04 January, 2012

പ്രണയ ഗ്രാമങ്ങള്‍

0


രജീഷ്.പി.രഘുനാഥ്/എം.കെ.കൂടാളി 

പക്വതയെത്താത്ത പ്രണയം പറയുന്നു:
'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
കാരണം, എനിക്ക് നിന്നെ ആവശ്യമുണ്ട്'
പക്വതയുള്ള പ്രണയം പറയുന്നു:
'എനിക്ക് നിന്നെ ആവശ്യമുണ്ട്.
കാരണം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'

- മഹാത്മാഗാന്ധി


രണ്ട് ഗ്രാമങ്ങള്‍. പ്രണയവും പരിണയവും ജീവിതവും മാത്രം പരിചയമുള്ള ഗ്രാമങ്ങള്‍. കാറ്റും പൂക്കളും പക്ഷികളും പ്രണയത്തിന്റെമാത്രം കഥകള്‍ ചൊല്ലുന്ന ആ ഗ്രാമങ്ങള്‍ ഇവിടെയാണ്, കണ്ണൂരില്‍. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ചോരയാന്‍കുണ്ടും മുരിങ്ങേരിയുമാണ് ആ ഗ്രാമങ്ങള്‍. രാഷ്ട്രീയ ഭൂപടത്തില്‍ കറുത്ത അടയാളങ്ങളുള്ള കണ്ണൂരില്‍ രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും പണത്തിനും തടയാന്‍ കഴിയാതെ പ്രണയിക്കുന്നവര്‍ക്ക് സ്വച്ഛന്ദ ജീവിതമൊരുക്കുന്നു ആ ഗ്രാമങ്ങള്‍. പൂവണിഞ്ഞ പ്രണയത്തിന്റെമാത്രം കഥകളാണ് രണ്ട് ഗ്രാമങ്ങള്‍ക്കും പറയാനുള്ളത്. അതിനുവേണ്ടി പല കമിതാക്കള്‍ക്കും പ്രിയപ്പെട്ട മറ്റുപലതും ഉപേക്ഷിക്കേണ്ടിവന്നുവെങ്കിലും 'പ്രണയം സഫലമാകുന്ന നാട്' എന്ന പേര് സ്വന്തം ഗ്രാമത്തിന് സമ്പാദിച്ചുനല്‍കാന്‍ ഇവര്‍ക്കായി. പ്രണയത്തിനുവേണ്ടി ദുരിതം സഹിച്ചവരെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ ഇത്തരം ഗ്രാമങ്ങള്‍ ഈ നാടിന്റെ ഭാഗ്യമാകാം. മനുഷ്യ ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഭാഗ്യം.ഇവിടെ പ്രണയം മൊട്ടിട്ടാല്‍ അത് സുന്ദരമായി ഒഴുകി ലക്ഷ്യത്തില്‍ എത്തുമെന്ന് പ്രണയം സഫലമായവര്‍ പറയുന്നു. വീട്ടുകാരുടെ എതിര്‍പ്പും മര്‍ദനവും ഭീഷണിയും എവിടെയുമെന്നപോലെ ഇവിടെയുമുണ്ട്. പ്രണയത്തില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടികളെ വീട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലപ്പോഴും വില്ലന്‍കഥാപാത്രമായി മാറുന്നത് സഹോദരന്മാരാണ്. എന്നാല്‍, ആ സഹോദരങ്ങള്‍ പിന്നീട് പ്രണയത്തിലൂടെതന്നെ ജീവിത പങ്കാളിയെ കണ്ടെത്തിയ സംഭവങ്ങളും ഏറെ.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ചോരയാന്‍കുണ്ടിലും മുരിങ്ങേരിയിലും നൂറിലേറെ കമിതാക്കളുടെ പ്രണയമാണ് പൂവണിഞ്ഞത്. വ്യത്യസ്തമായ രീതിയിലാണ് പല കമിതാക്കളും ഒന്നായത്. ചിലത് വീട്ടുകാര്‍തന്നെ ആദ്യമേ നടത്തിക്കൊടുത്തു. മറ്റുചിലത് ഏറെനാളത്തെ ഭീഷണിയിലും മക്കള്‍ വീഴുന്നില്ലെന്ന് കണ്ട് വീട്ടുകാര്‍ പിന്നീട് നടത്തിക്കൊടുക്കുകയായിരുന്നു. വീട്ടുകാര്‍ ഒരിക്കലും അനുവാദം നല്‍കാത്തവരാകട്ടെ, രഹസ്യമായി മുങ്ങി രജിസ്റ്റര്‍ചെയ്ത് ഒന്നായി. ഇത്തരം ബന്ധങ്ങള്‍ ആദ്യമൊക്കെ അംഗീകരിക്കാന്‍ മടികാട്ടുമെങ്കിലും 90 ശതമാനം വീട്ടുകാരും പിന്നീട് പഴയതൊക്കെ മറന്ന് മക്കളെ സ്വീകരിക്കുകയാണ് പതിവ്. വര്‍ഷങ്ങളായിട്ടും വീട്ടുകാര്‍ക്ക് പിണക്കം മാറാത്ത വിവാഹങ്ങളുമുണ്ട്.

