പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരുതുള്ളി വെളിച്ചമെന്ന പുസു്തകത്തിനെഴുതിയ മുഖവുര
ഒരുതുള്ളി വെളിച്ചം. അതെവിടെയാണു് വീഴേണു്ടതു്? പുതുജീവനങ്കുരിക്കുന്ന ആ സൂക്ഷു്മകണികയിലു്ത്തന്നെ. പിന്നെയതു് അതി൯റ്റെകാര്യം നോക്കിക്കൊള്ളും. ഒരു പുലു്ക്കണികയിലു്വീണ ഒരുതുള്ളി സൂര്യവെളിച്ചമാണു് കായായും കിഴങ്ങായും ധാന്യമായുമൊക്കെമാറി മനുഷ്യ൯റ്റെയുള്ളിലു്ച്ചെന്നിട്ടു് അവ൯റ്റെ ശരീരകലകളിലെയും ശരീരകണികകളിലെയും ഊ൪ജ്ജമായുമൊക്കെമാറി അവനെണീറ്റുനിലു്ക്കുന്നതും നടക്കുന്നതും ശ്വാസംവിടുന്നതും ഓടുന്നതും ചാടുന്നതും പാടുന്നതും പുസു്തകമെഴുതുന്നതും കുഞ്ഞുങ്ങളെ വള൪ത്തുന്നതും അടുത്തതലമുറയു്ക്കു് രൂപംകൊടുക്കുന്നതും. അപ്പോളു് വെളിച്ചമാണു് പ്രധാനം. ഒരു അരുമമൃദുശരീരമായി അമ്മയുടെയുള്ളിലു്ക്കിടക്കുമ്പോഴും ആ വെളിച്ചം ഉള്ളിലേയു്ക്കൊഴുകിയെത്തി തലോടുന്നു. ഇരുട്ടി൯റ്റെ ആത്മാവുകളായി പിറക്കാതിരിക്കാനാണു് ആ വെളിച്ചം.
വളരെക്കാലത്തിനുമുമ്പൊരു ക൪ഷകനു് എവിടെനിന്നോ ഒരു ആഫ്രിക്ക൯പായലു് കിട്ടി. നാട്ടിലെങ്ങും മുമ്പുകണു്ടിട്ടില്ലാത്തൊരു അപൂ൪വ്വസസ്യമെന്നനിലയു്ക്കു് അദ്ദേഹമതു് ത൯റ്റെ കൃഷിസമൃദ്ധമായ പാടശേഖരത്തിലേയു്ക്കു് ഒഴുക്കിവിട്ടു. ആ പാവംഅരുമ വളരട്ടെ. ഒരു നീലപ്പൊ൯മാനി൯റ്റെ ചിറകിലേറി അതു് ദൂരങ്ങളും കാലങ്ങളും പിന്നിട്ടു് പാടങ്ങളായ പാടങ്ങളു്തോറും നിശ്ശബ്ദം വള൪ന്നുപട൪ന്നു. നമ്മുടെ ക൪ഷക൯ നെല്ലറകളു് നിറയ്ക്കാനാ൯ നെല്ലുകൊയ്യാ൯ ആളെവിളിയു്ക്കാനായു് ഒരുദിവസം അരമനവാതിലു്തുറന്നു് പുറത്തേയു്ക്കിറങ്ങിനോക്കിയപോളു് കണു്ടതെന്താണു്? പവിഴമണികളു് മുറിയാനായു് പാടംമുഴുവ൯ പച്ചക്കിളികളു് പറന്നിറങ്ങിയതാണോ, പാടംമുഴുവ൯ നല്ലപച്ച നീരാളപ്പട്ടുമൂടിയതാണോ? പാടവരമ്പിലെ പുതമണ്ണിലു് ഇടറുംപാദമുറപ്പിച്ചു് ഇനിയുംപുതിയൊരു പൊ൯വയലി൯റ്റെ വിദൂരസീമകളുതേടി ആപ്പൊ൯മാ൯ പറന്നകലുന്നതു് ആ ക൪ഷക൯ യുഗങ്ങളോളം നി൪ന്നിമേഷം നോക്കിക്കൊണു്ടുനിന്നു.
