21 November, 2011

'കല്ലാന' കെട്ടുകഥയല്ല...

2


-നജിം കൊച്ചുകലുങ്ക്

'കല്ലാന' കല്ലുവെച്ച നുണയൊ, കല്ലുറപ്പുള്ള സത്യമൊ എന്ന അന്വേഷണം കേരളത്തെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്. ലോകത്തെ അപൂര്‍വ ജീവിവര്‍ഗങ്ങളിലൊന്നായ 'പിഗ്മി' ആനകളില്‍പെട്ടതെന്ന് കരുതുന്ന കല്ലാന സഹ്യാദ്രി വനാന്തരങ്ങളിലുണ്ടെന്ന് തെളിഞ്ഞാല്‍ കേരളത്തിന്റെ അത്യപൂര്‍വ ജൈവവൈവിധ്യപ്രകൃതിയുടെ യശസിന് അതുമൂലം ലഭിച്ചേക്കാവുന്ന തിളക്കം ചെറുതല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ആന ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമാവുകയും കേരളത്തിന്റെകൂടി അഭിമാനഗിരിമകുടമായ പശ്ചിമഘട്ടം യുനസ്കോയുടെ പ്രകൃതിദത്ത ലോകപൈതൃകങ്ങളുടെ പട്ടികയിലുള്‍പ്പെടാന്‍ സമയത്തിനുവേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.

എന്നിട്ടുമെന്തേ വനംവകുപ്പിനും ശാസ്ത്രത്തിനും 'കല്ലാന'യെ കുറിച്ചുള്ള അന്വേഷണം കല്ലുകടിയാകുന്നു? ഒരു വനരോദനം പോലെ ഈ ചോദ്യം ഉത്തരം കിട്ടാതെ ഒടുങ്ങുമ്പോള്‍ അടങ്ങാത്ത സംശയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വലിച്ചൊടിച്ച് കല്ലാന കലമ്പല്‍കൂട്ടി ശ്രദ്ധക്ഷണിക്കുന്നത്, അധികാര കേന്ദ്രങ്ങളുടെ മൂക്കിന് കീഴെ, തലസ്ഥാനനഗരിക്ക് ഏതാനും കിലോമീറ്ററകലെ, പേപ്പാറ വന്യജീവി സങ്കേതത്തില്‍നിന്ന് തന്റെ വര്‍ഗത്തെ കണ്ടെത്തി അത് കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച പ്രഗത്ഭ പ്രകൃതി ഛായാഗ്രഹകനായ സാലിപാലോടിലേക്കും സഹായി മല്ലന്‍കാണിയിലേക്കുമാണ്.


കല്ലാനയെകുറിച്ചുള്ള കേരള വനംവകുപ്പിന്റെ ഔദ്യോഗികമതത്തെ കുറിച്ച് ചോദിച്ചാല്‍ ഫോട്ടോഗ്രാഫര്‍ എന്തിന് സ്വന്തം കണ്ണിനെയും കാമറയെയും അവിശ്വസിക്കണം എന്നാണ്  സാലി പാലോട് മറുചോദ്യമുന്നയിക്കുക. കാമറയുണ്ടെന്ന് വെച്ച് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാനാവില്ലല്ലൊ. കണ്ണുറച്ചിടത്താണ് കാമറ മിഴി തുറക്കുന്നത്.

കല്ലാനയെ കണ്ടെത്തുന്നതില്‍ സാലിയെ സഹായിച്ച ആദിവാസി വിഭാഗക്കാരനായ മല്ലന്‍ കാണി ഉയര്‍ത്തുന്ന ചോദ്യവും മറ്റൊന്നല്ല. ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികളെക്കാള്‍, വനം കാണാതെ പരീക്ഷണശാലയുടെ ചില്ലുമേടകള്‍ക്കുള്ളിലിരുന്നു സെല്ലുകളില്‍ മൈക്രോനോട്ടം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും അധികാരികള്‍ക്കുമാണോ കൃത്യമായ ഉത്തരം പറയാനാവുകയെന്ന മല്ലന്‍കാണിയുടെ ചോദ്യത്തിന് നല്ല മൂര്‍ച്ചയുണ്ടുതാനും.      

