21 June, 2018

എ൯റ്റെ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

0

എ൯റ്റെ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

പി. എസ്സു്. രമേശു് ചന്ദ്ര൯
​ 

മീ൯മുട്ടിയാറ്റിലെ കുളികഴിഞ്ഞു് പുഴയു്ക്കക്കരെക്കടന്നു് എണ്ണപ്പനത്തോട്ടത്തിലൂടെ മലകളിലൂടെയും ഊടുവഴികളിലൂടെയും പൊയു്കകളിലൂടെയും കാട്ടുപൊന്തകളിലൂടെയും പുലു്ച്ചാ൪ത്തുകളിലൂടെയും നടന്നു് സന്ധ്യയ്ക്കു് പാലോട്-കല്ലറയിലേയു്ക്കുള്ള റോഡുദിശയേ പോകുക. അപ്പോളു് ഈക്കവിതയുടെ ആദ്യം പറഞ്ഞരംഗം അവിടെക്കാണാം. വഴിയുണ്ടായിരുന്ന കുടികളെല്ലാം ഇന്നു് പോയു്മറഞ്ഞുകഴിഞ്ഞു. പ്രിയപ്പെട്ടയാളുകളും എവിടെയെല്ലാമോ പോയിക്കഴിഞ്ഞു. വനപ്രാന്തത്തിലെ കുടികളു്ക്കരികിലൂടെ പോകുമ്പോളു് അംഗനമാരുടെയും കുട്ടികളുടെയും ആഹ്ലാദത്തി൯റ്റെ സംഘഗാനം ഇന്നില്ല. കുട്ടികളും പോയി, ആളുകളും പോയി. 

മഴകഴിഞ്ഞുഗ്രമായ വെയിലു്പാറുന്ന മാനത്തിനുകീഴിലു് പാറക്കെട്ടുകളിലൂടെ തുള്ളിയാ൪ച്ചൊഴുകുന്നൊരു പുഴയിലെ വെള്ളച്ചാട്ടത്തിലു് കുളിച്ചിട്ടുണ്ടോ? ഓരോ സെക്ക൯റ്റിലും ടണു്കണക്കിനു് വെള്ളമൊഴുകിവരുന്നതിലു് പതിവായി കുളിക്കുന്നതൊരു സുഖംതന്നെയാണു്. ഒഴുക്കില്ലാത്തിടത്തു് മീനുകളു് ശരീരത്തിലു്വന്നു് തള്ളും, നുള്ളും. അതും ഒരു സുഖം തന്നെയാണു്. നന്ദിയോടു്-പാലോടു് പ്രദേശങ്ങളിലെ പെണ്ണുങ്ങളുടെ മുടിയഴകി൯റ്റെയും ശരീരപ്പ്രഭയുടെയും രഹസ്യം ഈപ്പുഴതന്നെയാണു്. പിന്നെ യമണ്ഢ൯ പാറക്കെട്ടുകളു്ക്കടിയിലു് ഒളിഞ്ഞിരിക്കുന്ന അളവില്ലാത്ത വൈഡൂര്യനിക്ഷേപങ്ങളും. ഒരുജനതയുടെ ശരീരകാന്തി വ൪ദ്ധിപ്പിക്കുവാ൯ മറ്റെന്തുവേണം? പാറപ്പുറങ്ങളിലു് കോടിക്കണക്കിനുരൂപയുടെ വൈഡൂര്യ നിക്ഷേപങ്ങളു്ക്കുമേലു് ഒന്നരരൂപയുടെയൊരു തോ൪ത്തുപോലും ഉടുക്കാതെ കുറേനേരമങ്ങോട്ടു്   കിടന്നിട്ടെണീറ്റാലു്ത്തന്നെ ഇനിയങ്ങോട്ടു് ലോകംമുഴുവ൯ പടവെട്ടിപ്പിടിക്കാനുള്ള ഊ൪ജ്ജമാണു് ശരീരത്തിലൂടെ പായുന്നതു്. എ൯റ്റെ കവിതകളെല്ലാം അവിടെയാണു് ഉയ൪ന്നുവന്നതു്. ഇരമ്പിക്കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തി൯റ്റെ ഒരിയ്ക്കലും നിലയ്ക്കാത്ത ആരവമായിരുന്നു എ൯റ്റെ കവിതകളിലെ പശ്ചാത്തലശബ്ദം. ബാക്കു്ഗ്രൗണു്ടിലു് എന്തും സൃഷ്ടിക്കാം- കവിതയോ, നാടകങ്ങളോ, നീണു്ടകഥകളോ, നോവലുകളോ, സിനിമയോ എന്തും! വേ൪ഡു്സു്വ൪ത്തിനു് കാട്ടരുവിക്കരയിലുണ്ടായിരുന്ന കരിങ്കലു്ക്കുടിലു് പോലെയായിരുന്നതു് എനിയ്ക്കു്. ഊക്ക൯ ജലപ്പ്രപാതവും പാറക്കെട്ടുകളും പുഴക്കരകളും പുഴയുമെല്ലാം അപ്രത്യക്ഷമായപ്പോളു്, എനിയ്ക്കു നഷ്ടപ്പെട്ടപ്പോളു്, എ൯റ്റെകവിതകളും അപ്രത്യക്ഷമായി. അതിലു്പ്പിന്നീടു് ഞാ൯ ഗദ്യം മാത്രമേയെഴുതിയിട്ടുള്ളൂ- ഹിംസാത്മക ഗദ്യം.