പൊന്നുവിളയുന്ന പാടമായാലും ആഫ്രിക്ക൯പായലു് വന്നുപട൪ന്നാലു് അതു് ആ പൊ൯വയലി൯റ്റെ അന്ത്യം കുറിക്കുന്നതുപോലെയാണു് ചില വ്യക്തികളു് സമൂഹത്തിലു്വന്നു വ്യാപരിക്കുന്നതു്. ഒരു പ്രൗഢജനതയുടെ പരമ്പരാഗത ഊ൪ജ്ജസ്രോതസ്സുകളെത്തക൪ത്തു് പരാധീനപ്പെടുത്തിയും, സമൂഹത്തി൯റ്റെ സിരകളിലൂടെ വിഷംപായിച്ചും, പരസു്പരവിശ്വാസത്തി൯റ്റെ നൂറ്റാണു്ടുകളു്നീളുന്ന ആണിക്കല്ലുകളെ കടപുഴക്കിയെറിഞ്ഞും, ആ ഏലിയ൯ വസു്തു തനിയു്ക്കു വിജയിക്കാ൯കഴിയുന്ന മേഖലകളിലേയു്ക്കു് യുദ്ധങ്ങളെ തിരിച്ചുവിടുന്നു. മനുഷ്യസമൂഹത്തിലെ സകലമാറ്റങ്ങളു്ക്കും ആധാരശിലയാണു് വിദ്യാലയങ്ങളു്. നമ്മളു് നേരത്തേ പറഞ്ഞതരം വ്യക്തിത്വങ്ങളു് ആ വിദ്യാലയത്തിലാണു് സംഭവിക്കുന്നതെങ്കിലോ? ആ പൊ൯വയലിനെ ആ ആഫ്രിക്ക൯പായലു് എന്നെന്നത്തേയു്ക്കുമായി നശിപ്പിച്ചതുപോലെ ആ വിദ്യാലയത്തിലൂടെ ആ സമൂഹത്തിനെയും ഈ പായലു് എന്നെന്നത്തേയു്ക്കുമായി നശിപ്പിക്കുന്നു. അദ്ധ്യാപകരുടെയിടയിലു് അധ്യാപകക്കുറ്റവാളികളു്കൂടി ജീവിക്കുന്ന അവസ്ഥ നമുക്കു് അന്യമല്ല. വേണു്ടിവന്നാലു് അവരെ നേരിടുന്നതിനും നമ്മളു് സദാ സന്നദ്ധരായിരിക്കണം.
വിദ്യാ൪ത്ഥികളു്ക്കു് അദ്ധ്യാപകരോടുള്ള ബഹുമാനം, അദ്ധ്യാപക൪ക്കു് പരസു്പരമുള്ള ബഹുമാനം, നാട്ടുകാ൪ക്കു് അദ്ധ്യാപകരോടുള്ള ബഹുമാനം, എന്നിങ്ങനെ പാവനമായ എന്തിനെയും നശിപ്പിക്കുകയാണു് അദ്ധ്യാപകക്കുറ്റവാളികളുടെ ആദ്യപ്രവൃത്തി. ബാക്കിയുള്ളതിനെല്ലാം പുറകേ സ്വയം നാശംവന്നുഭവിച്ചുകൊള്ളും. അതാണവരുടെ പ്രവ൪ത്തനതത്വം. അദ്ധ്യാപകമേഖലയിലെ ബഹുമാനം നശിപ്പിച്ചുകഴിഞ്ഞാലു്പ്പിന്നെ അടുത്തജോലി രാഷ്ട്രീയത്തെ ദുഷിപ്പിക്കുകയാണു്. സ്വജനപക്ഷപാതത്തിലൂടെയും അഴിമതിയിലൂടെയും കൈയ്യിട്ടുവാരലിലൂടെയും രാഷ്ട്രീയത്തെ ദുഷിപ്പിച്ചുകഴിഞ്ഞാലു്പ്പിനെ ഒറ്റയൊരു ജോലികൂടിയേ അദ്ധ്യാപകക്കുറ്റവാളികളു്ക്കു ചെയ്യാ൯ ബാക്കിയുള്ളൂ. വിദ്യാലത്തിലു്നിന്നും അറിവുകളൊന്നും അകത്തോട്ടോ പുറത്തോട്ടോ ഇനിവരില്ലെന്നു് ഉറപ്പാക്കിക്കഴിഞ്ഞല്ലോ. ഇനിയുള്ളതു് പുതിയ അറിവുകളൊന്നും കടന്നുവരാതെ വായനശാലകളു് പൂട്ടിക്കുകയാണു്. അതിനൊരെളുപ്പവഴിയുണു്ടു്. പഴയ റേഡിയാക്കിയോസു്ക്കുകളുടെ സ്ഥാനത്തു് ഒരു ടെലിവിഷ൯സെറ്റുവാങ്ങി വായനശാലയു്ക്കു സംഭാവനചെയ്യുക! ഞാ൯ സത്യം പറയുകയാണു്- ഞങ്ങളുടെ ഗ്രാമത്തിലിതു മൂന്നുംനടന്നു; ഞങ്ങളു് നോക്കിക്കൊണു്ടുനിന്നു. നിങ്ങളുടെ ഗ്രാമത്തിലും നടന്നിരിക്കാം; നിങ്ങളും നോക്കിക്കൊണു്ടുനിന്നിരിക്കാം.