സഹ്യമലനിരകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും 'തുമ്പി'യെപോലെ പാഞ്ഞുനടക്കുന്ന 'കല്ലാന' ഒരു ആദിവാസി വാമൊഴിക്കഥയല്ലെന്നും സാധാരണ ആനകളില്‍നിന്ന് വ്യത്യസ്തമായ കുള്ളനാനവര്‍ഗമാണെന്നും ഉറച്ചുവിശ്വസിക്കാന്‍ ഇരുവരും ആധാരമാക്കുന്നത് തങ്ങളുടെ കണ്ണുകളെ തന്നെയാണ്.

സാലിയുടെ കാമറാഫ്രെയിമിലേക്ക് ഓടിക്കയറിയത് സാധാരണ ആനവര്‍ഗത്തില്‍പെട്ട ഒരു കുള്ളനാനയൊ, അല്ലെങ്കില്‍ ഒരു ആനക്കുട്ടിയൊ ആയിരിക്കാമെന്ന വനംവകുപ്പിന്റെയും ശാസ്ത്രലോകത്തിന്റെയും വിധിതീര്‍പ്പിനെതിരെ അഞ്ചുവര്‍ഷത്തിനുശേഷവും ഇതേ മലനിരകളില്‍നിന്ന് കൂടുതല്‍ 'കല്ലാനച്ചിത്രങ്ങള്‍' പകര്‍ത്തി സാലിയുടെയും സംഘത്തിന്റെയും പോരാട്ടം തുടരുകയാണ്.


തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള കേരള വനവികസന കോര്‍പ്പറേഷന്റെ അടിപ്പറമ്പ് മേഖലയില്‍നിന്ന് 2005 ജനുവരി 12നാണ് കല്ലാനയുടെ ചിത്രം ആദ്യമായി സാലി പകര്‍ത്തുന്നത്. ഓടിനടക്കുന്ന ആനയുടെയും ചത്തുപുഴുവരിച്ചുകിടക്കുന്ന ആനയുടെയും ചിത്രങ്ങള്‍ പത്രങ്ങളിലൂടെ പുറംലോകത്തെത്തിയപ്പോള്‍ മുതല്‍ വിവാദങ്ങളും തുടങ്ങുകയായിരുന്നു. ആഫ്രിക്കയുടെ മദ്ധ്യ പടിഞ്ഞാറന്‍ മേഖലയിലെ കോംഗോ മഴക്കാടുകളിലും ബോര്‍ണിയോ പ്രദേശത്തും മാത്രം അവശേഷിക്കുന്നതെന്ന് കരുതുന്ന പിഗ്മി എലിഫന്റുകള്‍ കേരളത്തിലുണ്ടെന്ന് തീര്‍ച്ചപ്പെടുന്നത് പലര്‍ക്കും ഇഷ്ടമല്ലാത്തതുപോലെ.


ജന്തുശാസ്ത്രലോകമെങ്കിലും അന്വേഷണത്തിനും പഠനത്തിനും തയ്യാറാകുമെന്ന പ്രതീക്ഷയോടെയാണ് സാലി ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ കേട്ടപാടെ തള്ളിക്കളയുന്ന സമീപനമാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുണ്ടായത്.

അതെസമയം മാധ്യമങ്ങളും പ്രകൃതിനിരീക്ഷകരും ഈ കണ്ടെത്തലിനെ കൊണ്ടാടുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വനം-വന്യജീവി മാഗസിനായ 'സാങ്ച്വറി ഏഷ്യ' സംഭവത്തെ കവര്‍ സ്റ്റോറിയാക്കി അവതരിപ്പിച്ചത് 'വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാവുന്ന ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന വിസ്മയാവഹമായ ഒരു കണ്ടെത്തല്‍' എന്ന വിശേഷണത്തോടെയാണ്. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ സമ്മര്‍ദ്ദംമൂലമാകണം ഒടുവില്‍ വനംവകുപ്പ് പേരിനൊരു അന്വേഷണത്തിന് തയ്യാറായി. പേപ്പാറ വന്യജീവിസങ്കേതത്തിലും പേപ്പാറയോടു ചേര്‍ന്നുള്ള നെയ്യാര്‍, അഗസ്ത്യവനം മേഖലകളിലും പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നെയ്യാര്‍ വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ വാര്‍ഡന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘം നിയോഗിക്കപ്പെട്ടു. എങ്ങുമെത്താതെ ആ ദൌത്യം ഒടുങ്ങുകയായിരുന്നിട്ടും തുടരന്വേഷണത്തിനൊ പഠനത്തിനൊ പുതിയ ശ്രമങ്ങളൊന്നുമുണ്ടായില്ല.