അഞ്ചരക്കണ്ടിയിലെ ഒരു റോഡിന് ഇരുവശവുമായി കിടക്കുന്ന ഈ ഗ്രാമങ്ങളില്‍ മാത്രം എന്തേ ഇത്രയേറെ കരുത്തോടെ പ്രണയം പൂത്തുവിടരുന്നതെന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ആര്‍ക്കുമില്ല. 'ഇവിടെ ഇങ്ങനെയാണ്' എന്ന് മാത്രമാണ് പ്രണയം പൂവണിഞ്ഞ കമിതാക്കള്‍ പറയുന്നത്. പ്രണയിച്ച വ്യക്തിയെ ജീവിതസഖിയായി കിട്ടാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണ് എന്നതാണത്രെ പ്രണയവിജയത്തിന് പിന്നിലെ പ്രധാന കാര്യം. ഭീഷണി മുഴക്കുന്ന വീട്ടുകാരോട് എതിരിട്ടുനില്‍ക്കാന്‍ പ്രണയികള്‍ തയാറാകുന്നു. വീട്ടുകാര്‍ക്കുമുന്നില്‍ താന്‍ എല്ലാ പ്രണയവും നിര്‍ത്തി എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കഴിയുകയും രഹസ്യമായി കത്തുകളിലൂടെയും മറ്റും നിശ്ശബ്ദ പ്രണയം തുടരുകയും ചെയ്യുന്നു അവര്‍. വര്‍ഷങ്ങള്‍ നീളുന്ന ഈ നിശ്ശബ്ദ പ്രണയകാലത്ത് വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം നടന്നിരിക്കും. വിവാഹം രജിസ്റ്റര്‍ചെയ്തശേഷവും ഇവര്‍ പഴയപോലെതന്നെ വീട്ടില്‍ കഴിയും. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച സമയമാകുമ്പോള്‍ ഒന്നുകില്‍ നാട്ടില്‍നിന്ന് മുങ്ങി മറ്റെവിടെയെങ്കിലും പോയി വിവാഹം നടത്തും. ഏതെങ്കിലും ഒരാളുടെ വീട്ടുകാര്‍ അനുകൂലമാണെങ്കില്‍ നാട്ടില്‍ത്തന്നെയാണ് വിവാഹം നടത്തുക.

ഈ പ്രണയരാജ്യത്തെ സംരക്ഷിക്കുന്നത് രണ്ട് സംഘടനകളാണ്. പ്രണയികള്‍ക്ക് ആവശ്യമുള്ള ആഭരണങ്ങള്‍പോലും ഇവരാണ് സംഘടിപ്പിച്ച് നല്‍കുന്നത്. പ്രണയത്തിന്റെ പേരില്‍ മര്‍ദനമുള്‍പ്പടെയുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു പ്രണയ ജോഡിയാണ് സംഘടനകള്‍ക്ക് രൂപംകൊടുത്തത്. ചോരയാന്‍കുണ്ടിലെ കമിതാക്കള്‍ക്ക് ആശ്രയം 'സ്‌നേഹതീരവും' മുരിങ്ങേരിയിലെ കമിതാക്കള്‍ക്ക് ആശ്രയം 'തണലും' ആണ്.