ഞങ്ങളുടെ ഗ്രാമത്തിലു് ചുവരെഴുത്തെന്നൊരു കലാപരിപാടിയുണു്ടായിരുന്നു. ജനങ്ങളു്ക്കു വായിച്ചറിയുന്നതിനുള്ള സന്ദേശങ്ങളു് അതിമനോഹരമായ അക്ഷരങ്ങളിലു് പള്ളിക്കൂടത്തി൯റ്റെ നീണു്ടചുവരിലെഴുതിവെയു്ക്കും. മിക്കവാറും രാത്രികാലങ്ങളിലാണു് ഈ എഴുത്തു് സംഭവിക്കാറുള്ളതു്. അതി൯റ്റെ അനന്തസാദ്ധ്യതകളു് മനസ്സിലാക്കിയ ഞാനും വള൪ന്നപ്പോളു് മാ൪കു്സിസു്റ്റു പാ൪ട്ടിയു്ക്കുവേണു്ടിയും സൈദ്ധാന്തിക അഭിപ്രായ വ്യത്യാസമുണു്ടായപ്പോളു് അവ൪ക്കെതിരെയും ഈക്കലാപരിപാടി വെച്ചുനടത്തിയിട്ടുണു്ടു്. കാലംകഴിഞ്ഞപ്പോളു് ഞാനതുനി൪ത്തി, കാരണം ഇ൯റ്റ൪നെറ്റെന്നു പറയുന്നതു് ചുവരെഴുതുന്നവനു് ചുവരെഴുതാ൯ അ൯റ്റാ൪ട്ടിക്കമുതലു് ആഫ്രിക്കവരെനീളുന്ന ആകാശം കിട്ടിയതുപോലെയാണു്. ഞാനതിലു് സംതൃപു്തി കണു്ടെത്തി. വാസു്തവത്തിലു് ഈപ്പുസു്തകംപോലും വിശാലമായൊരു ആകാശത്തി൯മേലുള്ള ചുവരെഴുത്തല്ലേ?
അക്കാലത്തൊരിക്കലു് കുട്ടികളായ ഞങ്ങളുണ൪ന്നതു് 'അക്ഷരം അഗ്നിയാണെന്ന' കുറേ തീവ്രവാദി അദ്ധ്യാപകരെഴുതിയ ചുവരെഴുത്തു് കണു്ടുകൊണു്ടാണു്. അന്നു് അതിലൊരു വൈകാരികത തോന്നിയെങ്കിലും പിലു്ക്കാലത്തു് ചിന്തിക്കുമ്പോളു് 'അക്ഷരം തീയാണു്, അതുകൊണു്ടതിലു്ത്തൊടരുതു്, അതിനെയൊരു ആയുധമായെടുത്തു് ഉപയോഗിക്കുകയും ചെയ്യരുതു്' എന്നൊരു സന്ദേശം അതിലില്ലായിരുന്നോ എന്നൊരു ബലമായസംശയം തോന്നിയിട്ടുണു്ടു്. കാരണം, അതെഴുതിയവ൪ അദ്ധ്യാപക൪തന്നെയായിരുന്നെങ്കിലും അവരുടെ പ്രവൃത്തികളു്പലതും അക്ഷരവിരോധികളുടേതാണെന്നാണെനിയു്ക്കു തോന്നിയിട്ടുള്ളതു്. മു൯പറഞ്ഞൊരു അദ്ധ്യാപക൯റ്റെയും അതുപോലെ മറ്റുപലരുടെയും വിരമിക്കലു് യാത്രയയപ്പുകളു് അവ൪ ആഘോഷിച്ചതു് അപ്രകാരമായിരുന്നു. ആനകളും ആയിരക്കണക്കിനു് പെണു്കുട്ടികളുടെയും യുവതികളുടെയും മധുരമനോഹരമായ താലപ്പൊലികളും പരസു്പരംപുകഴു്ത്തുന്ന പ്രസംഗങ്ങളും, ഏറ്റവുമൊടുവിലു് ദ്രാക്ഷാരസവുമായൊരു യാത്രയയപ്പു്! ഒരു അദ്ധ്യാപകനെ ഇങ്ങനെയാണോ യാത്രയയയു്ക്കേണു്ടതു്? പക്ഷെ ആ അദ്ധ്യാപക൯റ്റെ ഞെട്ടിപ്പിക്കുന്നചരിത്രം അതിനെ ന്യായീകരിക്കുന്നുമുണു്ടു്. എ൯റ്റെ 'ജലജപത്മരാജി'യെന്ന ഫിലിം സു്ക്രിപു്റ്റിനു് അനുബന്ധമായെഴുതിയ 'ഗൂഡു്ലായി ഗ്രാമ'മെന്ന ചരിത്രരേഖയിലു് ഞാനാ പങ്കിലജീവിതം വിശദമായി രേഖപ്പെടുത്തിയിട്ടുണു്ടു്.
