14 January, 2012

പൊന്മുടി- കല്ലാര്‍ ..ഏകദിന യാത്രയില്‍ നിന്നും.........

0

Courtsy: http://vazhiyorakazhchakal-yathra.blogspot.com
ഒരുപാടു നാളായി ലാബില്‍ നിന്നും ഒരു യാത്രപോകണമെന്നു കരുതുന്നു....എല്ലാവരുടെയുംസൌകര്യത്തിനു ഒത്തു വന്നതീ അടുത്താണ്...
എവിടെപ്പോകണം..അതായി പിന്നെ ചിന്ത...


ഞങ്ങളുടെ ലാബിലെ സീനിയര്‍ ഫോറ്റൊഗ്രാഫെറും എല്ലാം ആയ ചേട്ടന്‍ യാത്ര മാഗസിനും കയ്യില്‍ പിടിച്ചുതല പുകഞ്ഞു ആലോചനയിലാണ് ...


അവസാനം തീരുമാനിച്ചു...ഒരു ദിവസമല്ലെയുള്ളൂ...പൊന്മുടി -കല്ലാര്‍-മീന്മുട്ടി...


വണ്ടി ബുക്ക്‌ ചെയ്യാന്‍ ചെന്നപ്പോള്‍ അവരുടെ വക ചോദ്യം. ..ഇപ്പോള്‍ പൊന്മുടി സീസന്‍ അല്ലല്ലോ?..ഹേയ് അതൊന്നും സാരമില്ല..


രാവിലെ ആറു മണിക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു .ഞങ്ങള്‍ ഏഴ് പേരുണ്ട് ..രണ്ടു ബോയ്സും ബാക്കി ഗേള്‍സും ..

നല്ല മഴ....
നല്ല സമയം..മനസ്സില്‍ വിചാരിച്ചു..
ഇന്നലെ വരെ  മഴ എവിടെയായിരുന്നു ....


വിതുരയിലെതിയപ്പോലാണ് പ്രാതല്‍ കഴിച്ചാലോ എന്ന് വിചാരിച്ചത് ....നോക്കുമ്പോള്‍ ഒറ്റ ഹോട്ടല്‍തുറന്നിട്ടില്ല ...ഇനി വല്ല ഹര്‍ത്താലോ മറ്റോ ?


അവസാനം തപ്പി തപ്പി ഒരു ഹോട്ടലില്‍ നിന്നും അപ്പവും ഉള്ളിക്കറിയും കഴിച്ചു...


കല്ലാറില്‍ എത്തിയപ്പോള്‍ എട്ടര കഴിഞ്ഞു ...ആന ഇറങ്ങിയതിനാല്‍ ഇപ്പോള്‍ കയറ്റില്ലാത്രേ...ഇനിഇപ്പോള്‍ തിരിച്ച് വരുമ്പോള്‍ ആവട്ടെ ..നേരെ വച്ചു പിടിപ്പിച്ചു..പൊന്മുടിയിലെയ്ക്ക്....






ദൂരെനിന്നുള്ള കാഴ്ച്ച : മഞ്ഞു തലപ്പാവാക്കിയ മലനിരകള്‍




നല്ല കോട മഞ്ഞ് ....കുട്ടിക്കാനവും മൂന്നാറും പോലെ ഒരു പ്രതീതി ...


കോടമഞ്ഞ്‌ ..

ആദ്യം
 വഴി തെറ്റി ഒരു സ്ഥലത്തെത്തി എങ്കിലും മനോഹരമായിരുന്നു  സ്ഥലം...







വഴി തെറ്റിയത് നന്നായി








വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വണ്ടി തിരിച്ചു വിട്ടു.. സ്പോട്ടില്‍ എത്തിയപ്പോള്‍ മഴയും തുടങ്ങി...വന്നുവന്നു നമുക്കു വരാന്‍ കണ്ട സമയം..


കോടമഞ്ഞില്‍ വൃക്ഷ തലപ്പുകള്‍ക്ക് അതിശയകരമാം ഭംഗി തോന്നിച്ചു ..കുട്ടികല്കായി സീസോ മുതലായവഉണ്ടായിരുന്നു...നോക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ അതില്‍ കയറി വിലസുന്നു ...





ഇളം മഞ്ഞില്‍ വൃക്ഷത്തലപ്പുകള്‍




K.T.D.C യുടെ ഹോട്ടലില്‍ നിമ്മും ചായയും കുടിച്ചിട്ട് താഴീയ്ക്ക് കുറെ നടന്നു ..അട്ട ഉള്ളസ്ഥലമായതിനാല്‍ സ്റ്റെപ്പുകളില്‍ കൂടി വളരെ സൂക്ഷിച്ചാണിറങ്ങുന്നത്.. നേര്ത്ത മഴയിലും കുറെഅധികം നടന്നു...കൂടെയുള്ള plus-to ടീച്ചറും കൂടിയായ ചേച്ചി ഫോടോ എടുത്തു തകര്‍ക്കുന്നു ..


