07 September, 2013

എന്‍െറ നാട്ടിലൊരു ‘കുടിയനുണ്ടായിരുന്നു....’

0

കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ ആരോ പറഞ്ഞാണറിഞ്ഞത് ആ മരണ വാര്‍ത്ത. അദ്ദേഹം നാട്ടിലെല്ലാര്‍ക്കും അറിയ്യപ്പെടുന്ന ഒരു കള്ളുകുടിയനായിരുന്നു. അതുമാത്രമല്ല കക്ഷി ഒരു കാഥികനും വിപ്ളവഗാനങ്ങള്‍ ഒക്കെ ചൊല്ലി നടക്കുന്ന ആളുമായിരുന്നു. അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥപേര് ഇവിടെ കുറിക്കുന്നില്ല. അദ്ദേഹത്തെ നമുക്ക് ‘ദാസ് ’ എന്നുവിളിക്കാം. ദാസേട്ടന്‍ ഒരു നിരുപദ്രവ കക്ഷിയായിരുന്നു. കുടിച്ച് ലക്കുകെട്ട് നടക്കുമ്പോള്‍ ഒരു അസഭ്യംപോലും പറയില്ല. കുടിച്ച് കഴിഞ്ഞാല്‍ അസഭ്യം പറയാത്ത ഒരു കുടിയനും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പക്ഷെ ദാസേട്ടന്‍ ആരുടെയും മെക്കിട്ടു കേറാനും പോകില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാലും തല്ലിക്കോടാ..തല്ലി തല്ലി കൈ തളര്‍ന്ന് നീ താഴെ വീഴത്തെയുള്ളൂവെന്ന ഭാവത്തില്‍ നില്‍ക്കും. അതാണ് ദാസേട്ടന്‍. ഗ്രാമ പാതകളില്‍ അയ്യാള്‍ തന്‍െറ വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിലാകെ ചെളിയും പറ്റിച്ച് വായിലെ മുറുക്കാന്‍ തുപ്പലും ഒലിപ്പിച്ച് നില്‍ക്കുമ്പോള്‍ ഒരു തടിയന്‍ മുയല്‍ രണ്ട് കൈയുമുയര്‍ത്തി നില്‍ക്കുന്നപോലെ തോന്നുമായിരുന്നു.‘ബലികുടീരങ്ങള്‍’ അതിമനോഹരമായി പാടുമായിരുന്നു. ആ പാട്ട്കേട്ട് ഞങ്ങളുടെ ഗ്രാമത്തിലെ കമ്യൂണിസ്റ്റ് വിരോധികള്‍ പോലും രോമാത്തോടെ നില്‍ക്കുമായിരുന്നു. കഥാപ്രസംഗം പറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ഇഷ്ട കഥകള്‍ സാംബശിവന്‍ കൈകാര്യം ചെയ്യുന്ന പശ്ചാത്ത സാഹിത്യ കൃതികള്‍ ആയിരുന്നു. പച്ചവെള്ളം പോലെ ദാസേട്ടന്‍ യൂറോപ്പ്യന്‍മാരുടെ ഇതിഹാസങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എത്രയോവട്ടം ഞങ്ങളുടെ ഉല്‍സവ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
സ്വന്തം ജീവിതം നശിപ്പിച്ച ആള്‍
ദാസേട്ടനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കുടിയന്‍മാരെയും പോലെ സ്വന്തം ജീവിതവും കുടുംബവും നശിപ്പിച്ച ആള്‍ എന്ന് പറയേണ്ടിവരും. കാരണം ഓരോ മദ്യപാനിയും ഒരു കുടുംബത്തിന്‍െറ അപമാനത്തിന് കാരണമാണ്. അവര്‍ കുടിച്ച് സ്വബോധം നഷ്ടപ്പെട്ട് തെരുവില്‍ കൂത്താടുമ്പോള്‍ ഇല്ലാതാകുന്നത് അയ്യാളുടെ കുടുംബത്തിന്‍െറ ആത്മാഭിമാനങ്ങളാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ദാസേട്ടന്‍ റെയില്‍വെയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അയ്യാളുടെ ജോലി അയ്യാള്‍ തന്നെ ഒടുക്കത്തെ കുടിമൂലം ഇല്ലാതാക്കുകയായിരുന്നുവത്രെ. അങ്ങനെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തി അയ്യാള്‍ ഭാര്യയെയും രണ്ട് മക്കളെയും കൊണ്ട് ഞങ്ങളുടെ നാട്ടില്‍ വരികയായിരുന്നു. ഭാര്യ ട്യൂഷനെടുത്തായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. ദാസേട്ടന്‍ മദ്യപിക്കാനുള്ള പണം കണ്ടത്തൊനായി ചില അല്ലറ ചില്ലറ ജോലികള്‍ ചെയ്തിരുന്നു. അതാകട്ടെ പഞ്ചായത്ത് ആഫീസിന്‍െറയും പോലീസ് സ്റ്റേഷന്‍െറയും മുമ്പിലിരുന്ന് പരാതികളും അപേക്ഷകളും എഴുതി കിട്ടുന്ന പണം കൊണ്ടായിരുന്നു. ഉച്ചയോടെ തന്നെ ഡ്യൂട്ടി അവസാനിപ്പിച്ച് അയ്യാള്‍ മദ്യപാനം തുടങ്ങും. തെരുവില്‍ കുടിച്ച് അയ്യാള്‍ ബലികുടീരങ്ങള്‍ പാടിത്തിമര്‍ക്കുമ്പോള്‍ റോഡിലുടെ പോയ പെണ്‍കുട്ടി അപമാനം കൊണ്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഒരിക്കല്‍ കാണേണ്ടിവന്നിട്ടുണ്ട്. അതുകണ്ട് ചിലര്‍ രസംപിടിച്ച് കൂവി വിളിച്ചിട്ടുമുണ്ട്.
എന്നിട്ടും ആ കുടുംബം അതിജീവനത്തിനായി പൊരുതി
കുടുംബനാഥന്‍ കുടിച്ച് ലക്കുകെട്ട് എല്ലാം വിറ്റുതുലച്ച് ആടിപ്പാടി നടക്കുമ്പോള്‍ പക്ഷെ ആ കുടുംബം ജീവിതം പാതിയില്‍ മുറിച്ച് കളയാന്‍ ഒരുങ്ങിയില്ല. ഒരു കയര്‍ത്തുമ്പിലോ, അരളിക്കായ അരച്ച് കലക്കി കുടിച്ചോ എല്ലാം അവസാനിപ്പിക്കണമെന്ന് ആ കുടുംബം എത്രയോ പ്രാവശ്യം വിചാരിച്ച് കാണും. എന്നാല്‍ ദാസേട്ടന്‍െറ ഭാര്യ ഓടിനടന്ന് ട്യൂഷനെടുത്ത് മക്കള്‍ക്ക് ഭക്ഷണവും പഠിക്കാനുള്ള സാഹചര്യവുമുണ്ടാക്കി. കുട്ടികള്‍ നന്നായി പഠിച്ചു. എന്നിട്ടും ദാസേട്ടന് ഒരു മാറ്റവും ഉണ്ടായില്ല. അയ്യാള്‍ കൂടുതല്‍ സമയവും കുടിച്ച് സ്വയം മറന്ന് ഭൂമിയില്‍ തനിക്ക് അതിരില്ളെന്ന മട്ടില്‍ നടന്നു. ഒടുവില്‍ ബോധംകെടുമ്പോള്‍ അവിടെ കിടന്നുറങ്ങി. ഉണരുമ്പോള്‍ നായയോടും കാക്കയോടും മല്ലിട്ടു. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ദാസേട്ടന്‍െറ മകളും മകനും ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ഉദ്യോഗം നേടി. അവര്‍ വീട് പുതുക്കി പണിഞ്ഞു. നല്ല കുപ്പായങ്ങള്‍ അണിഞ്ഞു. കാര്‍ വാങ്ങി. പിതാവ് കുടിയനാണെന്ന ഒറ്റ കുറവെയുള്ളൂ എന്ന ഇമേജില്‍ ഒരുവിധം മാന്യമായ കുടുംബങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തി. എന്നിട്ടും അയ്യാളൊരിക്കലും കുടി നിര്‍ത്തിയില്ല. ഒടുവില്‍ രോഗിയായി. ആശുപത്രിയിലായി. നരകിച്ച് മരിച്ചു.
നിങ്ങളുടെ നാട്ടിലും ഉണ്ടാകില്ളേ ഒരു കുടിയന്‍..?
എല്ലാ നാട്ടിലും ഉണ്ടാകും ഓരോ ദാസേട്ടന്‍മാര്‍. കുടിച്ച് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയ മനുഷ്യന്‍മാര്‍. അവരെയോര്‍ത്ത് പേടിച്ച് വിറച്ച് രാത്രികള്‍ പിന്നിട്ട സ്ത്രീകള്‍. കുട്ടികള്‍. ഈ മദ്യപാനികളുടെ വംശത്തിന് എന്നാണ് ഒരു അറുതി വരിക..മദ്യാസക്തിയുടെ പിടിയിലമര്‍ന്ന കേരളത്തില്‍ ഈ ചോദ്യം രാകി കൂര്‍പ്പിച്ച ഒരു ചാട്ടുളി പോലെ ഉയരുകയാണ്. മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ പിന്നിടുന്ന കേരളം ഇത്തരത്തിലെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പറയേണ്ടി വരും.

0 comments:

Post a Comment