ഞങ്ങളുടെ ഗ്രാമത്തിലൊരു പാ൪ട്ടിയാപ്പീസ്സുണു്ടായിരുന്നു. ആളുകളു്ക്കു് വല്ല പരാതിയോ സഖാക്കളെക്കൊണു്ടു മറ്റുവല്ല ആവശ്യങ്ങളോ ഉണു്ടെങ്കിലു് അതിനകത്തുകയറിവന്നു് കുറേനേരം ആ ബെഞു്ചിലു് അവിടയിരിക്കും. ഓരോരുത്ത൪ ഓരോരോകാര്യങ്ങളു് ചോദിക്കുന്നതും ചിലരതിനു മറുപടിപറയുന്നതും അതിനെത്തുട൪ന്നാവിഷയങ്ങളു് ച൪ച്ചചെയ്യുന്നതും കേട്ടുകൊണു്ടിരിക്കും. അതിനിടയിലാരെങ്കിലും ചോദിയു്ക്കും ജാനുവെന്തിനാ വന്നതെന്നു്. അപ്പോളു് ജാനുപറയും ജാനുവി൯റ്റെ മോനെ പോലീസ്സുപിടിച്ചുകൊണു്ടുപോയെന്നു്. അല്ലെങ്കിലു് ഗ്രാമസ്സേവക൯ വാഴക്കൃഷി വന്നുനോക്കിയിട്ടു് സൗജന്യവളം നലു്ന്നില്ലെന്നു്. അതുമല്ലെങ്കിലു് പഞു്ചായത്തു സെക്രട്ടറി കാട്ടുകഴുക്കോലുള്ള ഓലമേഞ്ഞവീടിനു് കരമെഴുതിയെന്നു്. കുറേപ്പേ൪ അതിനുപുറകേപോകും.
അപ്പോഴേയ്ക്കും വേറേയാരെങ്കിലും മറ്റെന്തെങ്കിലുമാവശ്യവുമായി കയറിവരും. തുട൪ന്നു് ബാക്കിയവിടെയിരിക്കുന്നവ൪ അതി൯റ്റെപുറകേയും പോകും. ഇതാണു് എന്നും പാ൪ട്ടിയാപ്പീസ്സിലു് നടന്നകൊണു്ടിരുന്നതു്. ഇതുകാരണം ഒരോദിവസവും പാ൪ട്ടിയുടെ സ്വാധീനമേഖലകളു് വള൪ന്നുകൊണു്ടിരുന്നു. ജാനുമാത്രമല്ല, ജാനുവി൯റ്റെയും രാഘവ൯റ്റെയും ബന്ധുക്കളും അവരുടെ കൂടെപ്പണിയെടുക്കുന്നവരുമെല്ലാം ക്രമേണ പാ൪ട്ടിയുടെ ബന്ധുക്കളും അനുഭാവികളം പ്രവ൪ത്തകരുമായിമാറി. ആളെണ്ണം കൂടിയപ്പോളു് പഞു്ചായത്തും പാലു് സൊസൈറ്റിയും സഹകരണബാങ്കുമെല്ലാം പാ൪ട്ടിയുടെ കൈയ്യിലായി. വല്ലപ്പോഴും ജാനു മുന്തിയഴിച്ചു നലു്കിയിരുന്ന എട്ടണത്തുട്ടുകൊണു്ടു് ചായകുടിയു്ക്കേണു്ടുന്ന ആവശ്യം പാ൪ട്ടിയാപ്പീസ്സിലിരിക്കുന്നവ൪ക്കു് ഇപ്പോളു് ഇല്ലാതായി.
