പാലോട്: ചിന്നംവിളിച്ച് കാട്ടാന മുന്നിലെത്തുമ്പോഴും,
കാടുവിറപ്പിക്കുന്ന കാട്ടുകള്ളന്‍ മാര്‍ക്ക് നടുവിലെത്തുമ്പോഴും വിനിത തെല്ലും
ഭയക്കുന്നില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ രാപ്പകലെന്യേ വിനിത കാടിനു കാവല്‍
നില്‍ക്കുന്നു. ജില്ലയിലെ ഏക വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മീനാങ്കല്‍, തെണ്ടിയാമല
ആദിവാസി ഊരിലെ ആര്‍. വിനിതയെന്ന 26 കാരിയാണ് പെണ്‍കരുത്തിന്റെ
മാതൃകയാകുന്നത്.
ബാല്യത്തിലേ വനമധ്യത്തില്‍ കാട്ടുമൃഗങ്ങളോടൊത്ത് കളിച്ചുവളര്‍ന്നതില്‍ നിന്നും കൈവന്ന ധൈര്യം വിനിതയ്ക്ക് ഇന്ന് കാട്ടില്‍ പണിയെടുക്കാന്‍ കരുത്താകുന്നു. അമ്മ രാജമ്മയുടെ കൈയും പിടിച്ച് വിനിത സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് തേവിയാരുകുന്ന് കാണി എല്‍.പി.എസ്സില്‍. രണ്ടര കിലോമീറ്ററിലധികം കാടിനുള്ളില്‍ കൂടി നടന്ന് മീനാങ്കലില്‍ എത്താനുള്ള ബുദ്ധിമുട്ട് വിനിതയെ കൊണ്ടെത്തിച്ചത് അമ്പൂരിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍. പ്ലസ്ടു പഠനംകഴിഞ്ഞതോടെ എസ്.ടി. പ്രൊമോട്ടര്‍ ആയി നിയമനം. രണ്ടു വര്‍ഷം ഈ ജോലിക്കിടയിലാണ് വനപാലകയായി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്.
2010 ഏപ്രില്‍ 12 ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണറിയുന്നത് ജില്ലയില്‍ വനം വകുപ്പില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി വിനിത മാത്രമേയുള്ളൂ. ആദ്യം ഒന്നമ്പരന്നെങ്കിലും വച്ച കാല്‍ പിന്നോട്ടുവെയ്ക്കാന്‍ വിനിത തയ്യാറായിരുന്നില്ല. സഹപ്രവര്‍ത്തകരെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ വിനിത തന്റെ ദൗത്യം ഭംഗിയായി മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ പാലോട് റേഞ്ച് ഓഫീസിലെ ജീവനക്കാരിയാണ് വിനിത.