കാറ്റിലൂടെയും പാറക്കെട്ടുകളുടെ ചൂടിലൂടെയും പുഴയുടെയൊഴുക്കി൯റ്റെ താരാട്ടിലൂടെയും താളത്തിലൂടെയും ഉയ൪ന്നുപറക്കുന്ന കിളികളുടെ ഒരിക്കലുംനിലയ്ക്കാത്ത കലപിലാബഹളത്തിലൂടെയും ഹരിതഭംഗിയാ൪ന്ന വനനിരകളുടെയും നീലിമയാ൪ന്ന മലനിരകളുടെയും ദൃശ്യവശ്യതയിലൂടെയും എ൯റ്റെ ചുണ്ടിലു്തന്നെകൊണ്ടുവന്നു് വാക്കും ഈണവും തള്ളിത്തരുകയായിരുന്നു കരുണാമയിയും കലാകാരിയുമായ പ്രകൃതി. പ്രകൃതീമണിയെ വ്യവസായകോടീശ്വര൯മാരുടെ ക്രൂരബലാത്സംഗത്തിലു്നിന്നും രക്ഷിക്കാ൯ കഴിയാത്തവനെന്തിനാണിനിയും കവിതയും ഈണങ്ങളും കൊടുക്കുന്നതു്? ബിഹാറിലെ ലബു്ഡുലിയാ ബൈഹാരയിലെ അനുപമകാന്താരങ്ങളെ ആയിരമേക്കറുകളു്ക്കുപുറകേ  മറ്റൊരായിരമേക്കറുകളായി എഴുതിവിറ്റു പട്ടയംകൊടുക്കാ൯ കലു്ക്കട്ടയിലെ കമ്പനിയിലു്നിന്നുമയച്ച, വിഭൂതിഭൂഷണു് വന്ദ്യോപാദ്ധ്യായയെഴുതിയ  ആരണ്യകു് എന്ന ബംഗാളിനോവലിലെ, ചെറുപ്പക്കാരനെപ്പോലെയായിരുന്നു ഞാ൯. എനിയു്ക്കുമാത്രമെന്തു ചെയ്യാ൯കഴിയും? എന്നിട്ടും കേരളാ പീപ്പിളു്സ്സു് വിജില൯സെന്ന നാമംസ്വീകരിച്ചു് ചിലതൊക്കെ ചെയ്യാനുംകഴിഞ്ഞു.

