10 September, 2013

പൂ ചൂടും നാട്.....

1


ഓണക്കാഴ്ചയുമായി ആദിവാസികളെത്തി

0

തിരുവനന്തപുരം: തങ്ങളുടെ മുന്‍ തലമുറക്കാര്‍ക്ക് കൃഷിചെയ്യാന്‍ പട്ടയം നല്‍കിയതിന്റെ നന്ദി പുതുക്കാന്‍ ഓണക്കാഴ്ചയുമായി ആചാരം തെറ്റിക്കാതെ ആദിവാസികള്‍ പട്ടം കൊട്ടാരത്തിലെത്തി. വനവിഭവങ്ങളും കാര്‍ഷികോത്പന്നങ്ങളും സമര്‍പ്പിച്ച് ഓണക്കോടിയും വാങ്ങി തങ്ങളുടെ പരാതികളും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് പറഞ്ഞു. തുടര്‍ന്ന് ആചാരപ്രകാരം വണങ്ങി. ഇവര്‍ക്ക് മധുരവും 10,000 രൂപ സഹായവും നല്‍കി.ഊരുമൂപ്പന്‍ പാവം കാണിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ എഴുപതോളം പേരാണ് ഓണക്കാഴ്ചയുമായി എത്തിയത്. അഗസ്ത്യാര്‍കൂടത്തിന് സമീപം കോട്ടൂരിലെ 27 ആദിവാസി സെറ്റില്‍മെന്റുകളിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. വാഴക്കുല , മുളംകുറ്റിയില്‍ ശേഖരിച്ച കാട്ടുതേന്‍, ചെന്തെങ്ങിന്‍ കുല, കാട്ടുവഴുതനം, നാരങ്ങ, കാര്‍ഷിക വിഭവങ്ങള്‍, ചൂരലിലും ഈറ്റയിലും നെയ്‌തെടുത്ത കുട്ടകള്‍, ഔഷധക്കിഴങ്ങുകള്‍ എന്നിവയാണ് കൊണ്ടുവന്നത്.
വാഹനസൗകര്യമുള്ളിടത്ത് എത്താന്‍ 30 കിലോമീറ്ററോളം നടക്കണം. വണ്ടികള്‍ ആദിവാസി കോളനികളിലേക്ക് വരുന്നില്ല. കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. മുള്ളുവേലി കെട്ടിയോ കിടങ്ങ് നിര്‍മ്മിച്ചോ മാത്രമേ ഇവയെ തടയാനാവൂ. മന്ത്രിമാരോട് പറഞ്ഞ് ഇവയ്ക്ക് പരിഹാരം ഉണ്ടാക്കിത്തരണമെന്നും ഇവര്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്ന് മാര്‍ത്താണ്ഡവര്‍മ്മ ഉറപ്പു നല്‍കി. കഴിഞ്ഞവര്‍ഷം രാജകുടുംബാംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒരു വാഹനം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

09 September, 2013

അത്തപ്പൂവ്

0

അത്തപ്പൂക്കളം
ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്നപുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതു രാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.
ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.
ഓണം കേരളീയരുടെ ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടതോടെ. അത്തപ്പൂവിടൽ മത്സരങ്ങൾ നടത്തിവരുന്നുണ്ട്.

പൂക്കളം-തുമ്പ പൂവ്

0

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ്:Leucas aspera). ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.

എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്.

ഔഷധപ്രയോഗങ്ങൾ

  • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
  • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
  • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.

07 September, 2013

എന്‍െറ നാട്ടിലൊരു ‘കുടിയനുണ്ടായിരുന്നു....’