സസ്യശാസത്രം കൂടിയായതിനാല്‍ കാടും പള്ളയും ഒന്നും വെറുതെ വിടുന്നില്ല... എനിക്കും ഇതിലൊക്കെഇന്റെരെസ്റ്റ്‌ ഉള്ളതിനാല്‍ ഞാനും കൂടെ കൂടി...



lichens






അങ്ങോട്ട് പോയ സുഖം തിരിച്ചു വന്നപ്പോള്‍ ഇല്ല...കയറ്റമല്ലേ ? 

തിരിച്ചു
 മുകളില്‍ എത്തിയപ്പോള്‍ ഒന്നുരണ്ടു പേരുടെ ഡ്രെസ്സില്‍ അട്ട ...കുറെ കളിയാക്കി ....



ദൈവം ശിക്ഷിച്ചു ....പണ്ടൊക്കെ പിന്നെ പിന്നെ ..ഇപ്പോള്‍ അപ്പോള്‍ തന്നെ...


വെറുതെ കാലില്‍ നോക്കിയതാണ് ..ചോര കുടിച്ചു വീര്‍ത്തു ...വിരലിനടിയില്‍ ....


ഇതെന്നെ കടിച്ച അട്ട അല്ല... അത് ഇതുപോലെ ചുള്ളിയല്ലാരുന്നു ...തടിച്ചു വീര്‍ത്തു !!!






അയ്യോ അട്ട ....!!! ആദ്യമായിട്ടാണ് കടിക്കുന്നത്...തട്ടിക്കലഞ്ഞിട്ടും കുറെയധികം ചോര പൊടിഞ്ഞു..






പിന്നീട് നേരെ പാറയുടെ മുകളിലേയ്ക്ക് ..നല്ല മഴയും മഞ്ഞും....വഴുക്കുന്നുണ്ടായിരുന്നെന്കിലും പതുക്കെകയറി...അതി മനോഹരമായ കാഴ്ച്ച ...





അവിടെ താഴ്വാരങ്ങളില്‍വനത്തില്‍ orchid ഉണ്ടത്രേ.പോകനമെന്നുണ്ടായിരുന്നെങ്കിലും കൊടും മഴയുംമഞ്ഞും അനുവദിച്ചില്ല...


തിരികെ കല്ലാറിലേയ്ക്ക്...നിറയെ ഉരുളന്‍ കല്ലുകള്‍ ..വെറുതെയല്ല കല്ലാര്‍ എന്ന പേര് ..അവിടെഅധികം നിന്നില്ല ...



കല്ലാറിലെ വെള്ളം ..ഒരു ക്ലോസ് പിക്ചര്‍ 





കല്ലാരിലെ തന്നെ അടുത്ത സ്പോട്ടിലേയ്ക്ക്...


കയറുമ്പോലെ എഴുതി വച്ചിട്ടുണ്ട്.."കാടത്തം ഉപേക്ഷിക്കുകസത്യം ...







സ്വല്‍പ്പം അപകടം പതിയിരിക്കുന്ന സ്ഥലമായതിനാല്‍ ടൂറിസ്റ്റ്‌ ഗൈഡ് നെയും കൂട്ടി...പിന്നെവനത്തിലൂടെയുള്ള യാത്ര...

മീന്മുട്ടിയിലെയ്ക്കുള്ള വഴികളിലൂടെ

ഏതാണ്ട്
 ഒരു കിലോ മീറ്റര്‍ നാടക്കനമാത്രെ വെള്ളച്ച്ചാട്ടതിലെയ്ക്ക്..പക്ഷെ മടുപ്പ്തോന്നിയില്ല...ങ്ങോട്ട് ഓട്ടമായിരുന്നു ...






മഴയായതിനാല്‍ വെള്ളം പൊങ്ങും .. പിന്നെ തിരിച്ചു വരാന്‍ പറ്റില്ലാത്രെ ..വെള്ളം താഴുന്നത് വരെഅവിടെത്തന്നെ...എന്തായാലും സ്പീഡില്‍ നടന്നു ...ക്രോസ് ചെയ്യേണ്ട സ്ഥലമെത്തി ...




ഇതിലെയാണ് ക്രോസ് ചെയ്യുക.. സൂക്ഷിച്ചു നോക്കിയാല്‍ വടം കാണാം ...ഇതില്‍ പിടിച്ചു പിടിച്ചു വേണംപോകാന്‍..ശാന്തമെന്നു തോന്നുമെങ്കിലും അതിശക്തമാണ് അടിയൊഴുക്ക്


പാറക്കെട്ടുകള്‍ നിറഞ്ഞ കല്ലാര്‍










ആറിനു കുറുകെ ഒരു വടം കെട്ടിയിട്ടുണ്ട് ..അതില്‍ പിടിച്ചു പിടിച്ചു വേണം പോകാന്‍..


നല്ല അടിയൊഴുക്കുണ്ട്...ഞങ്ങള്‍ മുന്പേ നടന്നു..


