ഓണക്കാഴ്ചയുമായി ആദിവാസികളെത്തി
|
Category :
എഡിറ്റര്‍,
ലേഖനം
തിരുവനന്തപുരം: തങ്ങളുടെ മുന്‍ തലമുറക്കാര്‍ക്ക് കൃഷിചെയ്യാന്‍ പട്ടയം നല്‍കിയതിന്റെ നന്ദി പുതുക്കാന്‍ ഓണക്കാഴ്ചയുമായി ആചാരം തെറ്റിക്കാതെ ആദിവാസികള്‍ പട്ടം കൊട്ടാരത്തിലെത്തി. വനവിഭവങ്ങളും കാര്‍ഷികോത്പന്നങ്ങളും സമര്‍പ്പിച്ച് ഓണക്കോടിയും വാങ്ങി തങ്ങളുടെ പരാതികളും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് പറഞ്ഞു. തുടര്‍ന്ന് ആചാരപ്രകാരം വണങ്ങി. ഇവര്‍ക്ക് മധുരവും 10,000 രൂപ സഹായവും നല്‍കി.ഊരുമൂപ്പന്‍ പാവം കാണിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ എഴുപതോളം പേരാണ് ഓണക്കാഴ്ചയുമായി എത്തിയത്. അഗസ്ത്യാര്‍കൂടത്തിന് സമീപം കോട്ടൂരിലെ 27 ആദിവാസി സെറ്റില്‍മെന്റുകളിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. വാഴക്കുല , മുളംകുറ്റിയില്‍ ശേഖരിച്ച കാട്ടുതേന്‍, ചെന്തെങ്ങിന്‍ കുല, കാട്ടുവഴുതനം, നാരങ്ങ, കാര്‍ഷിക വിഭവങ്ങള്‍, ചൂരലിലും ഈറ്റയിലും നെയ്‌തെടുത്ത കുട്ടകള്‍, ഔഷധക്കിഴങ്ങുകള്‍ എന്നിവയാണ് കൊണ്ടുവന്നത്.
വാഹനസൗകര്യമുള്ളിടത്ത് എത്താന്‍ 30 കിലോമീറ്ററോളം നടക്കണം. വണ്ടികള്‍ ആദിവാസി കോളനികളിലേക്ക് വരുന്നില്ല. കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. മുള്ളുവേലി കെട്ടിയോ കിടങ്ങ് നിര്‍മ്മിച്ചോ മാത്രമേ ഇവയെ തടയാനാവൂ. മന്ത്രിമാരോട് പറഞ്ഞ് ഇവയ്ക്ക് പരിഹാരം ഉണ്ടാക്കിത്തരണമെന്നും ഇവര്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്ന് മാര്‍ത്താണ്ഡവര്‍മ്മ ഉറപ്പു നല്‍കി. കഴിഞ്ഞവര്‍ഷം രാജകുടുംബാംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒരു വാഹനം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
0 comments:
Post a Comment