0

കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ ആരോ പറഞ്ഞാണറിഞ്ഞത് ആ മരണ വാര്‍ത്ത. അദ്ദേഹം നാട്ടിലെല്ലാര്‍ക്കും അറിയ്യപ്പെടുന്ന ഒരു കള്ളുകുടിയനായിരുന്നു. അതുമാത്രമല്ല കക്ഷി ഒരു കാഥികനും വിപ്ളവഗാനങ്ങള്‍ ഒക്കെ ചൊല്ലി നടക്കുന്ന ആളുമായിരുന്നു. അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥപേര് ഇവിടെ കുറിക്കുന്നില്ല. അദ്ദേഹത്തെ നമുക്ക് ‘ദാസ് ’ എന്നുവിളിക്കാം. ദാസേട്ടന്‍ ഒരു നിരുപദ്രവ കക്ഷിയായിരുന്നു. കുടിച്ച് ലക്കുകെട്ട് നടക്കുമ്പോള്‍ ഒരു അസഭ്യംപോലും പറയില്ല. കുടിച്ച് കഴിഞ്ഞാല്‍ അസഭ്യം പറയാത്ത ഒരു കുടിയനും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പക്ഷെ ദാസേട്ടന്‍ ആരുടെയും മെക്കിട്ടു കേറാനും പോകില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാലും തല്ലിക്കോടാ..തല്ലി തല്ലി കൈ തളര്‍ന്ന് നീ താഴെ വീഴത്തെയുള്ളൂവെന്ന ഭാവത്തില്‍ നില്‍ക്കും. അതാണ് ദാസേട്ടന്‍. ഗ്രാമ പാതകളില്‍ അയ്യാള്‍ തന്‍െറ വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിലാകെ ചെളിയും പറ്റിച്ച് വായിലെ മുറുക്കാന്‍ തുപ്പലും ഒലിപ്പിച്ച് നില്‍ക്കുമ്പോള്‍ ഒരു തടിയന്‍ മുയല്‍ രണ്ട് കൈയുമുയര്‍ത്തി നില്‍ക്കുന്നപോലെ തോന്നുമായിരുന്നു.‘ബലികുടീരങ്ങള്‍’ അതിമനോഹരമായി പാടുമായിരുന്നു. ആ പാട്ട്കേട്ട് ഞങ്ങളുടെ ഗ്രാമത്തിലെ കമ്യൂണിസ്റ്റ് വിരോധികള്‍ പോലും രോമാത്തോടെ നില്‍ക്കുമായിരുന്നു. കഥാപ്രസംഗം പറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ഇഷ്ട കഥകള്‍ സാംബശിവന്‍ കൈകാര്യം ചെയ്യുന്ന പശ്ചാത്ത സാഹിത്യ കൃതികള്‍ ആയിരുന്നു. പച്ചവെള്ളം പോലെ ദാസേട്ടന്‍ യൂറോപ്പ്യന്‍മാരുടെ ഇതിഹാസങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എത്രയോവട്ടം ഞങ്ങളുടെ ഉല്‍സവ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
സ്വന്തം ജീവിതം നശിപ്പിച്ച ആള്‍
ദാസേട്ടനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കുടിയന്‍മാരെയും പോലെ സ്വന്തം ജീവിതവും കുടുംബവും നശിപ്പിച്ച ആള്‍ എന്ന് പറയേണ്ടിവരും. കാരണം ഓരോ മദ്യപാനിയും ഒരു കുടുംബത്തിന്‍െറ അപമാനത്തിന് കാരണമാണ്. അവര്‍ കുടിച്ച് സ്വബോധം നഷ്ടപ്പെട്ട് തെരുവില്‍ കൂത്താടുമ്പോള്‍ ഇല്ലാതാകുന്നത് അയ്യാളുടെ കുടുംബത്തിന്‍െറ ആത്മാഭിമാനങ്ങളാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ദാസേട്ടന്‍ റെയില്‍വെയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അയ്യാളുടെ ജോലി അയ്യാള്‍ തന്നെ ഒടുക്കത്തെ കുടിമൂലം ഇല്ലാതാക്കുകയായിരുന്നുവത്രെ. അങ്ങനെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തി അയ്യാള്‍ ഭാര്യയെയും രണ്ട് മക്കളെയും കൊണ്ട് ഞങ്ങളുടെ നാട്ടില്‍ വരികയായിരുന്നു. ഭാര്യ ട്യൂഷനെടുത്തായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. ദാസേട്ടന്‍ മദ്യപിക്കാനുള്ള പണം കണ്ടത്തൊനായി ചില അല്ലറ ചില്ലറ ജോലികള്‍ ചെയ്തിരുന്നു. അതാകട്ടെ പഞ്ചായത്ത് ആഫീസിന്‍െറയും പോലീസ് സ്റ്റേഷന്‍െറയും മുമ്പിലിരുന്ന് പരാതികളും അപേക്ഷകളും എഴുതി കിട്ടുന്ന പണം കൊണ്ടായിരുന്നു. ഉച്ചയോടെ തന്നെ ഡ്യൂട്ടി അവസാനിപ്പിച്ച് അയ്യാള്‍ മദ്യപാനം തുടങ്ങും. തെരുവില്‍ കുടിച്ച് അയ്യാള്‍ ബലികുടീരങ്ങള്‍ പാടിത്തിമര്‍ക്കുമ്പോള്‍ റോഡിലുടെ പോയ പെണ്‍കുട്ടി അപമാനം കൊണ്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഒരിക്കല്‍ കാണേണ്ടിവന്നിട്ടുണ്ട്. അതുകണ്ട് ചിലര്‍ രസംപിടിച്ച് കൂവി വിളിച്ചിട്ടുമുണ്ട്.
എന്നിട്ടും ആ കുടുംബം അതിജീവനത്തിനായി പൊരുതി
കുടുംബനാഥന്‍ കുടിച്ച് ലക്കുകെട്ട് എല്ലാം വിറ്റുതുലച്ച് ആടിപ്പാടി നടക്കുമ്പോള്‍ പക്ഷെ ആ കുടുംബം ജീവിതം പാതിയില്‍ മുറിച്ച് കളയാന്‍ ഒരുങ്ങിയില്ല. ഒരു കയര്‍ത്തുമ്പിലോ, അരളിക്കായ അരച്ച് കലക്കി കുടിച്ചോ എല്ലാം അവസാനിപ്പിക്കണമെന്ന് ആ കുടുംബം എത്രയോ പ്രാവശ്യം വിചാരിച്ച് കാണും. എന്നാല്‍ ദാസേട്ടന്‍െറ ഭാര്യ ഓടിനടന്ന് ട്യൂഷനെടുത്ത് മക്കള്‍ക്ക് ഭക്ഷണവും പഠിക്കാനുള്ള സാഹചര്യവുമുണ്ടാക്കി. കുട്ടികള്‍ നന്നായി പഠിച്ചു. എന്നിട്ടും ദാസേട്ടന് ഒരു മാറ്റവും ഉണ്ടായില്ല. അയ്യാള്‍ കൂടുതല്‍ സമയവും കുടിച്ച് സ്വയം മറന്ന് ഭൂമിയില്‍ തനിക്ക് അതിരില്ളെന്ന മട്ടില്‍ നടന്നു. ഒടുവില്‍ ബോധംകെടുമ്പോള്‍ അവിടെ കിടന്നുറങ്ങി. ഉണരുമ്പോള്‍ നായയോടും കാക്കയോടും മല്ലിട്ടു. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ദാസേട്ടന്‍െറ മകളും മകനും ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ഉദ്യോഗം നേടി. അവര്‍ വീട് പുതുക്കി പണിഞ്ഞു. നല്ല കുപ്പായങ്ങള്‍ അണിഞ്ഞു. കാര്‍ വാങ്ങി. പിതാവ് കുടിയനാണെന്ന ഒറ്റ കുറവെയുള്ളൂ എന്ന ഇമേജില്‍ ഒരുവിധം മാന്യമായ കുടുംബങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തി. എന്നിട്ടും അയ്യാളൊരിക്കലും കുടി നിര്‍ത്തിയില്ല. ഒടുവില്‍ രോഗിയായി. ആശുപത്രിയിലായി. നരകിച്ച് മരിച്ചു.
നിങ്ങളുടെ നാട്ടിലും ഉണ്ടാകില്ളേ ഒരു കുടിയന്‍..?
എല്ലാ നാട്ടിലും ഉണ്ടാകും ഓരോ ദാസേട്ടന്‍മാര്‍. കുടിച്ച് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയ മനുഷ്യന്‍മാര്‍. അവരെയോര്‍ത്ത് പേടിച്ച് വിറച്ച് രാത്രികള്‍ പിന്നിട്ട സ്ത്രീകള്‍. കുട്ടികള്‍. ഈ മദ്യപാനികളുടെ വംശത്തിന് എന്നാണ് ഒരു അറുതി വരിക..മദ്യാസക്തിയുടെ പിടിയിലമര്‍ന്ന കേരളത്തില്‍ ഈ ചോദ്യം രാകി കൂര്‍പ്പിച്ച ഒരു ചാട്ടുളി പോലെ ഉയരുകയാണ്. മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ പിന്നിടുന്ന കേരളം ഇത്തരത്തിലെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പറയേണ്ടി വരും.