തുടര്‍ന്ന് ഘനീഭവിച്ച മൌനത്തെ ഉടച്ചാണ്, അഞ്ചു വര്‍ഷത്തിനിപ്പുറം, 2010 മാര്‍ച്ച് 17ന് വീണ്ടും കല്ലാന സാലിയുടെ ഫ്രെയിമിലേക്ക് ഓടിക്കയറി കലമ്പല്‍കൂട്ടിയത്. മാര്‍ച്ച് 17 ബുധനാഴ്ച ഉച്ച നേരത്ത്, പേപ്പാറ വന്യജീവി സങ്കേതത്തിലെ മാറകപ്പാറ എന്ന ഭാഗത്ത്, ഒരു ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയതാകട്ടെ ഒരുഗ്രന്‍ കൊമ്പനാന തന്നെയായിരുന്നു. അപ്പോഴാണ് ആദ്യതവണ തനിക്ക് കിട്ടിയത് പിടിയാന ചിത്രങ്ങളായിരുന്നല്ലൊ എന്ന് സാലി ഓര്‍ക്കുന്നത്. ഏറെ പ്രായംചെന്നതെന്ന് കണ്ടമാത്രയില്‍ തോന്നിപ്പിച്ച കൊമ്പനാന, കല്ലാന 'മിത്താ'ണെന്ന ധാരണയെ പൊളിക്കാന്‍ തക്ക തലയെടുപ്പുള്ള കുള്ളനാന തന്നെയായിരുന്നു. ഇതോടെ കല്ലാനയെകുറിച്ചുള്ള വിചാരങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു.


തിരുവനന്തപുരംജില്ലയുടെ തെക്ക് കിഴക്കുഭാഗത്തായി 53 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പേപ്പാറ വന്യജീവിസങ്കേതവും തൊട്ടുചേര്‍ന്നുള്ള അഗസ്ത്യാര്‍കൂടം ജൈവോദ്യോനവും അത്യപൂര്‍വ ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും സമ്പുഷ്ടജൈവമേഖലയാണ്. സൂക്ഷ്മപ്രാണികളടക്കം നിരവധി അപൂര്‍വവര്‍ഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. അങ്ങിനെയൊരിടത്ത് പിഗ്മി എലിഫന്റുകളുടെ സാധ്യതയെ എന്തിന് സംശയിക്കണം എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. അഗസ്ത്യാര്‍കൂടം, അതിരുമല, പൊടിയം, ചാത്തന്‍കോട് ഭാഗങ്ങളിലെ കാണിക്കാരും വനപാലകരും കല്ലാനയുടെ സാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കല്ലാനയുടെ കൂട്ടങ്ങളെ തന്നെ കണ്ടിട്ടുള്ളവരാണ് ഇവരൊക്കെയും. സഹ്യവനമേഖലകളിലുള്ള ആദിവാസിവിഭാഗങ്ങള്‍ രണ്ടുതരം ആനവര്‍ഗങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത്തരത്തിലൊരു വര്‍ഗീകരണം നേരില്‍ കണ്ടുമനസിലാക്കിയ പ്രകടമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് താനും.


തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ആദിവാസിവിഭാഗമാണ് കാണിക്കാര്‍. പശ്ചിമഘട്ട വനാന്തരങ്ങളാണ് ഇവരുടെ ആവാസ മേഖല. പേപ്പാറ വന്യജീവിസങ്കേതത്തിനുള്ളിലാവട്ടെ 13 ആദിവാസി സെറ്റില്‍മെന്റ് കോളനികളിലായാണ് ഇവര്‍ താമസിക്കുന്നത്. സാലി പാലോടിന്റെ വനം-വന്യജീവി ഛായാഗ്രഹണ സപര്യയില്‍ 23വര്‍ഷമായി സഹചാരിയും സഹായിയുമായ മല്ലന്‍കാണി ഈ വിഭാഗക്കാരനാണ്. വിതുരക്ക് സമീപം ചാത്തന്‍കോട് കോളനിയാണ് മല്ലന്‍കാണിയുടെ സ്വദേശം. വനത്തെയും വന്യജീവികളെയും കുറിച്ചുള്ള അറിവുകളില്‍ പ്രകൃതിനിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിജ്ഞാനകോശമാണ് മല്ലന്‍കാണിയും അച്ഛന്‍ ഭഗവാന്‍കാണിയും. ആദിവാസി അറിവുകള്‍ തലമുറകളായി പകര്‍ന്നുകിട്ടിയത് അന്വേഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ മടികാണിക്കാറില്ലാത്ത ഇവരില്‍ ഭഗവാന്‍കാണി ഒരു വര്‍ഷം മുമ്പ് ഒരു മലവെള്ള പാച്ചിലില്‍പെട്ട് മരിച്ചുപോയി.


തങ്ങളുടെ ആവാസകേന്ദ്രമായ വനത്തെകുറിച്ച് ആദിവാസികളില്‍ രൂഢമൂലമായ വിശ്വാസങ്ങളേറെയാണെന്ന് മല്ലന്‍കാണി പറയുന്നു. ഈ വിശ്വാസങ്ങളില്‍ പലതും യുക്തിഭദ്രമാണെന്ന് പലപ്പോഴും അനുഭവങ്ങളില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സാലി. ആവാസമേഖലയുടെ പ്രതികൂലാവസ്ഥകളോടുപോലും ഇണങ്ങി രമ്യമായി ജീവിക്കാന്‍ ഇവരെ സഹായിക്കുന്നത് ഇത്തരം വിശ്വാസങ്ങളാണ്. അത്തരത്തില്‍ ചിലതാണ് ആനകളെകുറിച്ചുള്ളതും. രണ്ടുതരം ആനകളുണ്ടെന്നാണ് മുതുമുത്തപ്പന്മാര്‍മുതലുള്ള തങ്ങളുടെ വിശ്വാസമെന്ന് മല്ലന്‍കാണി പറയുന്നു.

കല്ലു പോലൊരാന, തുമ്പി പോലെയും..............

സാലി പാലോടിന്റെ കാമറാക്കണ്ണുകള്‍ വിസ്മയത്തോടെ തുറന്നടഞ്ഞ അഞ്ചുവര്‍ഷം മുമ്പത്തെ ആ 'ആന'നേട്ടത്തിന്റെ കഥ അക്കാലത്ത് മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍ ഇങ്ങിനെയും ഒരു തലക്കെട്ടുണ്ടായിരുന്നു; കല്ലു പോലൊരാന, തുമ്പി പോലെയും. പാറക്കെട്ടിലൂടെയും കുന്നിന്‍ചരിവുകളിലൂടെയും അതിവേഗത്തില്‍ പറക്കുന്നത്പോലെ പായുന്നതുകൊണ്ടാണ് കല്ലാനയെ 'തുമ്പിയാന'യെന്ന് വിളിക്കുന്നത്. ഉയര്‍ന്ന പാറക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് 'കല്ലാന'യെന്ന പേരിന് കാരണമത്രെ.

സാധാരണ വര്‍ഗത്തില്‍ പെട്ട ആനകള്‍ക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കുട്ടങ്ങളിലൂടെയും മറ്റും അതിവേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവ്. സാദാവര്‍ഗത്തില്‍പെട്ട ഒരു കുട്ടിയാനയുടെ വലിപ്പമാണ് കുള്ളനാനകള്‍ക്കെങ്കിലും പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. നല്ല പ്രായമെത്തിയ ഒരാനക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകും. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 മുതല്‍ 8.1 വരെയാണെന്നിരിക്കെ ഇതുതന്നെ പ്രകടമായ വലിയ വ്യത്യാസമാണ്. ഒടുവില്‍ കണ്ട, പ്രായം ചെന്നതെന്ന് തോന്നിപ്പിച്ച കല്ലാനക്ക് പോലും അഞ്ചടിയില്‍ കൂടുതല്‍ ഉയരം മതിക്കാനായില്ലെന്ന് സാലി പറഞ്ഞു.

