04 June, 2013

പഠിക്കാം ഈ ജലമാതൃക - അനില്‍ അക്കര

0

രണ്ടായിരത്തില്‍ തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ ഞങ്ങളുടെ ഭരണസമിതി ചുമതലയേറ്റ ശേഷം ആദ്യം ചെയ്തതു പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്നു കണ്ടെത്താന്‍ ഒാരോ വീട്ടിലും പോയി സര്‍വേ നടത്തുകയാണ്. ശുദ്ധജലമാണ് ഏറ്റവും വലിയ പ്രശ്നമെന്നു കണ്ടെത്തി. അന്നു പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളമാണു വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തിരുന്നത്. വേണ്ടിയിരുന്നത് 20 ലക്ഷം ലീറ്ററും. വാട്ടര്‍ അതോറിറ്റി വിചാരിച്ചാല്‍ അടുത്തകാലത്തൊന്നും ഇതു നടപ്പാകില്ലെന്നും മനസ്സിലാക്കി. പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളം പമ്പുചെയ്യണമെങ്കില്‍ എന്തുവേണമെന്ന് ആദ്യം നോക്കി. വലിയൊരു കുളമുണ്ടെങ്കില്‍ ഈ വെള്ളം കിട്ടാവുന്നതേയുള്ളു. പക്ഷേ, അതു വെറും കുളമാകരുത്. മഴക്കാലത്തു വെള്ളം ശേഖരിക്കുന്ന ജലസംഭരണിപോലുള്ള കുളമാകണം. 

ഇതിനു പണം കണ്ടെത്തുക എളുപ്പമല്ല. പഞ്ചായത്തിന്റെ വികസന ഫണ്ട് ചെലവഴിക്കേണ്ടതിനു വകതിരിച്ചിട്ടുണ്ട്. റോഡിന്, തോടിന്, കൃഷിക്ക്, വെള്ളത്തിന് എന്നിങ്ങനെ. ഞങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു ഫണ്ട് മുഴുവന്‍ മൂന്നുവര്‍ഷത്തേക്കു കുടിവെള്ളത്തിനു മാത്രമായി ചെലവാക്കാന്‍ അനുമതി ചോദിച്ചു. ആദ്യമൊന്നും നടന്നില്ലെങ്കിലും കാര്യം ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. മൂന്നുവര്‍ഷവും റോഡ് അറ്റകുറ്റപ്പണിക്കല്ലാതെ ഒരു വലിയ പദ്ധതിക്കും പണം ചെലവാക്കേണ്ട എന്നു തീരുമാനിച്ചു. 

ആദ്യഘട്ടത്തില്‍ രണ്ടായിരം വീടുകള്‍ക്കായിരുന്നു അത്യാവശ്യമായി കുടിവെള്ളം വേണ്ടത്. ഒാരോ വീട്ടുകാരില്‍നിന്ന് 5000 രൂപവീതം പിരിച്ചു. വെള്ളംകിട്ടാന്‍ എത്രപണം വേണമെങ്കിലും തരാന്‍ ജനം തയാറായിരുന്നു. ഇതില്‍ രാഷ്ട്രീയമില്ലായിരുന്നു. അവരില്‍നിന്നു കിട്ടിയ 75 ലക്ഷം രൂപകൊണ്ടു ജോലി തുടങ്ങാന്‍ തീരുമാനിച്ചു.
പഞ്ചായത്തില്‍ മലിനമായി കിടന്നിരുന്നൊരു കനാലുണ്ട്. കൃഷിക്കു മാത്രമായിട്ടുള്ളതായിരുന്നു അത്. അതിന്റെ ഒന്നര കിലോമീറ്റര്‍ ദൂരം വൃത്തിയാക്കി ഇരുവശവും വെട്ടുകല്ലുകൊണ്ടു കെട്ടി. ഈ കനാലിന്റെ രണ്ടറ്റത്തുമായി രണ്ടുവലിയ കിണറുകള്‍ കുഴിച്ചു. കനാലിലെ വെള്ളം കല്ലിലൂടെയും മണ്ണിലൂടെയും കടന്ന് ഈ കിണറ്റിലെത്തും. 