ആ വൈഡൂര്യനിക്ഷേപങ്ങളു് കവ൪ന്നെടുക്കാ൯ പലരും പലകാലത്തും കഠിനപരിശ്രമം നടത്തിയിട്ടുണ്ടു്. ചില൪ക്കൊക്കെ കുറേയൊക്കെ കിട്ടിയിട്ടുമുണ്ടു്, അവരുടെയെല്ലാം ജീവിതത്തിലു് ദു:രന്തം ഒരു കറുത്തനിഴലുപോലെ കൂടെത്തന്നെ സഞ്ചരിക്കുകയും ചെയ്തിട്ടുമുണ്ടു്. മണലും പാറയും കുഴിച്ചു് വൈഡൂര്യത്തി൯റ്റെ അടുക്കുകളു് നോക്കിപ്പോയി അതിനടുത്തെത്തുകയെന്നതു് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളൊരു കാര്യമാണു്. മലകളിലുരുളു്പ്പൊട്ടുമ്പോളു് പുഴവെള്ളത്തിലൊഴുകിവരുന്നതു് കയങ്ങളിലു് മുങ്ങിപ്പോയിരുന്നു് മണലരിച്ചെടുക്കുന്നതുപോലെയും തീരത്തടിയുന്നതു് വെറുതേ പെറുക്കിയെടുക്കുന്നതുപോലെയും എളുപ്പമല്ലതു്. എന്നിട്ടും എടുക്കാവുന്നിടത്തോളം കാലങ്ങളു്കൊണ്ടു് ഓരോരുത്തരായി എടുത്തുകഴിഞ്ഞു. ഇനിയുംവേണമെങ്കിലു് വെള്ളത്തിലു്മുങ്ങിയ പാറക്കെട്ടുകളുടെ അടിയിലേയു്ക്കു് മു൯കാലസാഹസിക൯മാ൪പോലും പി൯മാറിയ പുഴവെള്ളത്തിനടിയിലെ ഗഹ്വരങ്ങളിലൂടെ മുങ്ങാംകുഴിയിട്ടു ശ്വാസംപിടിച്ചു നീന്തിച്ചെന്നുവേണം എടുക്കാ൯. അങ്ങോട്ടു് രണ്ടുമിനിറ്റു്, ഇങ്ങോട്ടു് രണ്ടുമിനിറ്റു്, വെട്ടിപ്പൊളിച്ചു പണിചെയ്യാ൯ മൂന്നുമിനിറ്റു്, - അങ്ങനെ ഏഴുമിനിറ്റു് ഒറ്റമൂച്ചിനു ശ്വാസംപിടിച്ചു നീന്താ൯ ആങ്കുള്ള യുവാക്ക൯മാ൪ ഇന്നെവിടെയിരിക്കുന്നു? അങ്ങനെ എത്രമാത്രം മുങ്ങാംകുഴിയിട്ടുനീന്തലുകളു് വെള്ളത്തിനടിയിലൂടെ, പാറഗഹ്വരങ്ങളു്ക്കിടയിലൂടെ നടത്തണം! അതുകൊണ്ടു് ലലനാമണികളുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണ്ടു് ആ വൈഡൂര്യശേഖരങ്ങളു് ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നു. അല്ലെങ്കിലു് ജാക്കു് ഹാമ്മറുകളുപയോഗിച്ചു് പാറതുറക്കണം. ജനസംഖൃ വ൪ദ്ധിച്ച ഈക്കാലത്തു് ഏതുജനമതു് കൈയുംകെട്ടി വെറുതേ നോക്കിക്കൊണ്ടുനിലു്ക്കും?

 

ഇതിനേക്കാളൊക്കെയെളുപ്പവും സംഘടിതവും ശാസ്ത്രീയവുമായ മറ്റൊരു രീതിയുണ്ടു്- എന്തെങ്കിലും വ്യവസായത്തിനെന്നുപറഞ്ഞു് അവിടെ പുഴത്തീരത്തു് കുറേ സ്ഥലംവാങ്ങിക്കുക, വെള്ളത്തിനെന്നുപറഞ്ഞു് കുറേ ബോ൪വെല്ലുകളു് കുഴിയു്ക്കുക, നല്ല മിടുക്ക൯മാരായ എ൯ജിനീയ൪മാരുടെയും മെക്കാനിക്കുകളുടെയും സഹായത്തോടെ യുഗങ്ങളായി അപ്രാപ്യമായിത്തുടരുന്ന വൈഡൂര്യശേഖരങ്ങളുടെ നേ൪മാറിലു്തന്നെയെത്തുക! എന്തെളുപ്പം, എത്ര സംഘടിതം, എന്തുമാത്രം ശാസ്ത്രീയം!!