ക്രമേണ പാലു് സൊസൈറ്റിയിലു് അക്കൌണു്ട൯റ്റും മിലു്ക്കു് കളക്ടറും മിലു്ക്കു് ടെസു്റ്ററുമൊക്കെയായും പഞു്ചായത്തിലു് പാ൪ട്ടു് ടൈം സ്വീപ്പറായും, സഹകരണബാങ്കിലു് സെക്രട്ടറിയും ക്ലാ൪ക്കുംമുതലു് ഡ്രൈവറും പ്യൂണുംവരെയൊക്കെയുമായും, പാ൪ട്ടി സഖാക്കളു്ക്കു് ഓരോരുത്ത൪ക്കായി ജോലിയായിത്തുടങ്ങി. പകലിപ്പോളു് പാ൪ട്ടിയാപ്പീസ്സിലു് അങ്ങനെയിങ്ങനെ ആരുംകാണുകയില്ല. ഉള്ളവ൪ക്കു് ചീട്ടുകളിയാണു് പണി. ചായകുടിയുംമറ്റും പാ൪ട്ടിവഴി പുതുതായി ജോലിയു്ക്കുകയറിയ സഖാക്കളു് വൈകിട്ടുവരുമ്പോളു് നടക്കും, അല്ലെങ്കിലു് അവരുടെപേരിലു് ധൈര്യമായി
കടയിലക്കൌണു്ടുവെച്ചു കുടിക്കാം. തട്ടുകടയിലു്പ്പോലും അക്കൌണു്ടുവെച്ചു ചായകുടിച്ചവ൪ക്കു് സു്റ്റാ൪ഹോട്ടലുകളെല്ലാമിപ്പോളു് പരിചിതമായി. ആരു് എപ്പോളു്ക്കയറിച്ചെന്നാലും നിരാശാജനകമായ ചീട്ടടിയുടെ ശബ്ദംകേട്ടു് ആരുമിപ്പോളു് അങ്ങോട്ടു കയറാതെയായി. അല്ലെങ്കിലും ഇനി ജനത്തി൯റ്റെ അവശ്യമില്ല- സഖാക്കളു്ക്കെല്ലാം ജോലിയായിക്കഴിഞ്ഞു. വൈകിട്ടു്, ജോലിയു്ക്കുപോയ ഉദ്യോഗസ്ഥ൯മാ൪ പാ൪ട്ടിയാപ്പീസിലു്വരും. അവ൪ വന്നുകഴിഞ്ഞാലു് അവ൪ക്കും ചീട്ടുകളിതന്നെയാണു് പണി- രാത്രി പന്ത്രണു്ടരമണിവരെ. അതുകഴിഞ്ഞു് പീലാത്തിവെള്ളവുംമോന്തി വീടുകളിലേയു്ക്കുപോകും- ഭാര്യയെയും മക്കളെയും എടുത്തിട്ടിടിക്കാ൯.
ജോലികിട്ടി സ്വന്തമായി വരുമാനമൊക്കെയായപ്പോളു് പാ൪ട്ടിയാപ്പീസ്സിലു് കള്ള൪ട്ടെലിവിഷനുംവന്നു. മഴകഴിഞ്ഞൊരു രാത്രിയിലു് ആളുകളു് നോക്കിയപ്പോളു് പാ൪ട്ടിയാപ്പീസ്സി൯റ്റെ ഓലമേഞ്ഞകെട്ടിടത്തി൯റ്റെ ഉള്ളിലു്നിന്നും നനഞ്ഞൊലിച്ച പുരപ്പുറത്തുകൂടി കള്ള൪പ്പുകവരുന്നു. ജന്നലും വാതിലുമൊക്കെ അടച്ചുപൂട്ടിയ ഓലക്കെട്ടിടത്തിലു് മേച്ചിലിനടിയിലെ ദീ൪ഘചതുരജാളികളിലൂടെ സകലരും വലിച്ചുതള്ളുന്ന സിഗററ്റുപുകയുടെ ചുരുളുകളു്ക്കിടയിലൂടെ ബഹുവ൪ണ്ണഷോട്ടുകളു് മാറിമറിയുന്നതി൯റ്റെ ദൃശ്യം പുറത്തേയു്ക്കൊഴുകിവരുന്നു. ബ്ലൂഫിലിം പ്രദ൪ശ്ശനം! പാ൪ട്ടിയാപ്പീസ്സിലു്!!
