23 November, 2011

പുണ്യങ്ങളുടെ പാതയില്‍ മതസൗഹാര്‍ദത്തിന്റെ കമാനം

0


-എഡിറ്റര്‍
പാലോട്: കാല്‍നൂറ്റാണ്ടുകാലമായി തങ്ങള്‍ പുലര്‍ത്തിവരുന്ന മതമൈത്രി മറ്റുള്ളവര്‍ക്കും മാതൃകയാകണമെന്ന് ഇലവുപാലത്തുകാര്‍ ആഗ്രഹിക്കുന്നു. ഇതിന്റെ സാക്ഷാത്കാരമാണ് 'പുണ്യങ്ങളുടെ പാതിയിലെ സൗഹൃദത്തിന്റെ കമാനം'.

ഇടതുഭാഗത്ത് ദാറുല്‍ ഇസ്‌ലാം ജമാഅത്ത് പള്ളിയുടെയും വലതുഭാഗത്ത് കല്ലുമല തമ്പുരാന്‍ ദേവിക്ഷേത്രത്തിന്റെയും പേരുകളാണ്. മധ്യഭാഗത്ത് 'ജാതിഭേദമെന്യേ ഏവര്‍ക്കും സ്വാഗതം' എന്ന സ്വീകരണവാചകവുമെഴുതിയിട്ടുണ്ട്. ഇലവുപാലം അടിപറമ്പ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന കമാനം തിരുവനന്തപുരം-ചെങ്കോട്ട റോഡിലെ യാത്രക്കാര്‍ക്ക് വേറിട്ടകാഴ്ചയാകുന്നു. മണ്ഡലകാലത്ത് ഇതുവഴിവരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് 'ശബരിമല-വാവരുപള്ളി'യെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൂടിയാണിത്.

ഇലവുപാലം ഗ്രാമം മതസൗഹാര്‍ദത്തിന് പണ്ടേ പേരുകേട്ടിരുന്നു. പള്ളിയില്‍ നടക്കുന്ന മതവിജ്ഞാനസദസ്സിന് അമ്പലംകമ്മിറ്റിയില്‍നിന്നും അമ്പലത്തില്‍ നടക്കുന്ന മണ്ഡകാല ഉത്സവത്തിന് പള്ളിക്കമ്മിറ്റിയില്‍നിന്നും കൈയും മെയ്യും മറന്നാണ് ജനം ഒന്നിക്കുന്നത്. മതഭേദമില്ലാത്ത ഈ ഒത്തുചേരലുകളാണ് 'സൗഹാര്‍ദകമാനം' എന്ന ആശയത്തിലെത്തിച്ചത്.

മുസ്‌ലിം യുവജന ഫെഡറേഷന്റെയും ക്ഷേത്രക്കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നാടുകാര്‍തന്നെ ഇതിനുള്ള പണം സ്വരൂപിച്ചു. ഒരുലക്ഷം രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിച്ച കമാനം 60,000 രൂപയ്ക്ക് പണിതീര്‍ത്തു.

ഇടതുഭാഗത്ത് 'പിറയും നക്ഷത്രവും' വലതുവശത്ത് 'ഓം' ചിഹ്നവും മധ്യഭാഗത്തായി 'കുരിശും' പണിതീര്‍ത്തു.

0 comments:

Post a Comment