കേബിള്‍ ഓപ്പറേറ്ററായ സജിത്തും അനൂപയുമാണ് കമിതാക്കളുടെ മുമ്പേ പറക്കുന്ന ആ വാനമ്പാടികള്‍. തന്റെ കോളജ്പഠനകാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനൂപയോട് തോന്നിയ പ്രണയം സജിത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തുവിട്ടത്. അനൂപ കോളജില്‍ എത്തിയപ്പോള്‍ സജിത്ത് പ്രണയ രഹസ്യം തുറന്നുപറഞ്ഞു. സാധാരണ കുടംബത്തിലെ അംഗമായ സജിത്തുമായുള്ള പ്രണയം സമ്പന്നരായ അനൂപയുടെ കുടംബത്തിന് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഗുണ്ടകള്‍ സജിത്തിനെ രാത്രി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. പരിക്കേറ്റ് സജിത്ത് ആസ്പത്രിയിലായി. എന്നാല്‍, ഇതോടെ ഇരുവരുടെയും പ്രണയം കൂടുതല്‍ കരുത്താര്‍ജിച്ചു. അനൂപ കോളേജില്‍ പോകുന്നത് വീട്ടുകാര്‍ വിലക്കി. മറ്റൊരു സ്ഥലത്തേക്ക് മാറ്റി ടി.ടി.സി.ക്ക് ചേര്‍ത്തു. ടി.ടി.സി. ഒരുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ 2006 ഏപ്രില്‍ നാലിന് ഇവരുടെ വിവാഹം രഹസ്യമായി തലശ്ശേരിയില്‍ രജിസ്റ്റര്‍ചെയ്തു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അനൂപ സ്വന്തം വീട്ടില്‍നിന്ന് ടി.ടി.സി. പഠനം തുടര്‍ന്നു. ഒരുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ അവര്‍ രഹസ്യമായി എല്ലാ പദ്ധതികളും തയാറാക്കിയിരുന്നു. ഒറ്റ ദിവസംകൊണ്ട് നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് പന്തലുമൊരുക്കി നാടറിഞ്ഞുള്ള വിവാഹം. 2007 മാര്‍ച്ച് 10നായിരുന്നു വിവാഹം. പക്ഷേ, ഇന്നും അനൂപയെയും സജിത്തിനെയും സ്വീകരിക്കാന്‍ അനൂപയുടെ വീട്ടുകാര്‍ തയാറായിട്ടില്ല. ഇവരാണ് പിന്നീട് പ്രണയിക്കുന്നവര്‍ക്ക് തണലേകാന്‍ 'തണലിന്' രൂപംനല്‍കിയത്. തങ്ങളുടെ അനുഭവം ഒരു കമിതാക്കള്‍ക്കും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ ഉദ്യമം.

നാലുവര്‍ഷം മുമ്പ് ഇവര്‍ തുടങ്ങിയ ഈ സംഘമാണ് പ്രണയിക്കുന്നവര്‍ക്ക് ഇന്നും സഹായമായി പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷം മുമ്പ് ക്ലബ് ആയി രൂപവത്കരിക്കപ്പെട്ട 'സ്‌നേഹതീര'വും പ്രണയികള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതുപേര്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് സ്‌നേഹതീരം. ഈ സംഘമാണ് ദമ്പതിമാരുടെ കൂട്ടായ്മകളും ഉല്ലാസയാത്രകളും മറ്റും സംഘടിപ്പിക്കുന്നത്. പ്രണയ പരാജയമില്ലാത്ത ഗ്രാമമാണ് തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെടുന്നു. ജാതിക്കും മതത്തിനും സമ്പത്തിനും അപ്പുറത്താണ് സ്‌നേഹത്തിന്റെ വിലയെന്ന് ഇവിടെ നടന്ന ഓരോ പ്രണയവിവാഹവും ഓര്‍മിപ്പിക്കുന്നു. രണ്ട് ജാതിയില്‍ ജനിച്ചതാണ് പ്രജിത്തിന്റെയും അര്‍ച്ചനയുടെയും പ്രണയത്തിന് വീട്ടുകാര്‍ എതിരുനില്‍ക്കാന്‍ കാരണം. ഒടുവില്‍ വീട്ടുകാര്‍ അറിയാതെ മുങ്ങി തൊടീക്കളം ക്ഷേത്രത്തില്‍ വിവാഹിതരായി. മൂന്നുദിവസം കഴിഞ്ഞ് നാടകീയമായി നാട്ടില്‍ തിരിച്ചെത്തിയ ഇരുവരെയും വീട്ടുകാര്‍ നിലവിളക്ക് കൊളുത്തി സ്വീകരിച്ചു.പ്രായം പ്രണയത്തിന് പ്രതിബന്ധമല്ല. അതാണ് ശ്യാമളയും ശശീന്ദ്രനും തെളിയിച്ചത്. വിവാഹത്തില്‍ താത്പര്യമില്ലാത്ത ശശീന്ദ്രന്‍ നെയ്ത്തുശാലയില്‍ ജോലിക്ക് എത്തിയപ്പോഴാണ് ശ്യാമളയുമായി പ്രണയത്തിലായത്. ഈ പ്രണയം പൂവിട്ടതോടെ സീനിയര്‍ കമിതാക്കള്‍ എന്ന പദവി ഇവര്‍ക്ക് സ്വന്തമായിക്കിട്ടി.

ഷിജിലും സൂര്യയും വിവാഹത്തിന് മുമ്പുതന്നെ രജിസ്റ്റര്‍ നടത്തിവച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറായി. പോലീസ് ഉദ്യോഗസ്ഥനായ സുജിത് അയല്‍വാസിയായ നിഗിഷയെ പ്രണയിച്ചു. വീട്ടുകാര്‍ അംഗീകരിച്ചതിനാല്‍ വിവാഹം അവര്‍തന്നെ നടത്തി നല്‍കി. നിഗിഷയുടെ സഹോദരന്‍ നിജിലും മിഥുനയും തമ്മിലുള്ള പ്രണയം അംഗീകരിക്കാന്‍ വീട്ടുകാര്‍ ആദ്യം മടിച്ചെങ്കിലൂം പിന്നീട് അനുവാദം നല്‍കി.

പെണ്ണുകാണാന്‍ പോയപ്പോള്‍ ചെറുക്കനെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നാല്‍, പെണ്ണിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ ചെറുക്കന്‍ വീട്ടിലെത്തി പെണ്ണിനെ വിളിച്ചു. പിന്നീട് അത് പ്രണയമായി. വീട്ടുകാര്‍ എതിര്‍ത്തു. ഒടുവില്‍ ഇവരുടെ പ്രണയത്തിനുമുന്നില്‍ വീട്ടുകാര്‍ക്ക് തലകുനിക്കേണ്ടിവന്നു. ഇതാണ് രാജേഷും ലിജിനയും തമ്മിലുള്ള വിവാഹബന്ധത്തിന്റെ ചരിത്രം.

കൂട്ടത്തിലെ ഏറ്റവും ജൂനിയര്‍ പ്രണയ ദമ്പതിമാരാണ് സുജേഷും ഷല്‍മയും. ഷല്‍മയുടെ വീട്ടുകാര്‍ ഇനിയും ബന്ധം അംഗീകരിച്ചിട്ടില്ല. ബന്ധുകൂടിയായ നീതു എന്ന പെണ്‍കുട്ടിയെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സ്വന്തമാക്കിയതാണ് ചെറിയ കവിതകള്‍ എഴുതുന്ന പ്രദീഷിന്റെ അനുഭവം. പ്രണയ വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന സജിത്തിന്റെ സഹോദരന്‍ സന്തോഷും റീനയും വിവാഹിതരായതും രഹസ്യമായായിരുന്നു.

