14 January, 2013

മിന്നാമിനുങ്ങ് തുണയാകുന്നു; എല്‍.ഇ.ഡികളുടെ വെളിച്ചം കൂടും!

1



മിന്നാമിനുങ്ങിന്റെ ശരീരത്തിലെ 'വിളക്കി'ന്റെ സവിശേഷത പഠിച്ച ഗവേഷകര്‍, അതുപയോഗിച്ച് 'ലൈറ്റ് എമിറ്റിങ് ഡയോഡുകളു'ടെ (LEDs) പ്രകാശക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വിജയിച്ചു. അര്‍ധചാലക ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ 55 ശതമാനം വര്‍ധന വരുത്താന്‍ ഇത്തരത്തില്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ബെല്‍ജിയം, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്, പനാമയില്‍ കാണപ്പെടുന്ന ഒരിനം മിന്നാമിനുങ്ങിന്റെ സവിശേഷകള്‍ അനുകരിച്ച് ഈ മുന്നേറ്റം നടത്തിയത്. 

എല്‍.ഇ.ഡികള്‍ പുറപ്പെടുവിക്കുന്ന വെളിച്ചതില്‍ നല്ലൊരു പങ്ക്, ഉപകരണത്തിനുള്ളിലേക്കുതന്നെ പ്രതിഫലനം വഴി നഷ്ടപ്പെടുകയാണ് പതിവ്. ഇതുമൂലം, എല്‍.ഇ.ഡി.കളുടെ പ്രകാശക്ഷമത കാര്യമായി കുറയുന്നു. 

വായുവിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, എല്‍.ഇ.ഡി. വസ്തുക്കളിലൂടെ പ്രകാശം കടന്നുപോകുന്നത് വ്യത്യസ്തമായാണ്. അതാണ്, ഇത്തരത്തില്‍ വെളിച്ചം നഷ്ടമാകാന്‍ കാരണം - പഠനത്തിന് നേതൃത്വം നല്‍കിയ ബല്‍ജിയത്തില്‍ നാമുര്‍ സര്‍വകലാശാലയിലെ ആനിക് ബേ പറയുന്നു. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗത്തുനിന്ന് ജൈവരാസപ്രവര്‍ത്തത്തിന്റെ ഭാഗമായി വെളിച്ചം പുറത്തുവരുമ്പോഴും സമാനമായ പ്രശ്‌നം ഉണ്ടാകുന്നു. അത് മറികടക്കാന്‍ പ്രകൃതി എന്താണ് ചെയ്തിരിക്കുന്നതെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, അറ്റം കൂര്‍ത്ത ക്രമരഹിതമായ ഘടനയാണ് അവിടെ ഉള്ളതെന്ന് കണ്ടു. ആ ഘടനയുടെ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, അറ്റംകൂര്‍ത്ത അത്തരം ഘടനകള്‍ കൂടുതല്‍ വെളിച്ചം പുറത്തുവരാന്‍ സഹായിക്കുന്നതായി മനസിലായി - 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

സമാനമായ രീതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള ക്രമരഹിതമായ ഘടനകള്‍ ഗാലിയം-നൈട്രയ്ഡ് എല്‍.ഇ.ഡി.യില്‍ സന്നിവേശിപ്പിച്ചപ്പോള്‍ അതില്‍നിന്നുള്ള പ്രകാശത്തിന്റെ തീവ്രത 55 ശതമാനം വര്‍ധിച്ച കാര്യം, ബേയും കാനഡയിലെ ഷെര്‍ബ്രൂക്ക് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും വിവരിച്ചത് 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ലെ മറ്റൊരു പ്രബന്ധത്തിലാണ്. 

നിലിവുള്ള എല്‍.ഇ.ഡികളില്‍ ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍, അവ കൂടുതല്‍ പ്രകാശം പൊഴിക്കുമെന്നതിനാല്‍ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാമെന്ന് ബേ ചൂണ്ടിക്കാട്ടുന്നു. (കടപ്പാട്: ടെക്‌നോളജി റിവ്യൂ)

1 comments:

Post a Comment