ബിമല്‍ പേരയം (ദേശാഭിമാനി)
പാലോട്: ചക്ക വിഭവങ്ങളുടെ നാട്ടുരുചി ഗ്രാമങ്ങളില്‍നിന്ന് അകലുന്നു. പോഷകസമൃദ്ധമായ ഈ കായ്ഫലത്തിന്റെ മധുരിമ പുതുതലമുറയുടെ നാവിനും അന്യമാകുന്നു. ചക്കത്തോരന്‍ , ചക്കപ്രഥമന്‍ , ഉപ്പേരി എന്നിങ്ങനെ ചക്കകൊണ്ടുള്ള വിഭവങ്ങളും പഴുത്ത ചക്കകൊണ്ട് ചക്കയപ്പം, പായസം, ജാം എന്നിവയും പുതുതലമുറയ്ക്ക് അന്യമാകുകയാണ്. "കൊമ്പത്തെ സമ്പത്തും തീര്‍ന്നു, മക്കളെ ചെല്ലവും തീര്‍ന്നു" ചക്കയെക്കുറിച്ച് പഴമക്കാര്‍ക്കിടയിലുള്ള പഴഞ്ചൊല്ലാണിത്. സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിന്‍പുറങ്ങളിലും നല്ല വിലയാണ്. ചക്കപ്പഴക്കാലത്തോടൊപ്പം മഴക്കാലവും പെയ്തിറങ്ങിയതോടെ ഈ ഫലം നീറിത്തുടങ്ങി. വളരെയധികം ചക്കകള്‍ ഇത്തരത്തില്‍ ഇല്ലാതാകുന്നു. പഴയപോലെ ചക്കകൊണ്ടുള്ള വിഭവങ്ങള്‍ വീടുകളില്‍ നന്നേ കുറവാണ്. ചക്കകള്‍ പാഴാകുമ്പോള്‍ പഴയകാലത്തെ നാടന്‍വിഭവങ്ങളും ഇല്ലാതാകുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് പ്ലാവ്. കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായിട്ടുള്ളത്. കുംഭത്തില്‍ പോള ഇളകി കള പൊട്ടുന്ന ചക്ക മേടം, ഇടവം മാസങ്ങളിലാണ് പാകമാകുന്നത്. മിഥുനം പാതിവരെ ചക്കപ്പഴക്കാലമാണ്. മലയാളിയുടെ ചക്കപ്രിയം കുറഞ്ഞപ്പോള്‍ അടങ്കല്‍ തുകയ്ക്ക് വാങ്ങി തമിഴ്നാട്ടിലെത്തിച്ച് വിപണി കണ്ടെത്തുന്ന സംഘം പെരുകിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും വലിയ ഫലമെന്ന ഖ്യാതിയും ചക്കപ്പഴത്തിനുതന്നെ. അന്നജം, മാംസ്യം, ഇരുമ്പ്, കാത്സ്യം, ധാരാളം നാരുകള്‍ , വൈറ്റമിനുകള്‍ എന്നിവ ഉള്‍പ്പെട്ട പോഷകസമൃദ്ധമായ ഫലംകൂടിയാണ് ചക്ക. മുണ്ട, ചെറുമുണ്ട, വരിക്ക, മഞ്ഞപ്ലാവ് എന്നിങ്ങനെ വിവിധതരം പ്ലാവുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ ഒട്ടുപ്ലാവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അടങ്കല്‍ തുകയ്ക്ക് ചക്കകള്‍ വാങ്ങി നഗരങ്ങളിലും കമ്പോളങ്ങളിലും എത്തിക്കാറുണ്ട്. വന്‍തോതില്‍ വാഹനങ്ങളില്‍ ഇവ നഗരങ്ങളിലെത്തിയാല്‍ പൊള്ളുന്ന വിലയാണ്. ഫാക്ടറികളിലെത്തിച്ച് ചക്ക വറുത്തെടുത്ത് കവറുകളിലാക്കിയും വിപണിയിലെത്തിക്കുന്നു. വരിക്കപ്ലാവിനെ മൂടോടെ നിലനിര്‍ത്തി അതിന്റെയുള്ളിലെ കാതലില്‍നിന്ന് വിഗ്രഹം കൊത്തിയെടുക്കാറുണ്ട്. വിഗ്രഹം കൊത്തി മാറ്റുന്ന മരത്തിന്റെ ഭാഗം കാലാന്തരത്തില്‍ മൂടപ്പെട്ടുകൊള്ളും. കേരളത്തിലെ അനുഷ്ഠാന കലാരൂപമായ മുടിയേറ്റിന്റെ കിരീടം വരിക്കപ്ലാവില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്.
0 comments:
Post a Comment