എം.ടി.ധനേഷ്-വിലാസിനി, എം.ടി.അനിത-പ്രദീപന്‍, എം.ടി.ദിലീപന്‍-പ്രമീള ഈ പ്രണയദമ്പതിമാര്‍ മൂന്നും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ അനിത-പ്രദീപന്‍ മാത്രമാണ് രഹസ്യമായി വിവാഹം കഴിച്ചത്. പ്രമീളയുടെ സഹോദരന്‍ പ്രജിത്തും അര്‍ച്ചനയും രഹസ്യമായി മുങ്ങിയാണ് വിവാഹം നടത്തിയത്. പ്രമീള-സുനില്‍ ബന്ധവും രഹസ്യമായിരുന്നു. ബീഡീക്കമ്പനിയില്‍വച്ച് മൊട്ടിട്ട പ്രണയമാണ് പി.കെ.രാജന്‍-ലീന ദമ്പതിമാരുടേത്. ചന്ദ്രന്‍-സുജാത, വിജയന്‍-ലളിത (സഹോദരങ്ങള്‍). കെ.പ്രദീഷ്-നീതു, കെ. പ്രേമജ-ദിനേഷ്ബാബു(സഹോദരങ്ങള്‍), കനകരാജ്-സിന്ധു, സുധാകരന്‍-രസ്‌ന, സുജിത്-ബിന്ദു, നവീന-സുമോദ്, വിനോദന്‍-ഷീബ, ഉദയകുമാര്‍-വിപിന എന്നിവര്‍ രഹസ്യമായി വിവാഹം കഴിച്ചപ്പോള്‍ സിബിന്‍-ഫെബിന, ജയരാജന്‍-നിര്‍മല, മനോജ്-വിജേഷ്മ, രശ്മി-അംബുജാക്ഷന്‍, അമൃത-അജിത്കുമാര്‍, രജിന-ബിജു, ഷൈമ-പ്രദീപന്‍, സനൂപ്-ശ്രുതി, ജസ്‌ന-ഉമേഷ്, അരുണ-അശോകന്‍, മിനി-പ്രമോദ്, റീജ-പ്രകാശന്‍, നിജില്‍-ജൂന, സന്തോഷ്-ബീന, ഷീജ-സുരേശന്‍, ജനകരാജ്-രജിത എന്നിവരുടെ പ്രണയത്തെ വീട്ടുകാര്‍ അംഗീകരിച്ച് വിവാഹം നടത്തിക്കൊടുത്തു. ഒരു പെണ്ണ് ഒരു ചെറുക്കനെ മാത്രം പ്രണയിക്കുന്ന മാന്യതയാണ് തങ്ങളുടേതെന്ന് പ്രണയത്തിന്റെ സന്ദേശ വാഹകരായ ഇവര്‍ പറയുന്നു. വിവാഹത്തിലെത്തുന്ന പ്രണയം മാത്രമാണ് ഇവിടെ ഉടലെടുക്കുന്നത്. മറ്റ് അനാവശ്യ തരത്തിലുള്ള ബന്ധങ്ങള്‍ രൂപപ്പെടാന്‍ ഇവിടെ ആരും പ്രോത്സാഹനം നല്‍കില്ല. ശരീരമല്ല, മനസ്സാണ് പ്രണയത്തിന്റെ ഉപകരണങ്ങള്‍ -അവര്‍ പറയുന്നു.പെണ്ണിന്റെയോ ചെറുക്കന്റെയോ വീട്ടില്‍ പ്രണയം അംഗീകരിക്കാതിരുന്നാല്‍ അതിനെ സിനിമാ ശൈലിയിലാണ് ഇവിടെ നേരിടുന്നത്. പ്രണയം അറിഞ്ഞുകഴിഞ്ഞാല്‍ പെണ്‍വീട്ടുകാര്‍ ഉടന്‍തന്നെ മറ്റു വിവാഹാലോചനകള്‍ പെണ്‍കുട്ടിക്കായി നടത്തും. സ്വാഭാവികമായും പെണ്ണിനെക്കുറിച്ച് അറിയാന്‍ ചെറുക്കന്റെ വീട്ടുകാര്‍ നാട്ടില്‍ അന്വേഷണം നടത്തും. ഈ സമയത്താണ് പെണ്‍കുട്ടിയുടെ 'ലൈവായി' തുടരുന്ന പ്രണയത്തെക്കുറിച്ച് വിശദീകരിച്ച് വന്നവരെ ഒതുക്കുന്നത്. ഇത് കൃത്യമായി പ്ലാന്‍ചെയ്ത് നടപ്പാക്കിവരുന്നുണ്ട്. ഓരോ പ്രണയത്തിന്റെയും വിജയമാണ് ഈ ഗ്രാമങ്ങളില്‍ കൂടുതല്‍ പ്രണയികളെ സൃഷ്ടിക്കുന്നത്. രണ്ടായിരത്തോളം മാത്രം ജനസംഖ്യയുള്ള ഈ രണ്ട് ഗ്രാമങ്ങളില്‍ പ്രണയവിവാഹിതരുടെ എണ്ണം കൂടിവരികയാണ്. അയല്‍ക്കാര്‍ തമ്മിലുള്ള പ്രണയമാണ് ഇവിടെ നടക്കുന്നത്. പുറംനാട്ടില്‍നിന്ന് പ്രണയിച്ച് വിവാഹിതരായെത്തുന്നവര്‍ ഇല്ല എന്നുതന്നെ പറയാം.

rajeeshmbi@gmail.com
kumarsbimbi@gmail.com

0 comments:

Post a Comment