അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ ചെറുമകന്‍ ഭരതന്നൂര്‍ ഷമീര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
അസനാര്‍പിളള സഖാവിനെ കുറിച്ച് എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടത് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ശ്രീ മുസാഫിര്‍ അഹമ്മദാണ്. ഫെയിസ്ബുക്കില്‍ കൂടിയുള്ള എന്റെ ചുരുക്കം ചില വിവരണങ്ങള്‍ അറിഞ്ഞപ്പോഴാഴായിരുന്നു അത്. അല്ലെങ്കില്‍തന്നെ എനിക്ക് എന്റെ ഉമ്മയുടെ ബാപ്പ കൂടിയായ അദ്ദേഹത്തെ കുറിച്ച് എഴുതണമെന്ന തോന്നല്‍ ശക്തമായിരുന്നു. 90 ാം വയസിലും ചുറുചുറുക്കോടെ എട്ട് മക്കളുടെയും അവരുടെ ആകെയുള്ള 21 ചെറുമക്കളുടെയും അവരുടെ 12 മക്കളുടെയും അങ്ങനെ 57 പേരടങ്ങുന്ന രക്തനാരുകളെയും അതിന്റെ എത്രയോ അധികം പെരുപ്പമുള്ള ബന്ധു വേരുകളെയും ഒരു തണല്‍പോലെ കാത്ത കാരണവര്‍. മരിക്കുന്നതിന്തൊട്ട് നാല് ദിവസം മുമ്പ് നടന്ന ചെറുകുട്ടിയുടെ വിവാഹം നടത്തിച്ചതും ആ വിവാഹത്തിന്റെ കാര്‍മികത്വം നിര്‍വഹിച്ചതും ആശുപത്രി കിടക്കയില്‍നിന്നുംവന്ന അദ്ദേഹമായിരുന്നു എന്ന്കൂടിയോര്‍ക്കുക. തന്റെ കുടുംബത്തിന് വേണ്ടി പെടാപ്പാട് പെട്ടതതോ വെട്ടി പിടിച്ച സമ്പത്തിന്റെയോ പേരിലല്ല അദ്ദേഹം ഞങ്ങളുടെ വീരനായകനല്ല എന്ന്കൂടി അറിയുക. അതെല്ലാം ഒരു കാരണവരുടെ കടമകളില്‍പ്പെടുന്നു. പക്ഷെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കാലത്തെ മുന്നണി പടയാളിയായിരുന്നു അദ്ദേഹം. മലയോര മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയത്തില്‍ എത്തി ചേര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുജനും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വെഞ്ഞാറമൂട് എ.എച്ച് ബാവയുടെ പ്രവര്‍ത്തനവും ആദര്‍ശവും അസനാര്‍പിള്ള ഉപ്പാപ്പായെ പതിയെ സ്വാധീനിച്ചു. ആദ്യകാലത്ത് അനുജനുമായുള്ള രാഷ്ട്രീയ സംവാദങ്ങളും എതിര്‍പ്പും എല്ലാം മഞ്ഞുപോലെ അലിഞ്ഞിറങ്ങി. അങ്ങനെ എന്റെ ഉപ്പാപ്പായും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. യാഥാസ്ഥികത്വ മത പൌ
രോഹിത്യങ്ങളെയും വലതുപക്ഷ രാഷ്ട്രീയക്കാരായ ബന്ധു ജനങ്ങളെയും സഹോദരന്‍മാരുടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ ചെറുത്ത്നില്‍പ്പുകളെ അതേ നാണയത്തില്‍ തിരിച്ചടിച്ച്കൊണ്ട് ഇരുവരും ചുവന്ന കൊടിയുമായി പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. അനുജന്‍ പാര്‍ട്ടി താലൂക്ക്, ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ജേഷ്ഠന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്നു. അതിന്റെ പിന്നിലൊരു കാരണവുമുണ്ടായിരുന്നു. കൂട്ട് കുടുംബങ്ങള്‍ പലതും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹായവും