17 November, 2011

സ്മൃതി ഭ്രംശം

0

നീ വിളമ്പിയ ചോറാല്‍ ഞാനെന്‍റെ പശിയടക്കെ,
നീലവാനം കാണാതെ ഉഴറിയ മിഴികളില്‍ കനലടക്കെ,
പെറ്റമ്മതന്‍ കണ്ണുനീരിന്‍ ഉപ്പളന്നില്ല.
പോറ്റമ്മതന്‍ നെടുവീര്‍പ്പിന്‍റെ  പൊരുളറിഞ്ഞില്ല.
പുത്രരെ പാപഭാരം ചുമപ്പിചൊരച്ഛന്‍റെ  വ്യഥ അറിഞ്ഞില്ല 
ഒരു നിമിഷമെങ്കിലും.
ആഴ്ന്നു പോയതൊരു മന്ദസ്മിതത്തില്‍ 
ആണ്ടു പോയതൊരു മാതൃ സ്മ്രിതിയില്‍.
മനമുരുകി അവളൊഴുക്കിയ കണ്ണുനീര്‍ പുഴയിറമ്പില്‍
വ്യഥ എന്തെന്നറിയാതെ നിന്ന കാലം.
ഞാന്‍ പഠിക്കാത്ത പാഠം, ദുഃഖം
നിഴല്‍ മൂടി നില്‍ക്കുന്നു വീഥിയില്‍.
ഇന്ന് നീ വിളമ്പിയൊരിത്തിരി ചോറും കാച്ചിയ മോരും 
നല്‍കുന്ന ഭിക്ഷ, മാതാവിന്‍റെ വാത്സല്യം ഓര്‍മ്മ.

വൈതരണിയിലേക്ക് ഞാന്‍ തിരിഞ്ഞു നടക്കുന്നു.
വൈകുണ്ഡം  മറക്കുന്നു.
ഇന്നീ രുചി കൊണ്ട് നീ എന്നെ വീണ്ടും 
കര്‍മ ബന്ധങ്ങളില്‍ കുടുക്കുന്നു.
ചേച്ചി എന്ന് ഞാന്‍ വിളിക്കിലും മാതൃത്വം 
വാക്കിലും നോക്കിലും വഴിയുന്നു.

കാലം വിളക്കായ്‌ എരിഞ്ഞെന്‍റെ  കൌമാരം 
കൌതൂഹലം നിറഞ്ഞൊഴുകാന്‍ തുടങ്ങവേ,
പടിയിറങ്ങിപ്പോയ് മാതാവൊരു സന്ധ്യയില്‍ 
പടിഞ്ഞാറു ചാഞ്ഞ് പോയ്‌ നല്ല വാക്കുകള്‍. 
തെളിവാര്‍ന്നുണര്‍ന്ന സൂര്യന്‍ സ്വയം 
കരിമേഘ മറയില്‍ മുഖമമര്‍ത്തി
കഥയറിയാതെ കുഞ്ഞനുജനും ഞാനും 
കഥാപാത്രങ്ങള്‍ ആയ് കാണികള്‍ക്ക്.

പിന്നെ നെടുവീര്‍പ്പിന്‍റെ നീണ്ടകാലം 
ചോദ്യ ശരങ്ങളാല്‍ കുത്തി നോവിച്ച പുരുഷാരം.
ഒടുവില്‍ ഇന്നോളം വരെ ഉണങ്ങാത്ത മുറിവും 
അതീ വഴിക്കല്ലില്‍ തട്ടി അടര്‍ന്നോലിക്കുന്ന ചലവും.
പഥികന്‍റെ ഭാണ്ഡം, പ്രാണന് പരമ പീഡനം.  
ഏറ്റു വാങ്ങുന്നു ഇരു കരങ്ങളാല്‍ 
ഈ  നീച ലോകത്തിന്‍റെ ധാഷ്ട്യം.

അല്‍പ്പാല്‍പം ഓരോ സ്മൃതികള്‍ ഉണര്‍ത്തി
കാരുണ്യത്തിന്‍റെ അമ്രിതൂട്ടി,
എന്നെ ഈ വിധം പ്രഥമ ഭാഗത്തിന്‍റെ 
പന്തലോളം നീ നടത്തി.
നീ വിണ്ടു പോകും സ്വകാര്യ സുഖ ദുഃഖങ്ങള്‍ തന്‍ 
ഭണ്ടാര ശാലയിലേക്ക് .
അപ്പൊഴും ഞാന്‍ എന്‍റെ നീറും വൃണത്തിന്‍റെ 
ചലമൊപ്പിയും ഓര്‍ത്തുമിരിക്കും.


KARNAN.S
Madathara


0 comments:

Post a Comment