 

ഈ വൈഡൂര്യംമാത്രം കണ്ടുകൊണു്ടു് മറ്റുപല ന്യായങ്ങളുംപറഞ്ഞുകൊണു്ടു് പല വ്യവസായ സ്ഥാപനങ്ങളും അവിടെവന്നു. എതി൪പ്പി൯റ്റെ പുതിയമുഖം തുറന്നുകൊടുത്തതു് ഞാനാണെന്നതൊളിയു്ക്കുന്നില്ല. ക്രംപു് റബ്ബ൪ ഫാക്ടറിയുടെ നാട്യവുംകൊണു്ടുവന്ന റബ്ബ൪ ബോ൪ഡി൯റ്റെ സ്ഥാപനത്തി൯റ്റെ ഉത്ഘാടനത്തിനുമുമ്പേ വൈഡൂര്യമാണു് ആത്യന്തിക  ലക്ഷൃമെന്നുകാണിച്ചുള്ള പോസു്റ്ററച്ചടിച്ചു് നെടുമങ്ങാടു താലൂക്കു മുഴുവനൊട്ടിച്ചതിനാലു് ഉതു്ഘാടനംചെയ്യാമെന്നേറ്റിരുന്ന മുഖ്യമന്ത്രി ശ്രീ. കെ. കരുണാകര൯ ആവഴിയു്ക്കു വന്നില്ല. പകരംവന്ന ശ്രീമതി. ലളിതാംബിക ഐ. ഏ. എസ്സു്. ചടങ്ങുനടക്കുന്ന കുന്നിനുതാഴെ പുഴയിലു്ക്കുളിച്ചുകൊണു്ടു നിലു്ക്കുന്ന എന്നെനോക്കി മൈക്കിലൂടെ പ്രസംഗിക്കുന്നതുകേട്ടു; 'മിസു്റ്റ൪. രമേശു് ചന്ദ്ര൯! ഞങ്ങളിവിടെ വൈഡൂര്യമെടുക്കാ൯ വന്നതല്ല. റബ്ബ൪ ബോ൪ഡിനു് കോടിക്കണക്കിനു രൂപയുടെ സ്വത്തുണു്ടു്. ഞങ്ങളു്ക്കു് നിങ്ങളുടെ വൈഡൂര്യത്തി൯റ്റെയൊന്നും ആവശ്യമില്ല'. ഞാ൯ ലജ്ജിച്ചുപോയി. ഒട്ടും പ്രതീക്ഷിച്ചതല്ല, എന്നെശ്രദ്ധിക്കുമെന്നും മൈക്കിലൂടെ പരസ്യമായി ആക്രമണംവരുമെന്നും. ഞാ൯ ഉട൯തന്നെ തോ൪ത്തുമാറ്റി മുണു്ടെടുത്തുടുത്തു. ആ ഫാക്ടറി അപ്പഴേ പൂട്ടിപ്പോയി. വെള്ളച്ചാട്ടത്തിനെ വേലികെട്ടിയകത്താക്കിയതും ഏക്കറുകണക്കിനു് പുഴപ്പുറമ്പോക്കു് കൈയ്യേറിയതും കുറേക്കാലം മലിനജലം പുഴയിലേയു്ക്കൊഴുകിയ കറുത്തിരുണു്ട പാതകളുംമാത്രം തെളിവുനലു്കുന്ന ബാക്കിപത്രങ്ങളായി അവശേഷിച്ചു.

 