പേടിയൊന്നും തോന്നിയില്ല ...കൂടെയുണ്ടായിരുന്ന കൂട്ടത്തില്‍ ഇളമുറക്കാരിയുടെ കണ്ണില്‍ നിന്നുംവെള്ളം കുടുകുടാ ചാടുന്നു....പേടിച്ചിട്ടാണ് ..

മുഖം
 കണ്ടാല്‍ പ്രേതത്തെ മുന്‍പില്‍ കണ്ടു പേടിച്ച അവസ്ഥ ..പിന്നെ തിരികെ പോയി കയ്യില്‍ പിടിച്ചുകൊണ്ടുവന്നു ...


ഇനിയും കുറെ ദൂരം നടക്കണം...ആരോ പറഞ്ഞു ...ആനയുടെ മണം!!!..അതെ സത്യമാണ് ... കാറ്റില്‍വച്ചു ആനകുത്ത്തി ചാകാനാണോവാ വിധി...ഏയ് ..


എന്തായാലും വെള്ളച്ച്ചാട്ടത്ത്തിനടുത്തെത്ത്ത്തി ..ആഴക്കയം ..സൂക്ഷിക്കുക എന്നുള്ള ബോര്‍ഡ്‌ ..




മീന്മുട്ടി വെള്ളച്ചാട്ടം




തിരികെ നടന്നപ്പോള്‍ വെള്ളം കൂടിയിരുന്നു ...എങ്കിലും ക്രോസ് ചെയ്തു ... പിടി വിട്ടാല്‍ പോയത്തന്നെ...കാരണം അടിയൊഴുക്ക് ശക്തമായി ...ഒരാളെ പിന്നെയും പിടിച്ചുകൊണ്ട് വരേണ്ടി വന്നു..കാരണംഅല്ലെങ്കില്‍ പേടിച്ചിട്ടു അവള്‍ താഴെ വീണേനെ ...


സത്യത്തില്‍ കാടിന്റെ ഭംഗി ആസ്വദിച്ചത് തിരികെ വന്നപ്പോളാണ്...



വന്യഭംഗി



ചുററിപ്പിടിച്ചു കിടക്കുന്ന കാട്ടുവള്ളികള്‍






വലിയ പാറയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി കിടക്കുന്ന കാട്ടു വള്ളികള്‍





സാവധാനം നടന്നു ..ഒരു വലിയ പാറ യിലെത്തിയപ്പോള്‍ വിശ്രമിച്ചു ..പാറ എന്ന് പറയാന്‍ പറ്റില്ല വലിയഒരു ഗുഹ പോലെയുണ്ട് ..

പണ്ടത്തെ
 സിംഹരാജാവോക്കെ താമസിച്ച സ്ഥലമാവാം ..ഏയ് അല്ല ..ശരിക്കും അത് കണ്ടപ്പോള്‍എനിക്ക് തോന്നിയതെന്താനെന്നോ ? നമ്മുടെ jungle book -ഇല്‍ ചെന്നായ്ക്കളും മൌഗ്ലി യുംകൂടിയിരിക്കുന്ന സ്ഥലം..ശരിക്കും അത് പോലെ...അത്രയും വലിയ പാറ ...മുകളില്‍ നിന്നും കാട്ടുവള്ളികള്‍തൂങ്ങി കിടക്കുന്നു ..






സൂര്യകിരണങ്ങള്‍ ഒളിഞ്ഞു നോക്കാന്‍ തുടങ്ങി..മഴ മാറിയതിന്റെ ലക്ഷണം

പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാറ്റു വള്ളികളും വലിയ മരപ്പൊത്തുകളും ..
ചീവിടുകളുടെ കാതടപ്പിക്കുന്ന കരച്ചിലും ....
കിളികളുടെ കളകൂജനവും ...
കാടിന്റെ മാസ്മരിക സൌന്ദര്യം ..


സത്യം മനുഷ്യന്‍ തന്നെ പരിസ്ഥിതിയുടെ നാശത്തിന്റെ മുഖ്യ ഹേതു




പക്ഷെ ഒരൊറ്റ ചിത്ര ശലഭത്തെ പോലും കണ്ടില്ല ..പറയാന്‍ കാരണം കയറിവരുമ്പോള്‍ കുരെയടികംscientific names എഴുതി വച്ചിട്ടുണ്ടായിരുന്നു...കല്ലാറിലെ ചിത്രശലഭങ്ങള്‍ എന്ന ബോര്‍ഡില്‍ ..



തിരികെ ഇറങ്ങുമ്പോള്‍ ശരിക്കും ഒരു നഷ്ടബോധം ..വീണ്ടും വരാന്‍ ഉള്ള തോന്നല്‍ ...ഇനിയും ഒരിക്കല്‍കൂടി വരനമെന്നാഗ്രതിച്ച്ച്ചു കൊണ്ടു അവിടെ നിന്നും വണ്ടി വിട്ടു ...