തുണയും ഒക്കെയായിരുന്നു. ജാതി മതഭേതമന്യെയും കക്ഷി രാഷ്ട്രീയവും നോക്കാതെയും ആ കാരുണ്യം വഴിഞ്ഞൊഴുകിയിരുന്നു. നാട്ടില്‍ പട്ടിണിയും പരിവട്ടവും രൂക്ഷമായിരുന്ന ആ കാലത്ത് പകലന്തിയോളം മലഞ്ചരക്ക്വ്യാപാരവും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനവും ആയി നാട്ടുകാരുടെയും തന്റെ വലിയ ബന്ധു ജനങ്ങളുടെയും പ്രിയപ്പെട്ടവന്‍ ആകുകയായിരുന്നു അസനാര്‍പിള്ള ഉപ്പാപ്പ. എന്റെ ഉപ്പാപ്പയോടുള്ള ആത്മര്‍ത്ഥമായ ഇഷ്ടം ഈ എഴുത്തില്‍ കടന്ന്കൂടി ഈ ലേഖനം അതിശയോക്തി ആകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയായാല്‍ അതിഷ്ടമാവാത്ത ഒരു മനസായിരുന്നു ഉപ്പയുടെതും. പക്ഷെ ഉപ്പ മറ്റുള്ളോര്‍ക്ക്വേണ്ടി ജീവിച്ച മഹാനായ ഒരു മനുഷ്യജന്മമായിരുന്നു. ആദ്യകാലത്ത് എതിര്‍ത്ത ബന്ധുക്കളില്‍ പലരെയും ഉപ്പയും അനുിജന്‍ ഹസന്‍ബാവ അവര്‍കളും ചേര്‍ന്ന് പതിയെ പതിയെ കമ്യൂണിസ്റ്റാക്കി. ആരെയും നിര്‍ബന്ധിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ട്വന്നതായിരുന്നലില്ല. പാവപ്പെട്ടവര്‍ക്ക്വേണ്ടി ഇവര്‍ ചെയ്യുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍, സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവര്‍ക്കൊപ്പം ഏത് പാതിരാത്രിയിലും ഇറങ്ങിത്തിരിക്കുന്ന മനസ്. തല്ലിയാല്‍ തിരിച്ച് തല്ലുന്ന ചങ്കൂറ്റം. പോലീസിന്‍െയും രാഷ്ട്രീയ ഗുണ്ടകളെയും വകവെച്ച് കൊടുക്കാത്ത പൌരുഷം. ഇരുവരുടെയും മക്കളും മരുമക്കളും ഒക്കെ കമ്യൂണിസ്റ്റായി. വീട് പാര്‍ട്ടി കാര്യങ്ങള്‍ക്കയായെത്തുന്ന വലിയ നേതാക്കളുടെ സന്ദര്‍ശന വേദിയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും സി.പി.എമ്മിനോടൊപ്പം നിലയുറപ്പിച്ചു. ഇതിനിടയില്‍ ഹസന്‍ബാവ ഉപ്പാടെ മകന്‍ എച്ച്.എ ഷറഫും എച്ച്.എ സലീമും വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലെത്തി. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍കൂടി എച്ച്. എ ഷറഫ് സംസ്ഥാന നേതൃത്വത്തിന്റെ മുന്‍നിരയിലെത്തി. അസനാര്‍പിള്ള ഉപ്പാടെ മകന്‍ സൈഫുദ്ധീന്‍ , മറ്റൊരു മകന്‍ ഹുസൈന്‍ എന്നിവര്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരായി. മരുമകന്‍ അബ്ദുല്‍ റഹുമാന്‍ നെടുമങ്ങാട് കേന്ദ്രീകരിച്ച് പാര്‍ട്ടി നേതാവായി മാറി. അസനാര്‍പിള്ള ഉപ്പാപ്പ വെമ്പായം തേക്കട മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. മുന്‍ എം.എല്‍.എ ബി. അരുന്ധതിയെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമാക്കിയത് ഉപ്പാപ്പയായിരുന്നു. എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റ് എന്നാണ് അവര്‍ ഉപ്പാപ്പ ജീവിച്ചിരിക്കുന്ന കാലത്ത് ഉപ്പാപ്പ കൂടി പങ്കെടുത്ത ഒരു പൊതുചടങ്ങില്‍ വിശേഷിപ്പിച്ചതും.
