Karannan Madathara
ആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന്‍ അഭിനിവേശത്തെ തിരയുന്നു.
പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
അത് എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള്‍ എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
നിന്‍റെ മേനിയുടെ വടിവുകള്‍ തഴുകിയും തലോടിയും
നിന്‍റെ രോമരാജികളെ പുളകിതാരാക്കിയും,
ഒരു രാസകേളിയുടെ അന്ത്യയാമത്തില്‍
ഭോഗാലസ്യയായി നീ തളര്‍ന്നുറങ്ങിടുന്നതും.
പിന്നെ കുളിരും കൊണ്ട് കുഞ്ഞ് അരുവികള്‍
നമ്മെ പുളകിതരാക്കി കടന്നു പോകുന്നതും,
ഏതോ തപോവന സുകൃതമോ
ദൈവീക ഭാവം വരം ചേര്‍ന്നിടുന്നതോ.
കാണുന്നു ഞാ൯ ഭാവനാ ലോകത്ത്
കലികാലം പ്രതിച്ഛായ മായ്ചെങ്കിലും...
കാലം തെറ്റി വന്ന ചാറ്റല്‍ മഴ പോലെ
മോഹങ്ങള്‍ എന്നെ നൊബരപ്പെടുത്തുന്നു
കൗമാരം യൗവന ദാഹം ശമിപ്പിക്കുവാന്‍
പാന്ഥനായ് വഴിമാറി പോകവേ...
ബാല്യം തന്ന നറും പാലസന്ധൃകള്‍
എന്നില്‍ താളം പിടിക്കുന്നു.
ആ മഴ വന്നിരുന്നെങ്കില്‍ ഞാ൯ ഒരു പൈതലായ്
ഈ അംഗണത്തില്‍ ഓടി നടന്നെങ്കില്‍
ആ മഴ വന്നിരുന്നെങ്കില്‍ എന്‍റെ ബാല്യത്തിന്‍
ഓര്‍മ്മകള്‍ തൊട്ടറിഞ്ഞെങ്കില്‍.
യൗവന യുക്തയാം നിന്‍റെ മോഹങ്ങള്‍ക്ക്
നിര്‍വൃതി പകര്‍ന്നിരുന്നെങ്കില്‍.