20 June, 2012

കാട്ടാനകളെ തുരത്താന്‍ തേനീച്ചക്കെണിയൊരുക്കുന്നു

0





മൈസൂര്‍: വന്യമൃഗങ്ങളെ ചെറുക്കാനുള്ള വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് ആനകള്‍ ചരിയുന്നതു തടയാന്‍ വനം വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു. ഉഗാണ്ടയില്‍ പരീക്ഷിച്ചു വിജയിച്ച തേനിച്ചക്കെണിയാണ് കര്‍ണാടകത്തിലെ വനങ്ങളോടു ചേര്‍ന്നുള്ള ജവനവാസപ്രദേശങ്ങളില്‍ പരീക്ഷിക്കുന്നത്. ഉഗാണ്ടയില്‍ ഈ പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കൃഷിയിടങ്ങള്‍ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു മുപ്പതിലേറെ ആനകള്‍ ചരിഞ്ഞിരുന്നു. ഇതു മൃഗസ്‌നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിനു ഇടയാക്കിയതിനെ തുടര്‍ന്നാണ് ആനകളെ ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരിക്കുന്നത്.

കൃഷിയിടങ്ങള്‍ക്കു ചുറ്റുമുള്ള മുള്ളുവേലികളില്‍ തേനീച്ച കൂടുകള്‍ പ്രത്യേക രീതിയില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുക. തട്ടിയാല്‍ തേനീച്ചക്കൂടുകള്‍ ഇളകുന്ന വിധത്തിലുള്ളതാണ് വേലികളുടെ ഘടന. ആനകള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ ഇളകിയെത്തുന്ന തേനീച്ചകള്‍ തന്നെ ആനകളെ തിരിച്ചോടിക്കും. മാത്രമല്ല തേനീച്ചകളുടെ സാന്നിധ്യം അറിയാന്‍ ആനകള്‍ക്കു പ്രത്യേക കഴിവുള്ളതിനാല്‍ അവ ഈ മേഖലകളിലേക്ക് വരാനും മടികാണിക്കും. ഉഗാണ്ടയിലെ കൃഷിയിടങ്ങളിലും ക്യൂന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഈ കെണികള്‍ ഏറെ പ്രചാരം നേടിയിരുന്നു.

വോള്‍ക്കാനോസ് സഫാരിസ് പാര്‍ട്ണര്‍ഷിപ്പ് ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഉഗാണ്ടയില്‍ പദ്ധതി നടപ്പാക്കിയത്. കര്‍ണാടകത്തിലെ പദ്ധതിയുടെ മേല്‍നോട്ട ചുമതലയും ഇവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മൈസൂര്‍, കുടക്, ഹാസന്‍, ചാമരാജനഗര്‍, തുംകൂര്‍, രാംനഗര, മാണ്ഡ്യ തുടങ്ങി ആനകളുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലായിരിക്കും ഇവ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ കുടക്, ഹാസന്‍ ജില്ലകളിലാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്.പിന്നീട് മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജയ്മിശ്ര പറഞ്ഞു. ആനകളെ തടയുന്നതിനൊപ്പം തേന്‍ ഉത്പാദിപ്പിച്ചുകൊണ്ട് അധിക വരുമാനം കൂടി കര്‍ഷകര്‍ക്കു നല്‍കാന്‍ ഇതിലൂടെ പദ്ധതിയിടുന്നുണ്ട്. ആവശ്യമായ തേനീച്ചകളെ വനംവകുപ്പ് തന്നെയായിരിക്കും നല്‍കുക. ഇവിടെ നിന്നു ലഭിക്കുന്ന തേന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വാങ്ങുകയും ചെയ്യുമെന്നും അജയ് മിശ്ര പറഞ്ഞു.

08 June, 2012

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...

0

ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക..."

03 June, 2012

'മാലാഖമാരുടെ വാദ്യം'

0



രേഷ്മ രാജു (കൃഷി ഓഫീസര്‍, പള്ളിക്കര കൃഷിഭവന്‍)





ഉദ്യാനപ്രേമികളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ ഇതാ ഒരു സുന്ദരി. 'ഏഞ്ചല്‍സ് ട്രമ്പറ്റ്' എന്നാണിവളുടെ പേര്. വഴുതനയും മുളകുമൊക്കെയുള്ള സൊളാനേസിയേ കുടുംബത്തിലെ ഒരംഗമാണിവള്‍. വലിപ്പമുള്ള മനോഹരമായ പൂക്കള്‍ ചെടി നിറയെ തൂങ്ങിനില്ക്കുന്നത് ഹൃദ്യമായ കാഴ്ചയാണ്. മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് തുടങ്ങി പല നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കള്‍. അടുക്കുള്ളതും ഇല്ലാത്തതുമായ ഇതളുകളുള്ള ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൂക്കള്‍ക്ക് 14 മുതല്‍ 50 സെ.മീ. വരെ നീളം കാണും. ഔഷധസസ്യമായ 'ഉമ്മ'ത്തിന്റെ പൂക്കളോട് സാദൃശ്യമുള്ളവയാണ് പൂക്കള്‍. പക്ഷേ, ഉമ്മത്തിന്റെതില്‍നിന്നും വ്യത്യസ്തമായി താഴേക്ക് തൂങ്ങിക്കിടക്കുന്നവയാണെന്നുമാത്രം.

വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് ഈ ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. നല്ല സൂര്യപ്രകാശമുള്ളയിടങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ ചെടി ഭാഗികമായ തണലും സഹിക്കും. തണ്ടുമുറിച്ച് നട്ടാണ് ചെടി നടേണ്ടത്. ഇതിനായി 10-20 സെ.മീ. നീളമുള്ള തലപ്പുകള്‍ വെട്ടിയെടുത്ത് നടണം. മണ്ണും മണലും കമ്പോസ്റ്റ് ചാണകവും 1: 2: 1 എന്ന അനുപാതത്തില്‍ എടുത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. അമ്ലത്വമുള്ള മണ്ണ് വളര്‍ച്ചയ്ക്കനുയോജ്യമാണ്. വരള്‍ച്ച തീരെ ഇഷ്ടമില്ലാത്തതിനാല്‍ ചെടി ഇടയ്ക്കിടെ നനച്ചുകൊടുക്കണം. പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നതിന് നനയും വളപ്രയോഗവുംകൂടുതല്‍ നല്‍കിയേ തീരൂ. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് ഗുണപ്രദമാണ്. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യം ചട്ടികളില്‍ നട്ടും വളര്‍ത്താം. പുല്‍ത്തകിടിക്ക് മാറ്റുകൂട്ടാന്‍ ഏഞ്ചല്‍സ് ട്രമ്പറ്റ് ഉപകരിക്കുമെന്നതില്‍ സംശയമേ വേണ്ട.
Courtesy:mathrubhumi.com