mathrubhumi.com Posted on: 21 Feb 2014

വിദ്യാലയമുറ്റത്ത് മാത്‌സ് ലാബൊരുക്കി ഗണിതപഠനം സുഗമമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ലാബെന്നാല്‍ നാലുചുറ്റും ഭിത്തിയുള്ള അടഞ്ഞ സംവിധാനമല്ല ഇവിടെ. മുറ്റത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന മരത്തിന്റെ ചുവടാണ്. അവിടെ ജ്യാമതീയ രൂപങ്ങളായ സിലിണ്ടര്‍, ഗോളം, അര്‍ധഗോളം, പിരമിഡ്, ക്യൂബ് തുടങ്ങിയവ നിര്‍മിച്ച് അതിന്റെ വിസ്തീര്‍ണവും ചുറ്റളവും വ്യാപ്തവും മറ്റും കണ്ടുപിടിക്കാനുള്ള സൂത്രവാക്യങ്ങള്‍ എഴുതിവെച്ചിരിക്കുന്നു. മുറ്റത്തുകൂടി നടന്നുപോകുന്ന കുട്ടികള്‍ അതിലേക്ക് നോക്കാതെ കടന്നുപോകാനാവില്ല.
ഇങ്ങനെ പലതവണ നോക്കുന്നവര്‍ക്ക് സൂത്രവാക്യങ്ങള്‍ മറന്നുപോകാനും വയ്യ. അതാണ് അജയകുമാറിന്റെ സൂത്രവാക്യം. ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്റെ പ്രതിമയും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് പരിപാടി.
''ബോര്‍ഡില്‍ എത്ര എഴുതിവെച്ചാലും എല്ലാവര്‍ക്കും പഠിക്കാന്‍ പറ്റിയെന്ന് വരില്ല.
ഇതാകുമ്പോള്‍ തനിയെ പഠിച്ചുപോകും. കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കളും പഠിക്കും.'' നേരത്തെ വിശാഖപട്ടണത്തും മുംബൈയിലും പ്രിന്‍സിപ്പലായിരുന്ന അജയകുമാര്‍ പറഞ്ഞു. അവിടങ്ങളിലും അദ്ദേഹം പരിപാടി നടപ്പാക്കിയിരുന്നു. അത് വന്‍വിജയവുമായിരുന്നു.
ഇതിന് പുറമെ മാത്‌സ് ക്ലിനിക്കും ആലോചനയിലാണ്. ഗണിതത്തില്‍ മോശമായ താഴ്ന്ന ക്ലാസ്സിലെ കുട്ടികളെ മുതിര്‍ന്ന ക്ലാസ്സിലെ സമര്‍ഥരായ കുട്ടികള്‍ പഠിപ്പിക്കുന്ന പരിപാടിയാണിത്. പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും സന്തോഷമാണിത്. ''ചേട്ടന്മാരാകുമ്പോള്‍ പേടിയില്ലാതെ കുട്ടികള്‍ പഠിച്ചോളും. പഠിപ്പിക്കുന്നവര്‍ക്കാകട്ടെ ആത്മവിശ്വാസവുമാകും.'' - പ്രിന്‍സിപ്പല്‍ പറഞ്ഞു.