04 September, 2013

കണക്കിലെ കുരുക്കുകളഴിച്ച് ഭാസ്‌കരന്‍മാഷിന്റെ അധ്യാപനതന്ത്രം

0

മുള്ളരിങ്ങാട് (ഇടുക്കി): കണക്കിനെ വരുതിയിലാക്കാന്‍ തലപുകയ്ക്കുന്നവര്‍ ഈ കണക്കുമാഷിനെ അറിയുക. ഇടുക്കി മുള്ളരിങ്ങാട്ടെ ഭാസ്‌കരന്‍മാഷിന്റെ മുന്നില്‍ കണക്ക് തോറ്റുതൊപ്പിയിടും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണക്കുപാഠങ്ങളുടെ കടമ്പകടക്കാന്‍ എഴുപതാം വയസ്സിലും ഭാസ്‌കരന്‍മാഷ് പഠനോപകരണങ്ങളും പദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തുകയാണ്. 

കളിപ്പാട്ടങ്ങള്‍, ചിത്രങ്ങള്‍, സൂത്രവാക്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയാല്‍ ഗണിതം എളുപ്പമാക്കാമെന്നും രസകരമാക്കാമെന്നും കണ്ടെത്തിയ ഈ അധ്യാപകന്‍ അരനൂറ്റാണ്ടുകാലമായി 'കണക്കി'ന്റെ പണിപ്പുരയിലാണ്. വീട്ടിലും സമീപത്തെ ട്യൂഷന്‍ സെന്ററിലുമായി ഭാസ്‌കരന്‍മാഷ് രൂപകല്പനചെയ്ത അമ്പതോളം പഠനോപകരണങ്ങളുണ്ട്.

എസ്.എസ്.എല്‍.സി.യും ടി.ടി.സി.യും പാസ്സായശേഷം അധ്യാപകപരിശീലനംനേടിയ ഇദ്ദേഹം മുപ്പതുവര്‍ഷം മുള്ളരിങ്ങാട് നാഷണല്‍ എല്‍.പി. സ്‌കൂളില്‍ അധ്യാപകനായിരുന്നു.

ഗണിതം ലളിതമായി പഠിപ്പിക്കാനുള്ള ഭാസ്‌കരന്‍മാഷിന്റെ കഴിവ് അധ്യാപന പരിശീലന കേന്ദ്രങ്ങള്‍ പിന്നീട് പ്രയോജനപ്പെടുത്തി. ഡി.പി.ഇ.പി. ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാന പാഠപുസ്തക സമിതിയിലും ഭാസ്‌കരന്‍മാഷ് അംഗമായിരുന്നിട്ടുണ്ട്. കവികൂടിയായ കളത്തില്‍ വീട്ടില്‍ ഭാസ്‌കരന്‍ ഗണിതപദപ്രശ്‌നങ്ങള്‍ക്ക് ഉത്തരമായി മലയാളപദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

'സ്പര്‍ശരേഖ വരച്ചീടാന്‍
ബിന്ദുവും വൃത്തകേന്ദ്രവും
ഒത്ത മദ്ധ്യമുറപ്പിക്കും
വൃത്തമൊന്നു വരയ്ക്കണം' 


ഇത്തരത്തിലുള്ള പദ്യങ്ങളും നിരവധിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര സെമിനാറുകളില്‍ പങ്കെടുക്കാന്‍ പഠനോപകരണങ്ങളുമായി കേരളത്തിലെമ്പാടും ഭാസ്‌കരന്‍മാഷ് ഇപ്പോള്‍ യാത്രചെയ്യുന്നു.'ത്രികോണമിതി സമവാക്യങ്ങള്‍ മുപ്പതെണ്ണം രണ്ടുമണിക്കൂര്‍കൊണ്ട് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുമെന്ന ഉറപ്പും ഈ മാഷിനുണ്ട്. ഹാര്‍ഡ്‌ബോര്‍ഡ്, കുപ്പികള്‍, ബള്‍ബുകള്‍, പാത്രങ്ങള്‍, പമ്പരം, മുത്തുമണികള്‍, മുളംകുറ്റികള്‍, പാഴ്‌വസ്തുക്കള്‍ എന്നിവയെല്ലാം ഈ അധ്യാപകന്റെ കൈകളില്‍ ഗണിതോപകരണങ്ങളാകുന്നു.കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി കളികളും മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വീടിനോടുചേര്‍ന്നുള്ള 'എകൈ്‌സറ്റ്' സ്റ്റഡിസെന്ററും ഒരു കൊച്ചു ഗണിതസര്‍വകലാശാലയാണ്. കണക്കിന്റെ കാര്യത്തില്‍ എത്തുംപിടിയും കിട്ടാത്തവര്‍ക്ക് ഭാസ്‌കരന്‍മാഷിന്റെ വക രസക്കൂട്ടുകളും നുറുങ്ങുവിദ്യകളുമുണ്ട്. പഠനസൂത്രങ്ങള്‍, നിഴലുകള്‍ എന്നീ കൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ലീലയാണ് ഭാര്യ. ദിനേശ്, ലസ്സിമോള്‍, സജിമോള്‍ എന്നിവരാണ് മക്കള്‍.

0 comments:

Post a Comment