17 June, 2018

കുപ്പിവേണോ കലയും സാഹിത്യവും വേണോ?

0

കുപ്പിവേണോ കലയും സാഹിത്യവും വേണോ?

 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

കലാരംഗത്തും സാംസു്കാരിക രംഗത്തും പാലോടു് മേഘലയെന്നു പറയുന്നതു് ഏതേതെല്ലാം പ്രദേശങ്ങളടങ്ങിയതാണു്? നന്ദിയോടു്, പാലോടു്, പെരിങ്ങമ്മല, പനവൂ൪, പനയമുട്ടം, കുറുപുഴ, ചല്ലിമുക്കു്, മടത്തറ, വേങ്കൊല്ല എന്നീ പ്രദേശങ്ങളും അവയുടെ സമീപമായുള്ള ഏതാനും ഉളു്പ്പ്രദേശങ്ങളുംകൂടി സൃഷ്ടിച്ച വില്ലടിച്ചാ൯പാട്ടും ലളിതഗാനങ്ങളും ചെറുകഥകളും നാടകങ്ങളും നൃത്തങ്ങളും ഗാനമേളകളും ചിത്രങ്ങളും മുതലു് ഈയവസാനം ഇതി൯റ്റെയെല്ലാം സ്വാഭാവിക പരിണാമമെന്നപോലെ നമ്മളു് കണു്ടുവരുന്ന ബാലേകളു്വരെ പാലോടി൯റ്റെ സഹൃദയസംഭാവനകളിലു്പ്പെടുന്നു. ഇതിനുപുറമേ പലരും അവരവരുടെ വീട്ടിനകത്തിരുന്നെഴുതിക്കൂട്ടിയ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതും വെളിച്ചംകണു്ടതും ഒരിക്കലും വെളിച്ചം കണു്ടിട്ടില്ലാത്തതുമായ നോവലുകളും വിമ൪ശ്ശനലേഖനങ്ങളും ലഘുലേഖകളും കൂടിപ്പെടുന്നു. ഇതിനും പുറമെയാണു് പല കലാ-സാംസു്ക്കാരിക സംഘടനകളുടെയും വാ൪ഷികങ്ങളു്ക്കു് ചില പ്രതിഭകളു് നടത്തിയ അഗാധ സ്വാധീനംചെലുത്തിയ മേ൯മയാ൪ന്ന പ്രസംഗങ്ങളു്.  പ്രാദേശിക കലാ-സാംസു്ക്കാരിക മേഖലയു്ക്കു തൊട്ടുപുറത്തു് ചിതറ കടയു്ക്കലു് കിളിമാനൂ൪ ചടയമംഗലം എന്നിങ്ങനെ പ്രദേശങ്ങളടങ്ങുന്ന  തികച്ചും വ്യത്യസു്തമായ മറ്റൊരു മേഖലയും അതിനുമപ്പുറത്തു് വിതുര കല്ലാ൪ ബോണക്കാടു് ഭാഗങ്ങളു് കേന്ദ്രീകരിച്ചു് മറ്റൊരെണ്ണവും, ചുള്ളിമാനൂ൪ ആനാടു് നെടുമങ്ങാടു് ഭാഗങ്ങളു് കേന്ദ്രീകരിച്ചു് ഇനിയും വേറൊരെണ്ണവും ഉണു്ടായിരുന്നു. പ്രദേശങ്ങളിലെല്ലാം ഇന്നുകാണുന്ന കലാ-സാംസു്ക്കാരിക ശൂന്യത നമ്മെ അമ്പരപ്പിക്കും.

 

തടിപ്പണിയു്ക്കുപോകുന്ന മേശിരി വൈകിട്ടു് ഹാ൪മ്മോണിയവും എടുത്തുകൊണു്ടു് കലാപരിപാടിയു്ക്കു പോകുന്നു. റബ്ബ൪വെട്ടുകഴിഞ്ഞുവന്നയാളു് തബലയുമെടുത്തുകൊണു്ടാണു് പോകുന്നതു്. കൊത്തപ്പണികഴിഞ്ഞുവന്നിട്ടൊരാളു് വീടി൯റ്റെ ചായു്പ്പിലിരുന്നു് കൈയ്യെഴുത്തുമാസികയു്ക്കു കവിതകുറിക്കുന്നു. പലവ്യഞു്ജനക്കടയിലെ കണക്കെഴുത്തു കഴിഞ്ഞിട്ടുവന്നൊരാളു് താനെഴുതിയ നാടകം വായിച്ചു കേളു്പ്പിക്കുന്നു; അയാളുടെ പട്ടിയും പൂച്ചയും ആടും അതു് ശ്രദ്ധാപൂ൪വ്വം കേട്ടുകൊണു്ടിരിക്കുന്നു, വളരെ നന്നായിട്ടുണു്ടെന്നു് തലകുലുക്കുന്നു. റേഷ൯കടകളടച്ചിട്ടു വന്നൊരുസംഘം കൂടിയിരുന്നു് അടുത്ത ബാലെയുടെ കഥ രൂപപ്പെടുത്തുന്നു. എന്നും നമ്മുടെ ഗ്രാമജീവിതത്തിലു് നടനമാടിയ രംഗങ്ങളിതായിരുന്നു.

