Showing posts with label ഹിദായത്ത് ജാഫര്‍ (ദുബായ്). Show all posts
Showing posts with label ഹിദായത്ത് ജാഫര്‍ (ദുബായ്). Show all posts

13 October, 2011

എന്റുമ്മ

2

-
- ഹിദായത്ത് ജാഫര്‍ (ദുബായ്)

പിടിവാശിപ്പരുവത്തില്‍ അടുക്കളക്കോലായില്‍
കറിക്കൂട്ടിന്‍ മണമുള്ള മടിയിലേക്കെന്നെ,
അടിതന്നണച്ചുമ്മ വെച്ചെന്‍റെയുമ്മ

പനിച്ചുറങ്ങുമ്പോളെന്‍ നെറ്റിത്തടത്തില്‍
നനുത്ത കരസ്പര്‍ശമായെന്‍റെയുമ്മ.
കത്തുന്ന വെയിലില്‍ കുളിരായ് പടരുന്ന
പെരുന്നാള്‍ച്ചോറിന്‍ മണമെന്‍റെയുമ്മ.

കലാലയ മുറ്റത്തെ കൌമാര കശപിശകള്‍
അക്കങ്ങളൊടുങ്ങാത്ത അക്ഷരത്തെറ്റുകള്‍ ,
ഞനെറിഞ്ഞുടച്ചൊരാ ചില്ലു സ്വപ്നങ്ങളില്‍
ചിതറുന്ന പുഞ്ചിരിയാണെന്‍റെയുമ്മ.

കപ്പയും കറിയും, വറുത്ത പാവയ്ക്കയും
തണുത്തുവിറച്ചെന്ന പ്രാകിത്തുടങ്ങുമ്പോള്‍,
വഴിക്കണ്ണുമ്മായി  ഞാനെത്തും വരേയും
കാത്തിരിക്കും കാവല്‍ വിളക്കെന്‍റെയുമ്മ.

ഉദരപങ്കാളികള്‍ മുഖംചുളിക്കുമ്പോഴും
മരവിച്ച ഹൃദയത്തിന്‍ താഴ്വാരങ്ങളില്‍
രക്ത ബന്ധത്തിന്‍ കനവില്‍ കനലൂതും
കനിവിന്‍റെ കലവറയാണെന്‍റെയുമ്മ.

ഇന്നലെകളിലെന്‍റെ സൌഹൃദസന്ധ്യകളില്‍
ലഹരി നുരയ്കുന്ന സ്ഫടികപാത്രങ്ങളെന്‍
ചുണ്ടോടു ചേര്‍ക്കുമ്പോള്‍ അകതാരിലുയരും
വിലക്കാണെനിക്കെന്‍റെയുമ്മ., പാവം എന്‍റെയുമ്മ.