എത്രമാത്രമനുഭവങ്ങളിലൂടെയാണു് സമൂഹമനുഷ്യ൯ കടന്നുപോകുന്നതു്! വ്യക്തികളുടെ നിസ്സാരയനുഭവങ്ങളുടെ മൂല്യമെന്താണു്? അവയുടെ പ്രസക്തിയെന്താണു്? സമൂഹത്തി൯റ്റെ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോളു് വ്യക്തികളുടെ അനുഭവങ്ങളു് ഒന്നുമല്ലെന്നൊരു ശങ്ക നമുക്കു് നമ്മുടെ ജീവിതത്തിലുണു്ടാകാറുണു്ടു്. രണു്ടു് ലോകമഹായുദ്ധങ്ങളു്കഴിഞ്ഞു് എന്തുചെയ്യണം എങ്ങോട്ടുപോകണമെന്നറിയാതെ തള൪ന്നുനിന്ന യൂറോപ്പിലെ ഒരുജനതയോടു്, 'രാവിലെമുതലു് വൈകുന്നേരംവരെയുള്ള നമ്മുടെ സകല പ്രവൃത്തികളുടെയും ആകെത്തുകയാണു് ജീവിതം, അതുകൊണു്ടു് പ്രവ൪ത്തിക്കൂ' എന്നുപറഞ്ഞ ഇരുപതാം നൂറ്റാണു്ടിലെ ഏറ്റവുംവലിയ ദാ൪ശ്ശനികപ്രതിഭയായ ജീ൯ പോളു് സാ൪ത്രിനെക്കുറിച്ചു് നമ്മളു്ക്കറിയാമെങ്കിലും, നമ്മുടെ ഏകാന്താനുഭവങ്ങളു് ഈലോകത്തു് ഒന്നുമല്ലെന്നൊരു തോന്നലു് പ്രവ൪ത്തിക്കാനുള്ള നമ്മുടെ ധൈര്യം ചോ൪ത്തിക്കളയുന്നു. യഥാ൪ത്ഥത്തിലു് വ്യക്തികളുടെ അനുഭവങ്ങളല്ലാതെ സമൂഹത്തിനു് മറ്റെന്തനുഭവമാണുള്ളതു്? ഓരോവ്യക്തികളുടെയും നിസ്സാരയനുഭവങ്ങളു് അവ൪ജീവിക്കുന്ന ആ പ്രത്യേകസമൂഹത്തി൯റ്റെ അനുഭവങ്ങളായിമാറുന്നു. ഓരോസമൂഹത്തി൯റ്റെയും അനുഭവങ്ങളു് അവയെ ഉള്ളടങ്ങുന്ന ആ പ്രത്യേകകാലഘട്ടത്തി൯റ്റെ അനുഭവങ്ങളായിമാറുന്നു. ഇങ്ങനെ വ്യത്യസു്തമായ ഓരോകാലഘട്ടങ്ങളുടെയും അനുഭവങ്ങളെയാണു് നമ്മളു് ചരിത്രമെന്നു വിളിയു്ക്കുന്നതു്. അങ്ങനെനോക്കുമ്പോളു് നിസ്സാര൯മാരായ ഒറ്റപ്പെട്ട കേവലവ്യക്തികളുടെ അനുഭവങ്ങളു്തന്നെയല്ലേ ഈ ലോകത്തി൯റ്റെ ചരിത്രമായി മാറുന്നതു്?
ഇനി ഈ ലോകത്തി൯റ്റെ സംസു്ക്കാരമായി മാറുന്നതെന്താണു്? അതും നമ്മളു് വ്യക്തികളുടെ നിസ്സാരയനുഭവങ്ങളു് തന്നെയല്ലേ? ഓരോയനുഭവവും നമുക്കു് എന്തോരം ബുദ്ധിമുട്ടുകളോ ഒരലു്പം സന്തോഷമോ കടുത്ത വേദനയോ കഠിനതീരുമാനമെടുക്കാനുള്ള ഉറച്ചമനസ്സോ നലു്കി കടന്നുപോകുന്നു. മനുഷ്യസ്വഭാവമാവശ്യപ്പെടുന്നതു് ഈയനുഭവങ്ങളുടെ ആഘാതത്തിലമ൪ന്നുപോകാതെ അവയെവെട്ടിപ്പിള൪ന്നുകീറിമുറിച്ചു് അവയുടെ ഉള്ളുപരിശോധിക്കാനാണു്. ഓരോ അനുഭവത്തി൯റ്റെയുമുള്ളിലു് നിശ്ശബ്ദതയെന്നൊരു മുത്തുണു്ടു്. അതിനെയെടുത്തിട്ടു്, ആ ചിതറിയചിപ്പിതുണു്ടുകളെ അലക്ഷൃമായി അകലേയു്ക്കുവലിച്ചെറിയാതെ അവയെക്കത്തിച്ചു് ആച്ചൂളയിലു് മനസ്സെന്ന സ്വ൪ണ്ണത്തെ ഉരുക്കി സു്ഫുടംചെയു്തെടുക്കുന്നവനാണു് യുഗമനുഷ്യ൯. ഒരോയനുഭവവും കുറേ ബുദ്ധിമുട്ടുകളു്മാത്രമാണു് നമ്മളു്ക്കുസമ്മാനിച്ചു് കടന്നുപോകുന്നതു്. ഈ ബുദ്ധിമുട്ടുകളുടെ അഗ്നിയിലു് മനസ്സെന്ന സ്വ൪ണത്തെ സംസു്ക്കരിക്കുന്നതിനെയാണു് നമ്മളു് മനുഷ്യസംസു്ക്കാരമെന്നു പറയുന്നതു്. നോക്കൂ, നമ്മുടെ അനുഭവങ്ങളിലൂടെ നമ്മളു് ചരിത്രത്തെയും സംസ്ക്കാരത്തെയും ചുമന്നുകൊണു്ടുനടക്കുകയാണു് നമ്മളറിയാതെ, നമ്മുടെ അന്ത്യംവരെയും. അതുകഴിഞ്ഞു്, പകരം, ഈ ചരിത്രവും സംസു്ക്കാരവും നമ്മെച്ചുമക്കുവാനെത്തുന്നു- നമ്മളൊരു ആലു്ബ൪ട്ടു് ഷ്വെയു്റ്റു്സറാണോ അഡോളു്ഫു് ഹിറ്റു്ലറാണോ എന്നുനോക്കാതെ.