യാത്ര തീരാറാകുമ്പോള്‍ ഒരു നൊമ്പരം ...7'o ക്ലോക്ക് ആയപ്പോളെയ്ക്കും തിരികെ എത്തി... അപ്പോളാണ്പേടിച്ചു വിറച്ചു ഞങ്ങളെയും കൂടി ഇടയ്ക്ക് ഭയപ്പെടുത്തിയ ആളുടെ ചോദ്യം ..ഇനി എന്നാ നമ്മുടെഅടുത്ത ട്രിപ്പ്‌ ...???

04 January, 2012

പതിനെട്ടാം പടിയുടെ രഹസ്യം

0




ഇനി നമുക്ക് പതിനെട്ടിന്റെ തത്ത്വവും അതിന്റെ വൈദികപ്പഴമയും എന്താണെന്ന് ചിന്തിക്കാം. നമ്മുടെ പൂര്‍വസൂരികള്‍ ഒരിക്കല്‍പ്പോലും ഒരു ശാസ്ത്രീയതത്ത്വം ഇല്ലാത്ത ഒന്നും ചെയ്തിട്ടില്ല. എല്ലാം ശാസ്ത്രീയതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിന്റെയും പിന്നില്‍ ഒരു ശാസ്ത്രം ഉണ്ട്. നാം ശാസ്ത്രത്തെക്കുറിച്ച് തികച്ചും ബോധവാന്മാര്‍ ആയിരിക്കണം. നാം ചെയ്യുന്ന ഓരോന്നും എന്തിനാണ് എന്നതിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ പ്രവൃത്തിയും എന്തിനാണ്? 18 പടികള്‍ എന്തിന്റെ ചിഹ്നമാണ്? 18 എന്നു പറയുമ്പോള്‍ വിശാലമായ ഒരു ലോകം ഇവിടെയുണ്ട്-നമ്മുടെ പുരാണങ്ങള്‍ 18 ആണ്. ഉപപുരാണങ്ങള്‍ 18 ആണ്, ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണ്. ഇങ്ങനെ 18ന് വളരെ വലിയ പ്രാധാന്യം നമ്മുടെ ഋഷിമാര്‍ കല്പിച്ചു നല്കിയിരുന്നു. എന്താണ് 18 കൊണ്ട് ഉദ്ദേശിക്കുന്നത്? എന്താണ് 19 ആവാത്തത്, എന്തുകൊണ്ട് 17 ആവുന്നില്ല. എന്തുകൊണ്ട് 18 ആയി? നാം നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണം. ഉത്തരങ്ങള്‍ നമുക്കു ലഭിക്കുകയും വേണം. ശാസ്ത്രയുക്തമാണ് ഇത് എന്ന് നാം കണ്ടെത്തേണ്ടതുണ്ട്.

18ന് എന്തെല്ലാം പ്രാധാന്യങ്ങളുണ്ടെന്ന് നോക്കാം. വേദങ്ങള്‍ നാലാണ്.

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ. നമുക്ക് ആറു ദര്‍ശനങ്ങളുണ്ട്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം. ആറ് അംഗങ്ങളുണ്ട്. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം. അങ്ങനെ കണക്കുകൂട്ടിയാല്‍ പ്രധാനമായി രണ്ട് പ്രധാനപ്പെട്ട കൃതികള്‍ കൂടി പഠിക്കണം, രാമായണവും മഹാഭാരതവും, അങ്ങനെ ആകെ പഠിക്കേണ്ടത് 18 കൃതികള്‍. ശബരിമലയില്‍ 18 പടികള്‍. ഈ 18 ശാസ്ത്രങ്ങളും തീര്‍ച്ചയായും നിങ്ങള്‍ പഠിക്കണം എന്ന് ഉറപ്പിച്ചു പറയുകയാണ് മാലയിടുന്ന അയ്യപ്പനോട്. നമ്മള്‍ എല്ലാവരും ഈ 18 വിദ്യകള്‍ പഠിച്ചിരിക്കണം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവ പഠിക്കണം, സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം പഠിക്കണം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, രാമായണം, മഹാഭാരതം എന്നിവ പഠിക്കണം. എല്ലാവരും അവബോധത്തോടുകൂടി പഠിപ്പിക്കണം. എന്താണ് സത്യമെന്ന് ഓരോരുത്തരും തിരിച്ചറിയണം. അത് പഠിക്കുന്നതിനുവേണ്ടി നാം പരിശ്രമിക്കണം. അതാണ് ഈ പറയുന്ന 18 പടികളുടെ ഒരു അര്‍ഥം.

