30 April, 2013

കാടുകാക്കാന്‍ വിനിത ഒറ്റയ്ക്ക്-

0


പാലോട്: ചിന്നംവിളിച്ച് കാട്ടാന മുന്നിലെത്തുമ്പോഴും, കാടുവിറപ്പിക്കുന്ന കാട്ടുകള്ളന്‍ മാര്‍ക്ക് നടുവിലെത്തുമ്പോഴും വിനിത തെല്ലും ഭയക്കുന്നില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ രാപ്പകലെന്യേ വിനിത കാടിനു കാവല്‍ നില്‍ക്കുന്നു. ജില്ലയിലെ ഏക വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മീനാങ്കല്‍, തെണ്ടിയാമല ആദിവാസി ഊരിലെ ആര്‍. വിനിതയെന്ന 26 കാരിയാണ് പെണ്‍കരുത്തിന്റെ മാതൃകയാകുന്നത്.

ബാല്യത്തിലേ വനമധ്യത്തില്‍ കാട്ടുമൃഗങ്ങളോടൊത്ത് കളിച്ചുവളര്‍ന്നതില്‍ നിന്നും കൈവന്ന ധൈര്യം വിനിതയ്ക്ക് ഇന്ന് കാട്ടില്‍ പണിയെടുക്കാന്‍ കരുത്താകുന്നു. അമ്മ രാജമ്മയുടെ കൈയും പിടിച്ച് വിനിത സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് തേവിയാരുകുന്ന് കാണി എല്‍.പി.എസ്സില്‍. രണ്ടര കിലോമീറ്ററിലധികം കാടിനുള്ളില്‍ കൂടി നടന്ന് മീനാങ്കലില്‍ എത്താനുള്ള ബുദ്ധിമുട്ട് വിനിതയെ കൊണ്ടെത്തിച്ചത് അമ്പൂരിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍. പ്ലസ്ടു പഠനംകഴിഞ്ഞതോടെ എസ്.ടി. പ്രൊമോട്ടര്‍ ആയി നിയമനം. രണ്ടു വര്‍ഷം ഈ ജോലിക്കിടയിലാണ് വനപാലകയായി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്.

2010 ഏപ്രില്‍ 12 ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണറിയുന്നത് ജില്ലയില്‍ വനം വകുപ്പില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി വിനിത മാത്രമേയുള്ളൂ. ആദ്യം ഒന്നമ്പരന്നെങ്കിലും വച്ച കാല്‍ പിന്നോട്ടുവെയ്ക്കാന്‍ വിനിത തയ്യാറായിരുന്നില്ല. സഹപ്രവര്‍ത്തകരെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ വിനിത തന്റെ ദൗത്യം ഭംഗിയായി മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ പാലോട് റേഞ്ച് ഓഫീസിലെ ജീവനക്കാരിയാണ് വിനിത.

13 April, 2013

മുറ്റത്തെ കണിക്കൊന്ന- മുല്ലനേഴി

2

അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ
മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ!
കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ്
മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍
കരിഞ്ഞ നെല്പ്പാടങ്ങള്‍, കര്‍ഷകര്‍, വിതുമ്പുന്ന
പൊലിഞ്ഞ സ്വപ്‌നങ്ങള്‍, ഈനാടാകെ ത്തിളയ്ക്കുമ്പോള്‍
എങ്ങനെയാഘോഷിയ്ക്കും വിഷു നാം നമ്മെത്തന്നെ
ചങ്ങലയ്ക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്‍?

കാതില്‍ മന്ത്രിപ്പൂ കണിക്കൊന്ന, യിക്കാലത്തിന്റെ
കാപട്യമറിയായ്കയാലെ നീ കവിയായി
ഒരു നക്ഷത്രം മങ്ങിമായുമ്പോള്‍ കേഴുന്നു നീ
ഒരു പൂകൊഴിയുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു നീ
ദുരിതം തീതുപ്പുന്ന വര്‍ത്തമാനത്തില്‍, മര്‍ത്ത്യ-
ചരിതം മറ്റൊന്നാക്കാന്‍ വെമ്പല്‍ കൊണ്ടീടുന്നു നീ
പാവമാം നാട്ടിന്‍പുറക്കാരിയെങ്കിലൂം, വെറും
പാവയല്ലല്ലോ നിന്റെ മുറ്റത്തെക്കണിക്കൊന്ന
ആകയാല്‍മണ്ണിന്‍ മാറില്‍ പൂത്തുനില്ക്കുന്നു, വിശ്വ-
മാകെയുമൊന്നാകുന്ന വിഷുവല്‍പ്രതീക്ഷയാല്‍.
(മുല്ലനേഴിയുടെ കവിത എന്ന പുസ്തകത്തില്‍ നിന്ന്)

വിഷു - ബാലമണിയമ്മ

0


മറയുമാണ്ടിനെത്തടവി മിന്നുന്നൂ
മഹാനഗരത്തിന്‍ വിടര്‍ന്ന കണ്ണുകള്‍.

അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍.
പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന
പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;
അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്‍
മുടങ്ങാതേ നിന്നോരഭീഷ്ട ദര്‍ശനം.
തളികയില്‍ ബ്ഭൂവില്‍ വരങ്ങള്‍, ഒട്ടൊട്ടു
ചുളി പടരുമെന്‍ മുഖം മുകുരത്തില്‍;
കണിത്തിരികള്‍ക്കു പിറകിലായ്ക്കാലം
കനത്ത ഭിത്തിമേല്‍പ്പതിച്ച മുദ്രകള്‍;
കുരുന്നു കൈകള്‍ തന്‍ കളിമ്പ രേഖകള്‍,
വരണ്ടവയിലെ വിയര്‍പ്പിന്‍ പാടുകള്‍!
ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്‍മ്മയി-
ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്‍;
മനോമുകുളത്തെ മനുഷ്യസ്‌നേഹത്തിന്‍
മധുരനീരൂട്ടി വളര്‍ത്ത വര്‍ഷങ്ങള്‍.

നവാബ്ദമേ നിന്‍ കൈ ശിരസ്സില്‍ സ്​പര്‍ശിക്കെ
നഗരത്തിന്‍ കണ്‍കള്‍ വിടര്‍ന്നു മിന്നുന്നൂ
ഇളകും വാനിലെപ്പടകുടീരങ്ങള്‍-
ക്കിടയില്‍ നിന്നസ്മല്‍ ക്രിയാധി ദേവതേ

മുടിച്ചാര്‍ത്തിങ്കല്‍ത്തൂവെളിച്ചത്തിന്‍ പൂവും
മടിക്കുത്തില്‍ പുത്തന്‍ ഫലങ്ങളുമായ് നീ
ഇറങ്ങി നില്‍ക്കെ നിന്നനുഗ്രഹം ചുറ്റും
നിറഞ്ഞൊലിക്കെ, യെന്‍ ചെറു ഹൃദയത്തില്‍

നിഴല്‍ പരത്തുന്നൂ തിരുവരവേല്‍ക്കാന്‍
കഴിയാതേ മതില്‍ കടന്നു പോയവര്‍.

നിരന്നുയരും പാര്‍പ്പിടങ്ങള്‍ക്കപ്പുറ,-
ത്തിരമ്പുന്നൂ കടല്‍ത്തിരക,ളേന്തുന്നൂ.

11 April, 2013

വിപണിയില്‍ താരമായ്‌ 'ചൈനീസ് കൊന്നപ്പൂ'

0


എടപ്പാള്‍: അവസാനം ചൈനീസ്‌ കൊന്നപ്പൂവും. വിഷു അടുത്തെത്തിയതോടെയാണ് വിപണിയില്‍ ചൈനയില്‍നിന്നെത്തിയ കൊന്നപ്പൂവിന്റെ തരംഗം തുടങ്ങിയത്.
എടപ്പാളിലെ വിഷുവിപണിയില്‍ വന്‍തോതിലാണ് ഇത്തവണ റെഡിമെയ്ഡ് കൊന്നപ്പൂക്കള്‍ എത്തിയിട്ടുള്ളത്. വിദേശ നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്റ്റേഷനറി കടകളിലും മഞ്ഞപ്പൂക്കളും കൊന്നയുടെ ഇലകളുമടങ്ങിയ മനോഹരമായ കുലകള്‍ തൂങ്ങിക്കിടക്കുമ്പോള്‍ യഥാര്‍ത്തില്‍ മരത്തില്‍നിന്ന് പൊട്ടിച്ച് തൂക്കിയതാണെന്നേ തോന്നൂ.
ഒരു കുലയ്ക്ക് 60 രൂപയാണ് വില. തിരൂരിലെയും എറണാകുളത്തെയും ഗള്‍ഫ് മാര്‍ക്കറ്റുകളില്‍നിന്നുമെത്തുന്ന ഇവയ്ക്ക് സാമാന്യം നല്ല ചെലവുമുണ്ടെന്ന് എടപ്പാളിലെ ടി.കെ സ്റ്റോര്‍ ഉടമ കുഞ്ഞന്‍ പറഞ്ഞു.
ഇനി കണി വെയ്ക്കുവാനുള്ള മാങ്ങയും വെള്ളരിയുമൊക്കെ റെഡിമെയ്ഡ് ആകുന്ന കാലം ദൂരെയല്ല.