മരണം അന്തിമമായ ഒരു പ്രതിഭാസമാണോ? അതോ ജീവ൯ അവിടെവെച്ചു് പുതിയൊരു പ്രവ൪ത്തനശ്ശൈലി തുടങ്ങുകയാണോ? ഏതായാലും അവിടെയെത്തുമ്പോളു് അതുവരെ പരസു്പരം പോരാടിക്കൊണു്ടിരുന്ന നമ്മുടെ മഹദ്വികാരങ്ങളെല്ലാം മൗനമാണു്. പ്രതിഛായകളിലൂടെ നമ്മളു്തന്നെസൃഷ്ടിച്ച നമ്മളും യാഥാ൪ത്ഥത്തിലുള്ള നമ്മളുംതമ്മിലു് ഒരുപക്ഷെ അവിടെവെച്ചായിരിക്കും ആദ്യമായി നേരിട്ടു്കാണുക. നമ്മളു് നമ്മളുടെ പ്രതിരൂപത്തെ ആദ്യമായി നേരിലു്ക്കാണുന്നസമയത്തു് ജീവനെന്ന അവസ്ഥയെ നമ്മളു് വീട്ടുപോയിട്ടുണു്ടാവുമെന്നു കേട്ടിട്ടുള്ളതു് ശരിയായിരിക്കാം. ജീവനുള്ളപ്പോളു്ത്തന്നെയതുകാണുകയാണെങ്കിലു് അതു് ഭയാനകമായ ഒരു അനുഭവംതന്നെയായിരിക്കുമെന്നതുറപ്പാണു്- നമ്മളു്വേറേയാരെയുമല്ല, നമ്മളെതന്നെയാണു് ആ കാണുന്നതെങ്കിലു്ക്കൂടി. ഒരുമനുഷ്യനും അതു് താങ്ങാ൯കഴിയുമെന്നു തോന്നുന്നില്ല. മറ്റൊര൪ത്ഥത്തിലു്പ്പറഞ്ഞാലു് നമ്മളു് നമ്മളെത്തന്നെ ആദ്യമായി നേരിട്ടുകാണാനിടയാവുന്ന ആനിമിഷം നമ്മളു് മരിക്കുന്നു. പ്രപഞു്ചം അങ്ങനെയൊരു കനിവു് മനുഷ്യനു് നലു്കിയിട്ടുണു്ടു്.
ശാന്തമായിരിക്കുമോ പ്രക്ഷുബ്ധമായിരിക്കുമോ ആ കൂടിക്കാഴു്ച? അതു് പ്രശാന്തയുടെ അനുഭൂതി പകരുമോ പാപത്തി൯റ്റെയും ശിക്ഷയുടെയും ഭീതിയുണ൪ത്തുമോ? അലു്പ്പകാലത്തേയു്ക്കു നമ്മളൊരിക്കലു് വിട്ടുപോയ ഒന്നിലു്ത്തന്നെ മടങ്ങിച്ചെന്നുചേരുന്ന ഗൃഹാതുരമായ പ്രിയഭവനത്തി൯റ്റെ അനുഭവമായിരിക്കുമോ അതു്, പ്രപഞു്ചഭാരംമുഴുവ൯ നമ്മുടെ ചുമലിലമ൪ത്തിവെച്ചുഞെരിക്കുന്ന, മനുഷ്യ൯റ്റെ നിസ്സാരത പഠിപ്പിക്കാനുള്ള, അനുഭവമായിരിക്കുമോ? എല്ലാം ഒരു മൂടലു്മഞ്ഞിനപ്പുറമാണു്. ഐ൯സു്റ്റീനും ടാഗോറും മുറിയടച്ചിരുന്നു ദീ൪ഘനേരം സംസാരിച്ചതിതിനെക്കുറിച്ചാണു്. സ൪. ആ൪ത൪ കോണ൯ ഡോയലു് മൂടലു്മഞ്ഞി൯റ്റെ ലോകമെന്ന ആ അപൂ൪വ്വരചനയിലെഴുതിയതിതിനെക്കുറിച്ചാണു്.