അതില്‍ ഇരുമ്പിന്റെ അംശം ഉണ്ടെന്നു തിരിച്ചറിഞ്ഞു, സര്‍ക്കാര്‍തലത്തില്‍ ഇതു പരിഹരിക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്നൊന്നും നടക്കില്ലെന്നു മനസ്സിലായി. ചെന്നൈയില്‍ പോയി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍നിന്നു 15 ലക്ഷം രൂപയ്ക്കു മൂന്നു പ്ളാന്റുകള്‍ വാങ്ങി സ്ഥാപിച്ചു. അതോടെ 2000 വീട്ടിലും വെള്ളം എത്തിക്കാനായി. ജനങ്ങളില്‍നിന്നു പിരിച്ച ഫണ്ടും സര്‍ക്കാര്‍ വിഹിതവും ഉള്ളതിനാല്‍ അറ്റകുറ്റപ്പണിക്കായി രണ്ടുപേരെ നിയമിച്ചു. അതുകൊണ്ടുതന്നെ 24 മണിക്കൂറും പമ്പിങ് സ്റ്റേഷനില്‍ ആളുണ്ടാകും. 

പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്കു കണക്ഷന്‍ കൊടുത്തു. ഇപ്പോള്‍ 4000 വീടുകളിലേക്കു വെള്ളം കൊടുക്കുന്നുണ്ട്. kkകണക്ഷനുവേണ്ടി ഒരാള്‍ 7500 രൂപ അടയ്ക്കണം. ഇതും വെള്ളത്തിന്റെ വിലയും കിട്ടിയാല്‍ സുഖമായി ചെലവു നടത്തിപ്പോകാം. രാത്രി ഏഴുമുതല്‍ പത്തുവരെ വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പമ്പിങ് മുടങ്ങി. ഒരു ജനറേറ്റര്‍ വാടകയ്ക്ക് എടുത്തു. 5000 രൂപയായിരുന്നു പ്രതിദിന ചെലവ്. ഇതു കലക്ടറുടെ ഫണ്ടില്‍നിന്നു കിട്ടും. കാരണം, കുടിവെള്ളത്തിനു പ്രത്യേക ഫണ്ടുണ്ട്. വൈദ്യുതിപ്രശ്നം രൂക്ഷമാകുമെന്നുറപ്പായതോടെ ഞങ്ങള്‍ പുതിയൊരു ജനറേറ്റര്‍ വാങ്ങി.

അതോടെ വൈദ്യുതിയില്ലെങ്കിലും വെള്ളം മുടങ്ങില്ല എന്നുറപ്പായി. 25 വര്‍ഷത്തേക്കു ഞങ്ങളുടെ ഇപ്പോഴത്തെ പദ്ധതി തികയും. പമ്പിങ് മുടങ്ങാതിരിക്കാന്‍ രണ്ടു പമ്പുകള്‍ കരുതലായി സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായി അറ്റകുറ്റപ്പണിയും നടത്താം. വെള്ളം കയറാന്‍ പ്രയാസമുള്ള സ്ഥലത്തു കിണറുകളെ അടിസ്ഥാനമാക്കി ഏഴു ചെറുകിട പമ്പിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. 13 വര്‍ഷംമുന്‍പ് ആറുമാസത്തോളം ലോറിവെള്ളം കൊണ്ടുമാത്രം കുടിവെള്ളപ്രശ്നം പരിഹരിച്ചിരുന്ന അടാട്ട് 12 വര്‍ഷമായി ഒരു ലോറി കുടിവെള്ളംപോലും വിതരണം ചെയ്യേണ്ടിവന്നിട്ടില്ല. 

ദേശീയ ഭൂജലസംരക്ഷണ 
ദേശീയ അവാര്‍ഡും രണ്ടു സംസ്ഥാന അവാര്‍ഡും  നേടിയ അടാട്ട് 
ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും 
തൃശൂര്‍ ജില്ലാ പഞ്ചായത്തു വികസന 
സ്ഥിരംസമിതി ചെയര്‍മാനുമാണു ലേഖകന്‍
Courtesy- Malayalamanorama online

0 comments:

Post a Comment