29 June, 2013

ഇരട്ടവാഴക്കൃഷിയിലൂടെ ഇരട്ടിലാഭം

0

വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യുന്ന വിളയാണ് നേന്ത്രവാഴ. തുറസ്സായ സ്ഥലവും വെള്ളവും കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാവുന്ന രീതിയാണ് ഇരട്ടവാഴക്കൃഷി. ഒരുകുഴിയില്‍ രണ്ട് കന്നുനട്ടാല്‍ അത് ഇരട്ടവാഴയായി. സാധാരണഗതിയില്‍ നല്‍കുന്ന ഇടയകലം ഇരട്ടവാഴക്കൃഷിയില്‍ തികയില്ല. വരികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലവും കുഴികള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലവും നല്കിയാല്‍ ഇരട്ടവാഴക്കൃഷി വിജയമാകും.

കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി വലിപ്പമുള്ള കുഴികളാണ് നടാനായി തയ്യാറാക്കേണ്ടത്. കുഴിയൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ ആദ്യംതന്നെ ചേര്‍ക്കണം. കുഴി നനച്ചതിനുശേഷം മാത്രമേ കുമ്മായവസ്തുക്കള്‍ ചേര്‍ക്കാവൂ. ഇനി ഉണങ്ങിയ ചാണകപ്പൊടിയുടെ ഊഴമാണ്. 15 കിലോഗ്രാം ചാണകപ്പൊടിയെങ്കിലും കുഴിയില്‍ചേര്‍ക്കണം. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള അസോസ്‌പൈറില്ലം 50 ഗ്രാം കുഴിയൊന്നിന് ചേര്‍ക്കാം. മേല്‍മണ്ണ് ചേര്‍ത്ത് കുഴിയില്‍ത്തന്നെ ഒരടി അകലത്തിലായി കന്നുകള്‍ നടാന്‍ ശ്രദ്ധിക്കണം.

നട്ട് ഒരുമാസം കഴിഞ്ഞാല്‍ രാസവളങ്ങള്‍ ചേര്‍ക്കാം. വാഴച്ചുവട്ടില്‍നിന്ന് രണ്ടരയടി അകലത്തില്‍ ഒരു വലയമായി വേണം രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കാന്‍. വാഴയുടെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് അടുത്തുതന്നെയായതിനാല്‍ വളരെ ആഴത്തില്‍ വളമിടേണ്ട കാര്യമില്ല. വളംചേര്‍ക്കുന്ന സമയത്ത് മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നട്ട് ഒരുമാസം കഴിഞ്ഞ് കുഴിയൊന്നിന് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷുമാണ് നല്‍കേണ്ടത്. രണ്ടുമാസം കഴിഞ്ഞ് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും വിതറിക്കൊടുക്കാം. മൂന്നാംമാസത്തില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും 350 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കണം. നാലും അഞ്ചും മാസത്തെ ഇടവേളകളില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും മാത്രം മതി. കുലവിരിഞ്ഞശേഷം 150 ഗ്രാം യൂറിയയും 300 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുന്നത് കുലയുടെ തൂക്കംകൂട്ടുന്നതായി കണ്ടിട്ടുണ്ട്.

കുല വരുന്നതുവരെ കന്നുകള്‍ നീക്കംചെയ്യണം. മാതൃവാഴയ്ക്ക് ദോഷം വരാത്തരീതിയില്‍ കന്നുകള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ വാഴത്തോട്ടം നനയ്ക്കാം.

വാഴക്കവിളില്‍ ബാര്‍സോപ്പ് ചീളുകള്‍ വെക്കുന്നത് തടതുരപ്പന്‍ വണ്ടിനെ പ്രതിരോധിക്കാന്‍ നന്ന്. സ്യൂഡോമോണസ് 20 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴക്കവിളില്‍ ഒഴിച്ചുകൊടുത്ത് കുമിള്‍രോഗങ്ങളെ ചെറുക്കാം. കുലവിരിഞ്ഞുകഴിഞ്ഞാല്‍ കുടപ്പന്‍ ഒടിച്ചെടുക്കണം. കുലകള്‍ പകുതി മൂപ്പെത്തിയശേഷം ഉണങ്ങിയ വാഴയില കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടിയാല്‍ കായയ്ക്ക് നല്ലനിറവും പുഷ്ടിയും കിട്ടും.

ഇരട്ടവാഴക്കൃഷികൊണ്ട് നേട്ടങ്ങള്‍ പലതാണ്. 10 സെന്റ് സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ 100 കുഴി എടുക്കണമെങ്കില്‍ ഇരട്ടവാഴക്കൃഷിയില്‍ 67 കുഴി മതി. കുഴിയുടെ എണ്ണത്തില്‍ മാത്രമല്ല കൃഷിപ്പണി ചുരുക്കാനും നല്ലത് ഇരട്ടവാഴ തന്നെ. തൊഴിലാളിക്ഷാമം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇരട്ടവാഴയ്ക്ക് കഴിയും. വെള്ളത്തിന്റെ അപര്യാപ്തത ഇരട്ടവാഴക്കൃഷിയില്‍ പ്രകടമല്ല. വളത്തിന്റെയും വെള്ളത്തിന്റെയും അളവും ഒപ്പം കൃഷിച്ചെലവും കുറയ്ക്കാന്‍ ഇരട്ടവാഴക്കൃഷി തന്നെയാണ് നല്ലത്.

ഇടയകലം കൂടുതലായതിനാല്‍ ഇടവിളക്കൃഷിയില്‍ നിന്നുള്ള ആദായവും കൂടും. ചീരയും വെള്ളരിയും പയറും ചേമ്പുമാണ് ഇരട്ടവാഴയിലെ ആദായകരമായ ഇടവിളക്കാരികള്‍. എല്ലാത്തിനുമുപരി ഒരു കുഴിയില്‍നിന്ന് 12 കിലോഗ്രാം ഭാരമുള്ള വാഴക്കുല ലഭിക്കുന്ന സ്ഥാനത്ത് ഇരട്ടവാഴക്കൃഷിയില്‍ ശരാശരി 23 കിലോഗ്രാം ലഭിക്കുന്നതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെ നോക്കിയാലും ഇരട്ടവാഴക്കൃഷി ഒരു ചുവട് മുന്നില്‍ത്തന്നെ.


വീണാറാണി ആര്‍.

0 comments:

Post a Comment