ഇനി മറ്റൊരര്‍ഥമെന്താണെന്നു നോക്കാം. ആ അര്‍ഥം ഏറെ രസകരമാണ്. അതും നമുക്ക് പഠിക്കാം. കാരണം, നമ്മുടെ ശരീരത്തില്‍ ആറ് ചക്രങ്ങളുണ്ട്. 'പടിയാറും കടന്ന് അവിടെ ചെല്ലുമ്പോള്‍' എന്നാണ് ഒരു ഭക്തിസ്‌തോത്രം പറയുന്നത്. ആറ് പടികള്‍ എന്നു പറയും. ആറിന്റെ മൂന്നു ഗുണിതങ്ങള്‍ ആണ് 18. ആധിദൈവികവും ആധിഭൗതികവും ആധ്യാത്മികവുമായ മൂന്നു തലത്തില്‍ ആറ് ചക്രങ്ങളെ സാക്ഷാത്കരിക്കാന്‍ നമുക്കു കഴിയും. ആറ് ചക്രങ്ങള്‍ എന്നു പറയുമ്പോള്‍ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ്. ഏഴാമത്തെ ചക്രമാണ് സഹസ്രാരം എന്നു പറയുന്നത്. പടി ആറു കടന്ന് അവിടെ ചെല്ലുമ്പോഴാണ് പരമേശ്വരനെ കാണുക. സഹസ്രാരത്തിലാണ് പരമേശ്വരനെ കാണുന്നത്. പടി ആറു കടന്നിട്ടാണത്. ആ പടി ആറും കടന്ന് മുന്നോട്ടു ചെല്ലുമ്പോള്‍ ഇവിടെ 18 പടികള്‍ ആയി മാറും. അതിനര്‍ഥം ആധിഭൗതികവും, ആധ്യാത്മികവും ആധിദൈവികവും ആയ അര്‍ഥത്തില്‍ നാം ഈ ആറ് ചക്രങ്ങളേയും സാക്ഷാത്കരിക്കണം എന്നുകൂടിയാണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുള്ള 18 തത്ത്വങ്ങളുടെ സാക്ഷാത്കാരം കൂടിയാണ് 18 പടികള്‍ എന്ന് കാണുന്നത്. അങ്ങനെ ഭൗതികവിജ്ഞാനത്തിന്റെ ലോകത്ത് 18 ശാസ്ത്രങ്ങളും 18 തത്ത്വങ്ങളുടെ ശാരീരികശാസ്ത്രവും അഭ്യസിച്ചുകൊണ്ട് ഒരു അയ്യപ്പന്‍ സ്വന്തം നിലയില്‍ സാധകന്‍ ആയി വളരണമെന്ന സന്ദേശമാണ് 18-ന്റെ പ്രാധാന്യം.

(അയ്യപ്പരഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്്)

പ്രണയ ഗ്രാമങ്ങള്‍

0


രജീഷ്.പി.രഘുനാഥ്/എം.കെ.കൂടാളി 

പക്വതയെത്താത്ത പ്രണയം പറയുന്നു:
'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
കാരണം, എനിക്ക് നിന്നെ ആവശ്യമുണ്ട്'
പക്വതയുള്ള പ്രണയം പറയുന്നു:
'എനിക്ക് നിന്നെ ആവശ്യമുണ്ട്.
കാരണം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'