വിദൂര കാഴ്ചയില്‍ ആനക്കുട്ടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തുകണ്ടാല്‍ ആ ധാരണ മാറും. ആനക്കുട്ടികളില്‍ പതിവായ മസ്തിഷ്ക ഭാഗത്തെ നീളമുള്ള ഇളംരോമങ്ങള്‍ ഇവയില്‍ കാണില്ല. ആനക്കുട്ടികളുടേത് മിനുസമാര്‍ന്ന ദേഹമാണെങ്കില്‍ കുള്ളനാനകളുടേത് മൂപ്പെത്തിയ സാധാരണ ആനകളുടേതായിരിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരൊത്ത ആനയുടേതുപോലെ തന്നെ നല്ല ഉറപ്പും ആകൃതിയുമുണ്ടാകും നെറ്റിത്തടത്തിന്. പ്രായപൂര്‍ത്തിയെത്തിയ സാധാരണ ആനയുടെപോലെ തന്നെ മടക്കുകളും ഉറപ്പും ആകൃതിയുമുള്ള കുള്ളനാനകളുടെ ചെവികള്‍ക്ക് നല്ല വലിപ്പവുമുണ്ടാകും.

പാദങ്ങള്‍ വലിയൊരു ആനയുടേതുപോലെ ഉറച്ചതും മൂപ്പെത്തിയതുമാണെങ്കിലും പാഡ്മാര്‍ക്കിന്റെ പരമാവധി വലിപ്പം ഒരു പേനയുടെ നീളത്തോളമെ വരൂ. വാലിന് സാധാരണ ആനയുടേതിനെക്കാള്‍ നീളമുണ്ടാവും. ആദ്യതവണ ചരിഞ്ഞ നിലയില്‍ കണ്ട കല്ലാനയുടെ അകിട് പ്രസവിച്ച ആനയുടേതുപോലെയായിരുന്നു. കുട്ടിയെ പാലൂട്ടിയവിധം മുലഞ്ഞെട്ട് നീണ്ടിട്ടുണ്ടായിരുന്നു. ഇത്തരമൊരു ആനയെ ആനക്കുട്ടിയെന്ന് വിളിക്കുന്നതെങ്ങിനെ എന്ന് സാലിയും മല്ലനും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. അതിന്റെ പാദങ്ങളുടെ ഉള്‍ഭാഗമാകട്ടെ മൂപ്പെത്തിയ ഒരു വലിയ ആനയുടേത് പോലെ വളര്‍ച്ചമുറ്റിയതും വരണ്ടതും വിണ്ടുകീറിയതുമായിരുന്നു.


ഒടുവില്‍ കണ്ട കുള്ളന്‍ കൊമ്പനാന പ്രായം ചെന്നതും വാരിയെല്ല് തെളിഞ്ഞ് തുടങ്ങിയതുമായിരുന്നു. കുള്ളനാനക്ക് ഇണങ്ങിയ കൊമ്പുമായി നിന്ന ആ കൊമ്പന്‍ ഒരു ആനക്കുട്ടിയാണെന്ന് പറയാന്‍ ആനവലിപ്പത്തോളം തന്നെ അജ്ഞത വേണമെന്ന് സാലി. രണ്ടു പതിറ്റാണ്ടിലേറെയായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പലതരം കാട്ടാനകളെ കണ്ടും കാമറയില്‍ പകര്‍ത്തിയും മനസില്‍ പതിഞ്ഞുകിടക്കുന്ന അറിവടയാളങ്ങള്‍ കൊണ്ടു തന്നെ ഒരു കുട്ടിക്കൊമ്പനെ കണ്ടാല്‍ തനിക്ക് നിഷ്പ്രയാസം തിരിച്ചറിയാനാവുമെന്നും സാലി. കുട്ടിക്കൊമ്പന്റെ കൊമ്പുകള്‍ വളരെ ചെറുതും അല്‍പം ഉയര്‍ന്ന് രണ്ട് ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നതുമായിരിക്കും. വളരുന്നതിനനുസരിച്ചാണ് കൊമ്പ് താഴേക്ക് നീണ്ട് ഭംഗിയുള്ളതാവുക. എന്നാല്‍ കൊമ്പന്‍ കല്ലാനയുടേത് താഴേക്ക് നീണ്ട് വളര്‍ച്ചയെത്തിയ നിലയിലുള്ള കൊമ്പുകളായിരുന്നു.