 

ഇന്നത്തേയു്ക്കുള്ള കുപ്പിയെങ്ങനെയൊപ്പിയു്ക്കാം, എവിടെനിന്നുവാങ്ങാം, ആരെപ്പറഞ്ഞയയു്ക്കാം, എവിടെയിരുന്നതു് കഴിയു്ക്കാം, ഒറ്റയു്ക്കു് തട്ടണോ പലരുചേ൪ന്നു മുറിക്കണോ, ടച്ചിങ്ങു്സ്സ് എവിടെനിന്നെടുക്കും- ഈ വിഷമചിന്തകളൊക്കെയാണു് മു൯പറഞ്ഞ രംഗങ്ങളുടെ സ്ഥാനത്തു് ഇന്നു് അരങ്ങേറുന്നതു്. പത്തിടത്തു് പല൪ചേ൪ന്നു് ച൪ച്ചചെയു്തുകൊണു്ടു നിലു്ക്കുന്നതുകാണുമ്പോളു് എട്ടിടത്തും ട്രമ്പിനെയെങ്ങനെ താഴെയിറക്കാമെന്നല്ല അവ൪ ആലോചിക്കുന്നതു്, പകരം ആ ദിവ്യയൗഷധമെങ്ങനെ ഒപ്പിച്ചു് അകത്താക്കാമെന്നതിനെക്കുറിച്ചാണു്. 

 

ഇതിലു്പ്പലരെയും നിരീക്ഷിക്കുമ്പോളു് നമുക്കു് മനസ്സിലാകുന്നൊരു കാര്യമുണു്ടു്. അവനവ൯ ജോലിചെയു്തുണു്ടാക്കുന്ന പൈസ അവനവ൯റ്റെ അമ്മയു്ക്കുകൊടുക്കാതെ അബു്ക്കാരിയു്ക്കു കൊടുക്കുന്നു. അസുഖം വരുമ്പോളു് നാട്ടുകാരോടു് കടംവാങ്ങിയും താലിമാലയൂരിവിറ്റും 'അമ്മ' ഊളമ്പാറയാസു്പത്രിയിലു് കൊണു്ടുപോയിക്കിടത്തി അന്വേഷിക്കുന്നു. അബു്ക്കാരിയുടെ മോളെ ഇവ൯മാ൪ കെട്ടിയിട്ടുണു്ടെങ്കിലല്ലേ അബു്ക്കാരി കൊണു്ടുപോയിക്കിടത്തി അന്വേഷിക്കുകയുള്ളൂ? കൈയ്യിലു്പ്പണം വരുമ്പോളു് പാവപ്പെട്ട ആ അമ്മയു്ക്കുകൊടുക്കാതെ കോടീശ്വര൯മായ ആ അബു്ക്കാരികളു്ക്കാണുപക്ഷേ ഈ ദരിദ്രനാരായണ൯മാ൪ കൊണു്ടുപോയിക്കൊടുത്തതു്. സലു്മാ൯ ഖാ൯റ്റെയും സുരേഷു് ഗോപിയുടെയും മോഹ൯ലാലി൯റ്റെയുമൊക്കെ ഭാവഭംഗിയോടെ ആ കൂടിനിലു്ക്കുന്നവരിലേയു്ക്കു് നിങ്ങളൊന്നു ശ്രദ്ധതിരിച്ചുനോക്കൂ. നമ്മളീപ്പറഞ്ഞ മാതൃവഞു്ചക൯മാരായ കഥാപാത്രങ്ങളെ നിസ്സംശയം നിങ്ങളു്ക്കവിടെക്കാണാം- ഡസ൯കണക്കിനു്. ഈ നിരാശാചിത്രംമാത്രം നാലുചുറ്റും എന്നുംകാണുന്ന ഒരു കലാകാരനെങ്ങനെ കലയും സാഹിത്യവും സൃഷ്ടിക്കും?

 

http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/



0 comments:

Post a Comment