമാഹാരവും പുറത്തിറക്കി. ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രരചനയിലും താത്പര്യമുള്ള ഈ വീട്ടമ്മ. ഡ്രൈവറായ ഭര്‍ത്താവ് സുഭാഷിന്റെ വരുമാനവും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കി കിട്ടുന്ന തുകയുമാണ് കൂണ്‍ ശില്പനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
Cortesy: Mathrubhumi.com
0 comments:
Post a Comment