അടുത്തുവന്നതു് ഒരു വിമാനക്കമ്പനിയായിരുന്നു. അവ൪ക്കു മീ൯മുട്ടിയാറ്റിലെ വെള്ളമെടുത്തു് മിനറലു് വാട്ടറുണു്ടാക്കണം. കടയിലു് വിലു്ക്കാനുള്ള വാട്ടറല്ല, സ്വന്തംവിമാനത്തിനുള്ളിലു് സപ്പു്ളൈചെയ്യാനുള്ള മിനറലു്വാട്ട൪- ലോകത്തു് മറ്റൊരു വിമാനക്കമ്പനിയും ചെയ്യാത്ത സാഹസം. ധാതുസമ്പന്നമായ നീരുറവകളുള്ള പുഴഭാഗത്തുനിന്നും വെള്ളമെടുത്തുണു്ടാക്കുന്നതാണു് മിനറലു് വാട്ട൪. അല്ലാതെ പുഴയിലു്നിന്നും വെള്ളമെടുത്തിട്ടു് മിനറലുകളു് കയറ്റിയുണു്ടാക്കുന്നതല്ല മിനറലു് വാട്ട൪. അതിനുപറയുന്ന പേരു് മായംചേ൪ക്കലെന്നാണു്. പക്ഷെ പുറത്തുവിലു്ക്കാനുള്ളതല്ലല്ലോ, അതുകൊണു്ടാരും കേസ്സെടുത്തില്ല. അവരാദ്യംചെയു്തതു് നമ്മളു്പറഞ്ഞ പാറക്കെട്ടുകളുടെ ഉച്ചിയിലു്ത്തന്നെ ബോ൪വെല്ലുകളു് കുഴിക്കുകയാണു്. പുഴയിലു്നിന്നും വെള്ളമെടുക്കാതെ പാറക്കെട്ടുകളു് തുരന്നു് ബോ൪വെല്ലുകളു്കുഴിച്ചു് വെള്ളമെടുക്കാ൯ ശ്രമിക്കുന്നു, എന്നിട്ടു് പുഴയിലു്നിന്നുതന്നെ വെള്ളവുമെടുക്കുന്നു! ഇതു് മറ്റേക്കേസ്സുതന്നെ!! നിവൃത്തിയില്ലാതെ അന്നു് മാ൪കു്സിസു്റ്റുകാരനായിരുന്ന ഞാ൯ ബി. ജെ. പിയുടെ യൂണിയനുണു്ടാക്കിക്കുകയും ഫാക്ടറി ലോക്കൗട്ടിലാവുകയും ചെയു്തു. ഒടുവിലു്ക്കേട്ടതു് അവരുടെയൊരുവിമാനം ഇറ്റലിയിലു് മിലാ൯നഗരത്തിനു മുകളിലൂടെ പറക്കുമ്പോളു് രഹസ്യവിവരം കിട്ടിയതനുസരിച്ചു് ഇ൯റ്റ൪പ്പോളു് താഴെയിറക്കിച്ചു പരിശോധിക്കുകയും വിമാനത്തി൯റ്റെ സീറ്റി൯റ്റെ റബ്ബറിനകത്തുനിന്നും വൈഡൂര്യം പിടിക്കുകയും, അവരുടെ എല്ലാവിമാനങ്ങളും ഗ്രൗണു്ടുചെയ്യിക്കുകയും അതിനെത്തുട൪ന്നു് ആ കമ്പനി പൂട്ടിപ്പോവുകയും ചെയു്തെന്നാണു്.

 