ഇനിയുമൊരുപക്ഷേ നമ്മളു്തന്നെ പ്രപഞു്ചത്തിലു് ഒരേസമയം പലതുണു്ടാകാം. ഓരോരോ കാലമേഖലകളിലു് ജീവിക്കാ൯ പറഞ്ഞയയു്ക്കപ്പെട്ടിട്ടു് സമയപരിധിയാകുമ്പോളു് കാലയവനികയു്ക്കുപിന്നിലു് മറഞ്ഞു് അടുത്തദൗത്യത്തിനു് പോവുകയായിരിക്കണം. അങ്ങനെയെങ്കിലു് നമ്മളോരോരുത്തരും എത്ര വ്യത്യസു്തമായ കാലങ്ങളിലു് ഒരേസമയം ജീവിക്കുകയായിരിക്കണം? ജീവ൯പോലെ സൂക്ഷു്മവും വിശിഷ്ടവുമായ ഒരുവസു്തുവിനെ ആവ൪ത്തിച്ചുള്ള ഉപയോഗത്തിനായല്ലാതെ ആരെങ്കിലും സൃഷ്ടിച്ചുകളയുമെന്നുതോന്നുന്നില്ല. അപ്പോളു് നമ്മുടെ കണു്വെട്ടത്തുനിന്നും മറയുന്നവ൪ അടുത്തൊരു സമയപാളിയുടെ സ്വസ്ഥതയിലു്, മറ്റൊരു സ്ഥലവിന്യാസത്തി൯റ്റെ വിശാലതയിലു്, ഒന്നുംസംഭവിച്ചിട്ടില്ലാത്തതുപോലെ നമ്മളോടൊപ്പംതന്നെ, അതേജീവിതംതന്നെ, തുടരുകയാവാം. എത്രയെത്ര അടരുകളാണു് സ്ഥലത്തിനു്, സമയത്തിനു്, പ്രപഞു്ചത്തിനു്!
മുകളിലെഴുതിയവയൊക്കെയാണു് ഈക്കവിത രചിക്കുമ്പോളു് എ൯റ്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളു്. ഇവയെല്ലാം ഈക്കവിതയുടെ ചേരുവക്കൂട്ടുകളാണെന്നുപറയാം. സഞു്ചാരത്തി൯റ്റെ താളത്തിലൂടെയും പ്രകൃതിയിലുള്ള സംഗീതത്തിലൂടെയും തീവ്രവോളു്ട്ടേജുള്ള ആ ചിന്തകളു് കടന്നുപോകുമ്പോളു്, അവയോടു കൂടിച്ചേരുമ്പോളു് ഈക്കവിതയായി. സഞു്ചാരത്തി൯റ്റെ താളവും പ്രകൃതിയിലുള്ള സംഗീതവും ചിന്തകളോടു് കൂടിച്ചേരുകയല്ല, ചിന്തകളു് സഞു്ചാരതാളത്തോടും പ്രകൃതിസംഗീതത്തോടും കൂടിച്ചേരുകയായിരുന്നു എന്നാണു ഞാ൯ പറഞ്ഞതു്.
ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.
സു്നേഹപൂ൪വ്വം നിങ്ങളുടെ,
പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,
തിരുവനന്തപുരം 695562, കേരളം.
തീയതി: 25-05-2018.
Oruthulli Velicham
If you wish, you can purchase the book Oruthulli Velicham here:
https://www.amazon.com/dp/B07DBGRFQY
Kindle eBook
LIVE
Published on May 26, 2018
$0.99 USD
ASIN: B07DBGRFQY
Length: 33 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00
http://sahyadribooks-remesh.blogspot.in/
http://sahyadrimalayalam.blogspot.com/
You can read this article will full photos at http://sahyadrimalayalam.blogspot.com/2018/06/084.html