- മഹാത്മാഗാന്ധി


രണ്ട് ഗ്രാമങ്ങള്‍. പ്രണയവും പരിണയവും ജീവിതവും മാത്രം പരിചയമുള്ള ഗ്രാമങ്ങള്‍. കാറ്റും പൂക്കളും പക്ഷികളും പ്രണയത്തിന്റെമാത്രം കഥകള്‍ ചൊല്ലുന്ന ആ ഗ്രാമങ്ങള്‍ ഇവിടെയാണ്, കണ്ണൂരില്‍. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ചോരയാന്‍കുണ്ടും മുരിങ്ങേരിയുമാണ് ആ ഗ്രാമങ്ങള്‍. രാഷ്ട്രീയ ഭൂപടത്തില്‍ കറുത്ത അടയാളങ്ങളുള്ള കണ്ണൂരില്‍ രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും പണത്തിനും തടയാന്‍ കഴിയാതെ പ്രണയിക്കുന്നവര്‍ക്ക് സ്വച്ഛന്ദ ജീവിതമൊരുക്കുന്നു ആ ഗ്രാമങ്ങള്‍. പൂവണിഞ്ഞ പ്രണയത്തിന്റെമാത്രം കഥകളാണ് രണ്ട് ഗ്രാമങ്ങള്‍ക്കും പറയാനുള്ളത്. അതിനുവേണ്ടി പല കമിതാക്കള്‍ക്കും പ്രിയപ്പെട്ട മറ്റുപലതും ഉപേക്ഷിക്കേണ്ടിവന്നുവെങ്കിലും 'പ്രണയം സഫലമാകുന്ന നാട്' എന്ന പേര് സ്വന്തം ഗ്രാമത്തിന് സമ്പാദിച്ചുനല്‍കാന്‍ ഇവര്‍ക്കായി. പ്രണയത്തിനുവേണ്ടി ദുരിതം സഹിച്ചവരെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ ഇത്തരം ഗ്രാമങ്ങള്‍ ഈ നാടിന്റെ ഭാഗ്യമാകാം. മനുഷ്യ ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഭാഗ്യം.ഇവിടെ പ്രണയം മൊട്ടിട്ടാല്‍ അത് സുന്ദരമായി ഒഴുകി ലക്ഷ്യത്തില്‍ എത്തുമെന്ന് പ്രണയം സഫലമായവര്‍ പറയുന്നു. വീട്ടുകാരുടെ എതിര്‍പ്പും മര്‍ദനവും ഭീഷണിയും എവിടെയുമെന്നപോലെ ഇവിടെയുമുണ്ട്. പ്രണയത്തില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടികളെ വീട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലപ്പോഴും വില്ലന്‍കഥാപാത്രമായി മാറുന്നത് സഹോദരന്മാരാണ്. എന്നാല്‍, ആ സഹോദരങ്ങള്‍ പിന്നീട് പ്രണയത്തിലൂടെതന്നെ ജീവിത പങ്കാളിയെ കണ്ടെത്തിയ സംഭവങ്ങളും ഏറെ.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ചോരയാന്‍കുണ്ടിലും മുരിങ്ങേരിയിലും നൂറിലേറെ കമിതാക്കളുടെ പ്രണയമാണ് പൂവണിഞ്ഞത്. വ്യത്യസ്തമായ രീതിയിലാണ് പല കമിതാക്കളും ഒന്നായത്. ചിലത് വീട്ടുകാര്‍തന്നെ ആദ്യമേ നടത്തിക്കൊടുത്തു. മറ്റുചിലത് ഏറെനാളത്തെ ഭീഷണിയിലും മക്കള്‍ വീഴുന്നില്ലെന്ന് കണ്ട് വീട്ടുകാര്‍ പിന്നീട് നടത്തിക്കൊടുക്കുകയായിരുന്നു. വീട്ടുകാര്‍ ഒരിക്കലും അനുവാദം നല്‍കാത്തവരാകട്ടെ, രഹസ്യമായി മുങ്ങി രജിസ്റ്റര്‍ചെയ്ത് ഒന്നായി. ഇത്തരം ബന്ധങ്ങള്‍ ആദ്യമൊക്കെ അംഗീകരിക്കാന്‍ മടികാട്ടുമെങ്കിലും 90 ശതമാനം വീട്ടുകാരും പിന്നീട് പഴയതൊക്കെ മറന്ന് മക്കളെ സ്വീകരിക്കുകയാണ് പതിവ്. വര്‍ഷങ്ങളായിട്ടും വീട്ടുകാര്‍ക്ക് പിണക്കം മാറാത്ത വിവാഹങ്ങളുമുണ്ട്.

അഞ്ചരക്കണ്ടിയിലെ ഒരു റോഡിന് ഇരുവശവുമായി കിടക്കുന്ന ഈ ഗ്രാമങ്ങളില്‍ മാത്രം എന്തേ ഇത്രയേറെ കരുത്തോടെ പ്രണയം പൂത്തുവിടരുന്നതെന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ആര്‍ക്കുമില്ല. 'ഇവിടെ ഇങ്ങനെയാണ്' എന്ന് മാത്രമാണ് പ്രണയം പൂവണിഞ്ഞ കമിതാക്കള്‍ പറയുന്നത്. പ്രണയിച്ച വ്യക്തിയെ ജീവിതസഖിയായി കിട്ടാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണ് എന്നതാണത്രെ പ്രണയവിജയത്തിന് പിന്നിലെ പ്രധാന കാര്യം. ഭീഷണി മുഴക്കുന്ന വീട്ടുകാരോട് എതിരിട്ടുനില്‍ക്കാന്‍ പ്രണയികള്‍ തയാറാകുന്നു. വീട്ടുകാര്‍ക്കുമുന്നില്‍ താന്‍ എല്ലാ പ്രണയവും നിര്‍ത്തി എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കഴിയുകയും രഹസ്യമായി കത്തുകളിലൂടെയും മറ്റും നിശ്ശബ്ദ പ്രണയം തുടരുകയും ചെയ്യുന്നു അവര്‍. വര്‍ഷങ്ങള്‍ നീളുന്ന ഈ നിശ്ശബ്ദ പ്രണയകാലത്ത് വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം നടന്നിരിക്കും. വിവാഹം രജിസ്റ്റര്‍ചെയ്തശേഷവും ഇവര്‍ പഴയപോലെതന്നെ വീട്ടില്‍ കഴിയും. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച സമയമാകുമ്പോള്‍ ഒന്നുകില്‍ നാട്ടില്‍നിന്ന് മുങ്ങി മറ്റെവിടെയെങ്കിലും പോയി വിവാഹം നടത്തും. ഏതെങ്കിലും ഒരാളുടെ വീട്ടുകാര്‍ അനുകൂലമാണെങ്കില്‍ നാട്ടില്‍ത്തന്നെയാണ് വിവാഹം നടത്തുക.