സാധാരണ ആനകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള വളരെ ഉയര്‍ന്ന ഭാഗത്തെ ഒരു കുന്നിന്‍ചരുവില്‍വെച്ചാണ് സാലി ആദ്യമായി കല്ലാനയെ കണ്ടത്. വനത്തിനുള്ളില്‍ സ്ഥിരതാമസക്കാരായ ആദിവാസികള്‍ക്കുപോലും നന്നെ അപൂര്‍വ്വമായി മാത്രമേ ഇവയെ കാണാന്‍ കഴിയാറുള്ളൂവെന്ന് മല്ലന്‍കാണി. അതുകൊണ്ട് തന്നെ 'കല്ലാന'കളെ കണ്ടെത്താന്‍ വനത്തിനുള്ളില്‍ ദിവസങ്ങളോളം താമസിക്കേണ്ടിവരും. കല്ലാന മിത്തോ യാഥാര്‍ഥ്യമൊ എന്ന് നെല്ലും പതിരും തിരിക്കാന്‍ ഭൌതിക തെളിവുകളുടെ ശേഖരണത്തിന് വനംവകുപ്പും ശാസ്ത്രലോകവും തുനിഞ്ഞിറങ്ങിയാല്‍ നടക്കാവുന്നതെയുള്ളൂ. അതിനായി കുറച്ചുദിവസം വനത്തിനുള്ളില്‍ തങ്ങണം. അങ്ങിനെ കുറച്ചു ബുദ്ധിമുട്ട് സഹിച്ചിട്ടുപോരെ നെല്ലിനെ പതിരാക്കാനെന്നാണ് സാലിയുടെ ചോദ്യം.


(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം: 17, ജൂലൈ 3-9, 201)

2 comments:

  • March 17, 2012 at 11:47 AM

    It is one of nature’s adjustments to dwarf everything living in lofty mountain ranges. There the trees, plants, grass and elephants are dwarfed, to suit nature. Pygmy elephants are not at all a myth. They exist and roam free in many parts of the world. But, as a rule, they habitate only the higher mountainous forests. In the Sahya Mountain Ranges also they exist. The Kerala Forest Department officials are jealous of others discovering them in areas which they think are their monopoly. Here there is not anymore any hope for any of those haughty officials to secure credit or a promotion for identifying the pygmy elephants and establishing their existence. In a way it is very good for these elephants not to be disturbed by these greedy and profit-eyed officers. They can live peacefully a few more years. Leave these pygmies alone and do not expose them too much to people who see elephants as two very valuable tusks and four prospectful legs. A few years back a few vigilant citizens investigated the death of an elephant inside the forest near Kallar. When the People's Vigilenz reached there, the body had been half burnt by these authorities. It died from electrocution from low hanging electrical lines in the forest. Some ten sacks of sugar and nearly a hundred litres of petrol had been issued by the department which all had vanished. The elephant was cremated the ordinary way, the usual department style, half burnt. Also it shall never be forgotten that this dead elephant had no legs. It is no secret that many star hotels in the great cities then had fancy waste paper boxes mounted on stuffed elephant legs. Are these pygmy elephants safe with this kind of officials and media exposure. Leave them alone and allow them to live and roam our [their] forests for a few more years. This is a timely article, with good and evidential photos. But a good wild life photographer shall never digital mark his photos. There is only one use for this digital marking of photographs. If authorities interfere with these elephants and they become extinct in this part of our world, everyone can know whom to blame.

Post a Comment