അത്തം പത്തോണം

0

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയർ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണത്തിനെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു് നിൽക്കുകയും ചെയ്യുന്നു. തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകമെഴുതി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ പൂക്കളം ഒരുക്കാൻ തുടങ്ങുന്നു.

04 September, 2013

കണക്കിലെ കുരുക്കുകളഴിച്ച് ഭാസ്‌കരന്‍മാഷിന്റെ അധ്യാപനതന്ത്രം

0

മുള്ളരിങ്ങാട് (ഇടുക്കി): കണക്കിനെ വരുതിയിലാക്കാന്‍ തലപുകയ്ക്കുന്നവര്‍ ഈ കണക്കുമാഷിനെ അറിയുക. ഇടുക്കി മുള്ളരിങ്ങാട്ടെ ഭാസ്‌കരന്‍മാഷിന്റെ മുന്നില്‍ കണക്ക് തോറ്റുതൊപ്പിയിടും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണക്കുപാഠങ്ങളുടെ കടമ്പകടക്കാന്‍ എഴുപതാം വയസ്സിലും ഭാസ്‌കരന്‍മാഷ് പഠനോപകരണങ്ങളും പദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തുകയാണ്. 

കളിപ്പാട്ടങ്ങള്‍, ചിത്രങ്ങള്‍, സൂത്രവാക്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയാല്‍ ഗണിതം എളുപ്പമാക്കാമെന്നും രസകരമാക്കാമെന്നും കണ്ടെത്തിയ ഈ അധ്യാപകന്‍ അരനൂറ്റാണ്ടുകാലമായി 'കണക്കി'ന്റെ പണിപ്പുരയിലാണ്. വീട്ടിലും സമീപത്തെ ട്യൂഷന്‍ സെന്ററിലുമായി ഭാസ്‌കരന്‍മാഷ് രൂപകല്പനചെയ്ത അമ്പതോളം പഠനോപകരണങ്ങളുണ്ട്.

എസ്.എസ്.എല്‍.സി.യും ടി.ടി.സി.യും പാസ്സായശേഷം അധ്യാപകപരിശീലനംനേടിയ ഇദ്ദേഹം മുപ്പതുവര്‍ഷം മുള്ളരിങ്ങാട് നാഷണല്‍ എല്‍.പി. സ്‌കൂളില്‍ അധ്യാപകനായിരുന്നു.

ഗണിതം ലളിതമായി പഠിപ്പിക്കാനുള്ള ഭാസ്‌കരന്‍മാഷിന്റെ കഴിവ് അധ്യാപന പരിശീലന കേന്ദ്രങ്ങള്‍ പിന്നീട് പ്രയോജനപ്പെടുത്തി. ഡി.പി.ഇ.പി. ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാന പാഠപുസ്തക സമിതിയിലും ഭാസ്‌കരന്‍മാഷ് അംഗമായിരുന്നിട്ടുണ്ട്. കവികൂടിയായ കളത്തില്‍ വീട്ടില്‍ ഭാസ്‌കരന്‍ ഗണിതപദപ്രശ്‌നങ്ങള്‍ക്ക് ഉത്തരമായി മലയാളപദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

'സ്പര്‍ശരേഖ വരച്ചീടാന്‍
ബിന്ദുവും വൃത്തകേന്ദ്രവും
ഒത്ത മദ്ധ്യമുറപ്പിക്കും
വൃത്തമൊന്നു വരയ്ക്കണം' 


ഇത്തരത്തിലുള്ള പദ്യങ്ങളും നിരവധിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര സെമിനാറുകളില്‍ പങ്കെടുക്കാന്‍ പഠനോപകരണങ്ങളുമായി കേരളത്തിലെമ്പാടും ഭാസ്‌കരന്‍മാഷ് ഇപ്പോള്‍ യാത്രചെയ്യുന്നു.'ത്രികോണമിതി സമവാക്യങ്ങള്‍ മുപ്പതെണ്ണം രണ്ടുമണിക്കൂര്‍കൊണ്ട് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുമെന്ന ഉറപ്പും ഈ മാഷിനുണ്ട്. ഹാര്‍ഡ്‌ബോര്‍ഡ്, കുപ്പികള്‍, ബള്‍ബുകള്‍, പാത്രങ്ങള്‍, പമ്പരം, മുത്തുമണികള്‍, മുളംകുറ്റികള്‍, പാഴ്‌വസ്തുക്കള്‍ എന്നിവയെല്ലാം ഈ അധ്യാപകന്റെ കൈകളില്‍ ഗണിതോപകരണങ്ങളാകുന്നു.കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി കളികളും മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വീടിനോടുചേര്‍ന്നുള്ള 'എകൈ്‌സറ്റ്' സ്റ്റഡിസെന്ററും ഒരു കൊച്ചു ഗണിതസര്‍വകലാശാലയാണ്. കണക്കിന്റെ കാര്യത്തില്‍ എത്തുംപിടിയും കിട്ടാത്തവര്‍ക്ക് ഭാസ്‌കരന്‍മാഷിന്റെ വക രസക്കൂട്ടുകളും നുറുങ്ങുവിദ്യകളുമുണ്ട്. പഠനസൂത്രങ്ങള്‍, നിഴലുകള്‍ എന്നീ കൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ലീലയാണ് ഭാര്യ. ദിനേശ്, ലസ്സിമോള്‍, സജിമോള്‍ എന്നിവരാണ് മക്കള്‍.