ഈ പ്രണയരാജ്യത്തെ സംരക്ഷിക്കുന്നത് രണ്ട് സംഘടനകളാണ്. പ്രണയികള്‍ക്ക് ആവശ്യമുള്ള ആഭരണങ്ങള്‍പോലും ഇവരാണ് സംഘടിപ്പിച്ച് നല്‍കുന്നത്. പ്രണയത്തിന്റെ പേരില്‍ മര്‍ദനമുള്‍പ്പടെയുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു പ്രണയ ജോഡിയാണ് സംഘടനകള്‍ക്ക് രൂപംകൊടുത്തത്. ചോരയാന്‍കുണ്ടിലെ കമിതാക്കള്‍ക്ക് ആശ്രയം 'സ്‌നേഹതീരവും' മുരിങ്ങേരിയിലെ കമിതാക്കള്‍ക്ക് ആശ്രയം 'തണലും' ആണ്.

കേബിള്‍ ഓപ്പറേറ്ററായ സജിത്തും അനൂപയുമാണ് കമിതാക്കളുടെ മുമ്പേ പറക്കുന്ന ആ വാനമ്പാടികള്‍. തന്റെ കോളജ്പഠനകാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനൂപയോട് തോന്നിയ പ്രണയം സജിത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തുവിട്ടത്. അനൂപ കോളജില്‍ എത്തിയപ്പോള്‍ സജിത്ത് പ്രണയ രഹസ്യം തുറന്നുപറഞ്ഞു. സാധാരണ കുടംബത്തിലെ അംഗമായ സജിത്തുമായുള്ള പ്രണയം സമ്പന്നരായ അനൂപയുടെ കുടംബത്തിന് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഗുണ്ടകള്‍ സജിത്തിനെ രാത്രി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. പരിക്കേറ്റ് സജിത്ത് ആസ്പത്രിയിലായി. എന്നാല്‍, ഇതോടെ ഇരുവരുടെയും പ്രണയം കൂടുതല്‍ കരുത്താര്‍ജിച്ചു. അനൂപ കോളേജില്‍ പോകുന്നത് വീട്ടുകാര്‍ വിലക്കി. മറ്റൊരു സ്ഥലത്തേക്ക് മാറ്റി ടി.ടി.സി.ക്ക് ചേര്‍ത്തു. ടി.ടി.സി. ഒരുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ 2006 ഏപ്രില്‍ നാലിന് ഇവരുടെ വിവാഹം രഹസ്യമായി തലശ്ശേരിയില്‍ രജിസ്റ്റര്‍ചെയ്തു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അനൂപ സ്വന്തം വീട്ടില്‍നിന്ന് ടി.ടി.സി. പഠനം തുടര്‍ന്നു. ഒരുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ അവര്‍ രഹസ്യമായി എല്ലാ പദ്ധതികളും തയാറാക്കിയിരുന്നു. ഒറ്റ ദിവസംകൊണ്ട് നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് പന്തലുമൊരുക്കി നാടറിഞ്ഞുള്ള വിവാഹം. 2007 മാര്‍ച്ച് 10നായിരുന്നു വിവാഹം. പക്ഷേ, ഇന്നും അനൂപയെയും സജിത്തിനെയും സ്വീകരിക്കാന്‍ അനൂപയുടെ വീട്ടുകാര്‍ തയാറായിട്ടില്ല. ഇവരാണ് പിന്നീട് പ്രണയിക്കുന്നവര്‍ക്ക് തണലേകാന്‍ 'തണലിന്' രൂപംനല്‍കിയത്. തങ്ങളുടെ അനുഭവം ഒരു കമിതാക്കള്‍ക്കും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ ഉദ്യമം.

നാലുവര്‍ഷം മുമ്പ് ഇവര്‍ തുടങ്ങിയ ഈ സംഘമാണ് പ്രണയിക്കുന്നവര്‍ക്ക് ഇന്നും സഹായമായി പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷം മുമ്പ് ക്ലബ് ആയി രൂപവത്കരിക്കപ്പെട്ട 'സ്‌നേഹതീര'വും പ്രണയികള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതുപേര്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് സ്‌നേഹതീരം. ഈ സംഘമാണ് ദമ്പതിമാരുടെ കൂട്ടായ്മകളും ഉല്ലാസയാത്രകളും മറ്റും സംഘടിപ്പിക്കുന്നത്. പ്രണയ പരാജയമില്ലാത്ത ഗ്രാമമാണ് തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെടുന്നു. ജാതിക്കും മതത്തിനും സമ്പത്തിനും അപ്പുറത്താണ് സ്‌നേഹത്തിന്റെ വിലയെന്ന് ഇവിടെ നടന്ന ഓരോ പ്രണയവിവാഹവും ഓര്‍മിപ്പിക്കുന്നു. രണ്ട് ജാതിയില്‍ ജനിച്ചതാണ് പ്രജിത്തിന്റെയും അര്‍ച്ചനയുടെയും പ്രണയത്തിന് വീട്ടുകാര്‍ എതിരുനില്‍ക്കാന്‍ കാരണം. ഒടുവില്‍ വീട്ടുകാര്‍ അറിയാതെ മുങ്ങി തൊടീക്കളം ക്ഷേത്രത്തില്‍ വിവാഹിതരായി. മൂന്നുദിവസം കഴിഞ്ഞ് നാടകീയമായി നാട്ടില്‍ തിരിച്ചെത്തിയ ഇരുവരെയും വീട്ടുകാര്‍ നിലവിളക്ക് കൊളുത്തി സ്വീകരിച്ചു.പ്രായം പ്രണയത്തിന് പ്രതിബന്ധമല്ല. അതാണ് ശ്യാമളയും ശശീന്ദ്രനും തെളിയിച്ചത്. വിവാഹത്തില്‍ താത്പര്യമില്ലാത്ത ശശീന്ദ്രന്‍ നെയ്ത്തുശാലയില്‍ ജോലിക്ക് എത്തിയപ്പോഴാണ് ശ്യാമളയുമായി പ്രണയത്തിലായത്. ഈ പ്രണയം പൂവിട്ടതോടെ സീനിയര്‍ കമിതാക്കള്‍ എന്ന പദവി ഇവര്‍ക്ക് സ്വന്തമായിക്കിട്ടി.