ഇതിങ്ങനെപോയാലെന്തു ചെയ്യും? ഓരോരോ കമ്പനികളു് വരുമ്പോഴും അവരുടെ ഇ൯ഡസു്ട്രിയലു് ക്രൈമുകളുടെ പുറകേ എനിയു്ക്കിങ്ങനെ നടക്കാ൯പറ്റുമോ? എനിയു്ക്കു വേറേ ജോലിയൊന്നുമില്ലേ? ഇതിനു സ്ഥിരമായൊരു പരിഹാരം കണു്ടുപിടിച്ചേപറ്റൂ. ഞാനീവഴിയ്ക്കെല്ലാമാലോചിച്ചുനടക്കുമ്പോളു് കേരള സംസ്ഥാന വൈദ്യുതി ബോ൪ഡു് 'ലോവ൪ മീ൯മുട്ടി ഹൈഡ്രോ-ഇലക്ട്രിക്കു് പ്രോജക്ടെ'ന്നൊരു പദ്ധതിയുംകൊണു്ടു് അവിടെവന്നു. എനിയു്ക്കുള്ളൊരു അപൂ൪വ്വാവസരമാണു് വന്നിരിക്കുന്നതെന്നെനിയു്ക്കു മനസ്സിലായി. നാട്ടുകാരോടിവന്നു് 'അണവരേണു്, തടേണ'മെന്നുപറഞ്ഞു. തടയാമെന്നു് ഞാനുംപറഞ്ഞു. എനിയു്ക്കു് മറ്റൊരു അജണു്ടയാണുണു്ടായിരുന്നതു്. പുഴത്തീരത്തെ സ്ഥലങ്ങളു് മുങ്ങിപ്പോകുമെന്നതായിരുന്നു പലരുടെയും ഭീതി; അതുതടയാനെ൯റ്റെ സഹായംവേണം. പക്ഷേ പുഴത്തീരത്തു് മുങ്ങാ൯സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പുഴപ്പുറമ്പോക്കുകളാണു്. അതിമനോഹരമായ എ൯റ്റെ സ്ഥിരമിരിപ്പിടങ്ങളു് നഷ്ടപ്പെടാ൯ പോവുകയാണെന്ന വിഷമമുണു്ടെങ്കിലും എങ്ങനെയെങ്കിലും വൈഡൂര്യത്തെമുഴുവ൯ അണക്കെട്ടി൯റ്റെ വെള്ളത്തിനടിയിലാക്കുകയാണെങ്കിലു് എ൯റ്റെപ്രശു്നത്തിനു് പരിഹാരമായി. ഞാനിടപെടുമെന്നുവിചാരിച്ചിരുന്നവ൪ക്കു് മറ്റാരെയെങ്കിലും സമീപിച്ചു് പ്രക്ഷോഭം നടത്തിക്കാനുമായില്ല, ഞാനിടപെട്ടതുമില്ല. അതുതന്നെയായിരുന്നു എ൯റ്റെയും പ്ലാ൯. ഞാനിടപെടില്ലെന്നു് ആദ്യമേപറഞ്ഞാലു് ഇവ൪ചെന്നു് മറ്റാരെയെങ്കിലുമൊക്കെ പറഞ്ഞിളക്കി അണ തടയുകയില്ലേ? എങ്ങനെയെങ്കിലും അണയുടെപൊക്കം ഒരു രണു്ടടികൂടിക്കൂട്ടുകയാണെങ്കിലു് അത്രയും വൈഡൂര്യംകൂടി ശാശ്വതമായി വെള്ളത്തിനടിയിലായിക്കൊള്ളും എന്നുപറഞ്ഞിരിക്കുകയായിരുന്നു ഞാ൯. ഒടുവിലു് അണവന്നു, അതൊരു മുട്ട൯ അഴിമതിയായിരുന്നെങ്കിലും. വൈഡൂര്യംമുഴുവ൯ വെള്ളത്തിനടിയിലായി. വൈഡൂര്യംമുഴുവനും ഇപ്പോഴുമവിടെയുണു്ടു്, കുമാരിമാരുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണു്ടു്.

 

കുറിപ്പു്:

 

ഇതോടൊപ്പമുള്ള മീ൯മുട്ടി റിവ൪ ഫോട്ടോസു് ആപ്പുഴയുടെ ഭാഗത്തി൯റ്റെ അവസാനത്തെ ചിത്രങ്ങളാണ്. ഞാനെടുപ്പിച്ച അവയെല്ലാം എ൯റ്റെ കൈവശമുണു്ടു്. ഇതുകഴിഞ്ഞു് സ്ഥലത്തി൯റ്റെ കിടപ്പുതന്നെ അണക്കെട്ടുകാരണം മാറിപ്പോയി. അതുകൊണ്ടു് ചിത്രങ്ങളിലു്ക്കാണുന്നപോലെ ആസ്ഥലത്തെ ഇനിയിവിടെക്കാണാ൯ ഒക്കുകയില്ല. ഇതിനെക്കാളുംനല്ല ഞാനെടുപ്പിച്ച ഇതേ സ്ഥലങ്ങളുടെ കുറേക്കൂടിപ്പഴയകാല കള൪ച്ചിത്രങ്ങളു് ഇപ്പോളു് ഇംഗ്ലണു്ടിലു് സൂക്ഷിച്ചിട്ടുണു്ടു്. ചിലപ്പോളു് അവയും ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാം.

http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/


Because of MB Limits, all Meenmutti Photos could not be included here. You can read this article will full photos at http://sahyadrimalayalam.blogspot.com/2018/06/083.html


0 comments:

Post a Comment