13 April, 2013

വിഷു - ബാലമണിയമ്മ

0


മറയുമാണ്ടിനെത്തടവി മിന്നുന്നൂ
മഹാനഗരത്തിന്‍ വിടര്‍ന്ന കണ്ണുകള്‍.

അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍.
പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന
പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;
അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്‍
മുടങ്ങാതേ നിന്നോരഭീഷ്ട ദര്‍ശനം.
തളികയില്‍ ബ്ഭൂവില്‍ വരങ്ങള്‍, ഒട്ടൊട്ടു
ചുളി പടരുമെന്‍ മുഖം മുകുരത്തില്‍;
കണിത്തിരികള്‍ക്കു പിറകിലായ്ക്കാലം
കനത്ത ഭിത്തിമേല്‍പ്പതിച്ച മുദ്രകള്‍;
കുരുന്നു കൈകള്‍ തന്‍ കളിമ്പ രേഖകള്‍,
വരണ്ടവയിലെ വിയര്‍പ്പിന്‍ പാടുകള്‍!
ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്‍മ്മയി-
ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്‍;
മനോമുകുളത്തെ മനുഷ്യസ്‌നേഹത്തിന്‍
മധുരനീരൂട്ടി വളര്‍ത്ത വര്‍ഷങ്ങള്‍.

നവാബ്ദമേ നിന്‍ കൈ ശിരസ്സില്‍ സ്​പര്‍ശിക്കെ
നഗരത്തിന്‍ കണ്‍കള്‍ വിടര്‍ന്നു മിന്നുന്നൂ
ഇളകും വാനിലെപ്പടകുടീരങ്ങള്‍-
ക്കിടയില്‍ നിന്നസ്മല്‍ ക്രിയാധി ദേവതേ

മുടിച്ചാര്‍ത്തിങ്കല്‍ത്തൂവെളിച്ചത്തിന്‍ പൂവും
മടിക്കുത്തില്‍ പുത്തന്‍ ഫലങ്ങളുമായ് നീ
ഇറങ്ങി നില്‍ക്കെ നിന്നനുഗ്രഹം ചുറ്റും
നിറഞ്ഞൊലിക്കെ, യെന്‍ ചെറു ഹൃദയത്തില്‍

നിഴല്‍ പരത്തുന്നൂ തിരുവരവേല്‍ക്കാന്‍
കഴിയാതേ മതില്‍ കടന്നു പോയവര്‍.

നിരന്നുയരും പാര്‍പ്പിടങ്ങള്‍ക്കപ്പുറ,-
ത്തിരമ്പുന്നൂ കടല്‍ത്തിരക,ളേന്തുന്നൂ.

0 comments:

Post a Comment