13 April, 2013

മുറ്റത്തെ കണിക്കൊന്ന- മുല്ലനേഴി

2

അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ
മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ!
കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ്
മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍
കരിഞ്ഞ നെല്പ്പാടങ്ങള്‍, കര്‍ഷകര്‍, വിതുമ്പുന്ന
പൊലിഞ്ഞ സ്വപ്‌നങ്ങള്‍, ഈനാടാകെ ത്തിളയ്ക്കുമ്പോള്‍
എങ്ങനെയാഘോഷിയ്ക്കും വിഷു നാം നമ്മെത്തന്നെ
ചങ്ങലയ്ക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്‍?

കാതില്‍ മന്ത്രിപ്പൂ കണിക്കൊന്ന, യിക്കാലത്തിന്റെ
കാപട്യമറിയായ്കയാലെ നീ കവിയായി
ഒരു നക്ഷത്രം മങ്ങിമായുമ്പോള്‍ കേഴുന്നു നീ
ഒരു പൂകൊഴിയുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു നീ
ദുരിതം തീതുപ്പുന്ന വര്‍ത്തമാനത്തില്‍, മര്‍ത്ത്യ-
ചരിതം മറ്റൊന്നാക്കാന്‍ വെമ്പല്‍ കൊണ്ടീടുന്നു നീ
പാവമാം നാട്ടിന്‍പുറക്കാരിയെങ്കിലൂം, വെറും
പാവയല്ലല്ലോ നിന്റെ മുറ്റത്തെക്കണിക്കൊന്ന
ആകയാല്‍മണ്ണിന്‍ മാറില്‍ പൂത്തുനില്ക്കുന്നു, വിശ്വ-
മാകെയുമൊന്നാകുന്ന വിഷുവല്‍പ്രതീക്ഷയാല്‍.
(മുല്ലനേഴിയുടെ കവിത എന്ന പുസ്തകത്തില്‍ നിന്ന്)

2 comments:

Post a Comment