03 June, 2012

'മാലാഖമാരുടെ വാദ്യം'

0



രേഷ്മ രാജു (കൃഷി ഓഫീസര്‍, പള്ളിക്കര കൃഷിഭവന്‍)





ഉദ്യാനപ്രേമികളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ ഇതാ ഒരു സുന്ദരി. 'ഏഞ്ചല്‍സ് ട്രമ്പറ്റ്' എന്നാണിവളുടെ പേര്. വഴുതനയും മുളകുമൊക്കെയുള്ള സൊളാനേസിയേ കുടുംബത്തിലെ ഒരംഗമാണിവള്‍. വലിപ്പമുള്ള മനോഹരമായ പൂക്കള്‍ ചെടി നിറയെ തൂങ്ങിനില്ക്കുന്നത് ഹൃദ്യമായ കാഴ്ചയാണ്. മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് തുടങ്ങി പല നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കള്‍. അടുക്കുള്ളതും ഇല്ലാത്തതുമായ ഇതളുകളുള്ള ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൂക്കള്‍ക്ക് 14 മുതല്‍ 50 സെ.മീ. വരെ നീളം കാണും. ഔഷധസസ്യമായ 'ഉമ്മ'ത്തിന്റെ പൂക്കളോട് സാദൃശ്യമുള്ളവയാണ് പൂക്കള്‍. പക്ഷേ, ഉമ്മത്തിന്റെതില്‍നിന്നും വ്യത്യസ്തമായി താഴേക്ക് തൂങ്ങിക്കിടക്കുന്നവയാണെന്നുമാത്രം.

വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് ഈ ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. നല്ല സൂര്യപ്രകാശമുള്ളയിടങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ ചെടി ഭാഗികമായ തണലും സഹിക്കും. തണ്ടുമുറിച്ച് നട്ടാണ് ചെടി നടേണ്ടത്. ഇതിനായി 10-20 സെ.മീ. നീളമുള്ള തലപ്പുകള്‍ വെട്ടിയെടുത്ത് നടണം. മണ്ണും മണലും കമ്പോസ്റ്റ് ചാണകവും 1: 2: 1 എന്ന അനുപാതത്തില്‍ എടുത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. അമ്ലത്വമുള്ള മണ്ണ് വളര്‍ച്ചയ്ക്കനുയോജ്യമാണ്. വരള്‍ച്ച തീരെ ഇഷ്ടമില്ലാത്തതിനാല്‍ ചെടി ഇടയ്ക്കിടെ നനച്ചുകൊടുക്കണം. പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നതിന് നനയും വളപ്രയോഗവുംകൂടുതല്‍ നല്‍കിയേ തീരൂ. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് ഗുണപ്രദമാണ്. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യം ചട്ടികളില്‍ നട്ടും വളര്‍ത്താം. പുല്‍ത്തകിടിക്ക് മാറ്റുകൂട്ടാന്‍ ഏഞ്ചല്‍സ് ട്രമ്പറ്റ് ഉപകരിക്കുമെന്നതില്‍ സംശയമേ വേണ്ട.
Courtesy:mathrubhumi.com

0 comments:

Post a Comment