അടിയന്തിരാവസ്ഥ കാലത്താണ് ഉപ്പാപ്പമാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം നടന്നത്. ഹസന്‍ബാവ ഉപ്പ ഹൃദ്രോഗം പിടിപ്പെട്ട അവസരമായിരുന്നു അത്. കുടുംബങ്ങളിലെ പുരുഷന്‍മാരെല്ലാം ഒളിവില്‍. സ്ത്രീകളെല്ലാം ഒരുമിച്ച് കുടുംബവീടുകളില്‍. രാപ്പകലുകളിലെല്ലാം പോലീസിന്റെ ഇടിവണ്ടികള്‍ വന്നിരച്ചുനിന്നു. കമ്യൂണിസ്റ്റ്കാരെ കൈയ്യില്‍ കിട്ടിയാല്‍ കൊണ്ടുപോയി ഇടിച്ച് രക്തം കക്കിക്കുന്ന കാലം. എന്നിട്ടും തളരാതെ പിടിച്ച്നിന്നു എല്ലാവരും. ഒളിവില്‍പോയ പുരുഷന്‍മാര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കാന്‍ കുടുംബനാഥകള്‍ കഷ്ടപ്പെട്ടു. അപ്പോഴും മാറി നിന്ന് കമ്യ
ൂണിസ്റ്റായതിന്റെ പേരില്‍ പരിഹസിച്ചവരും ആക്ഷേപിച്ചവരും പോലീസിന് വിവരം നല്‍കിയവരും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങടെ ആണുങ്ങള്‍ കമ്യൂണിസ്റ്റായത് നാടിന് വേണ്ടിയാണ് അവരെ തച്ചുകൊന്നാല്‍ ഞങ്ങളിറങ്ങി ചുവന്ന കൊടി പിടിക്കും എന്ന് പറഞ്ഞ ധീരവനിത ശ്രീമതി ഖദീജാബീവിയായിരുന്നു. ശ്രീ ഹസന്‍ബാവ ഉപ്പാന്റെ ധര്‍മ്മപത്നി. അവര്‍ ഇപ്പോഴും വെഞ്ഞാറമൂട് കുടുംബവീട്ടിലുണ്ട്. പക്ഷെ ഹസന്‍ബാവ ഉപ്പാന്റെ മകന്‍ എച്ച്.എ ഷറഫിനെ അടിയന്തിരാവസ്ഥ വിരുദ്ധ പ്രകനത്തനിടെ തിരുവന്തപുരത്ത്വെച്ച് അറസ്റ്റ് ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ ഇന്‍ഡ്യയില്‍ ആദ്യമായുള്ള വിദ്യാര്‍ത്ഥ ിപ്രകടനമായിരുന്നു അത്. അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു എച്ച്. എ. ഷറഫ്. എം.എ ബേബി, ജി.സുധാകരന്‍, കോടിയേരി, എം.വിജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഷറഫിനും ക്രൂര മര്‍ദം നേരിട്ടു. ഇടിവണ്ടിയിലിട്ട് നാട് മുഴുവന്‍ കൊണ്ടുപോയി. ഈ സമയത്ത് പട്ടിണിയും പരിവട്ടത്തിലുമായ പ്രദേശത്തെ കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍ സഹായം എത്തിക്കാന്‍ ഒരു പരിധിവരെ അസനാര്‍പിളള ഉപ്പാപ്പാക്ക് കഴിഞ്ഞിരുന്നു.
ഒടുവില്‍ പ്രായം ചെന്നപ്പോള്‍ ഉപ്പാപ്പ അനുഭാവിയായി. എന്നാല്‍ അതാകട്ടെ അതിശക്തനായ അനുഭാവിയായും. കല്ല്യാണ വീടുകളിലും പൊതുചടങ്ങുകളിലും ഒക്കെ അദ്ദേഹം എത്തുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. അതേ സമയം ദൈവ വിശ്വാസി കൂടിയായ കമ്യൂണിസ്ററായിരുന്നു അദ്ദേഹം. അത്കൊണ്ട് പളളിയില്‍ പോയാലും രാഷ്ട്രീയം പറയാന്‍ മടിച്ചിരുന്നുമില്ല. നാട്ടുകാര്‍ അദ്ദേഹത്തെ 'വെഞ്ഞാറമൂടന്‍' എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. വെഞ്ഞാറമൂട്ടുകാരന്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും വൈകാരികമായ മാനസികാവസ്ഥയും അതേ സമയം അവസരോചിതമായ നര്‍മ്മബോധവും അദ്ദേഹത്തെ നയിച്ചിരുന്നു. അവസാന വേളകളില്‍പ്പോലും ആ നര്‍മ്മബോധം പ്രകടമായിരുന്നു. തിരുവനന്തപുരം എസ്.യു. ടി ആശുപത്രിയില്‍ 2012 ഏപ്രില്‍ 3 നായിരുന്നു ആ മഹത്തായ ജീവിതത്തിന് തിരശീല വീണത്. എല്ലാ മക്കളും മരുമക്കളും ചെറുമക്കളും അന്ത്യ വേളയില്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.അവര്‍ കലിമ ചൊല്ലിക്കൊടുത്തു. സംസം വെളളം കൊടുത്തു..ഫെയിസ്ബുക്കില്‍ മരണ വിവരം പോസ്റ്റ് ചെയ്തപ്പോള്‍ പ്രിയ സ്നേഹിതന്‍ കെ. എ സൈഫുദ്ധീന്‍ കുറിച്ചത് ഓര്‍ക്കുന്നു 'വെളിച്ചം മാഞ്ഞു..ഇനി നിഴലുകള്‍ മാത്രം..'
0 comments:
Post a Comment