ഷിജിലും സൂര്യയും വിവാഹത്തിന് മുമ്പുതന്നെ രജിസ്റ്റര്‍ നടത്തിവച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറായി. പോലീസ് ഉദ്യോഗസ്ഥനായ സുജിത് അയല്‍വാസിയായ നിഗിഷയെ പ്രണയിച്ചു. വീട്ടുകാര്‍ അംഗീകരിച്ചതിനാല്‍ വിവാഹം അവര്‍തന്നെ നടത്തി നല്‍കി. നിഗിഷയുടെ സഹോദരന്‍ നിജിലും മിഥുനയും തമ്മിലുള്ള പ്രണയം അംഗീകരിക്കാന്‍ വീട്ടുകാര്‍ ആദ്യം മടിച്ചെങ്കിലൂം പിന്നീട് അനുവാദം നല്‍കി.

പെണ്ണുകാണാന്‍ പോയപ്പോള്‍ ചെറുക്കനെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നാല്‍, പെണ്ണിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ ചെറുക്കന്‍ വീട്ടിലെത്തി പെണ്ണിനെ വിളിച്ചു. പിന്നീട് അത് പ്രണയമായി. വീട്ടുകാര്‍ എതിര്‍ത്തു. ഒടുവില്‍ ഇവരുടെ പ്രണയത്തിനുമുന്നില്‍ വീട്ടുകാര്‍ക്ക് തലകുനിക്കേണ്ടിവന്നു. ഇതാണ് രാജേഷും ലിജിനയും തമ്മിലുള്ള വിവാഹബന്ധത്തിന്റെ ചരിത്രം.

കൂട്ടത്തിലെ ഏറ്റവും ജൂനിയര്‍ പ്രണയ ദമ്പതിമാരാണ് സുജേഷും ഷല്‍മയും. ഷല്‍മയുടെ വീട്ടുകാര്‍ ഇനിയും ബന്ധം അംഗീകരിച്ചിട്ടില്ല. ബന്ധുകൂടിയായ നീതു എന്ന പെണ്‍കുട്ടിയെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സ്വന്തമാക്കിയതാണ് ചെറിയ കവിതകള്‍ എഴുതുന്ന പ്രദീഷിന്റെ അനുഭവം. പ്രണയ വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന സജിത്തിന്റെ സഹോദരന്‍ സന്തോഷും റീനയും വിവാഹിതരായതും രഹസ്യമായായിരുന്നു.

എം.ടി.ധനേഷ്-വിലാസിനി, എം.ടി.അനിത-പ്രദീപന്‍, എം.ടി.ദിലീപന്‍-പ്രമീള ഈ പ്രണയദമ്പതിമാര്‍ മൂന്നും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ അനിത-പ്രദീപന്‍ മാത്രമാണ് രഹസ്യമായി വിവാഹം കഴിച്ചത്. പ്രമീളയുടെ സഹോദരന്‍ പ്രജിത്തും അര്‍ച്ചനയും രഹസ്യമായി മുങ്ങിയാണ് വിവാഹം നടത്തിയത്. പ്രമീള-സുനില്‍ ബന്ധവും രഹസ്യമായിരുന്നു. ബീഡീക്കമ്പനിയില്‍വച്ച് മൊട്ടിട്ട പ്രണയമാണ് പി.കെ.രാജന്‍-ലീന ദമ്പതിമാരുടേത്. ചന്ദ്രന്‍-സുജാത, വിജയന്‍-ലളിത (സഹോദരങ്ങള്‍). കെ.പ്രദീഷ്-നീതു, കെ. പ്രേമജ-ദിനേഷ്ബാബു(സഹോദരങ്ങള്‍), കനകരാജ്-സിന്ധു, സുധാകരന്‍-രസ്‌ന, സുജിത്-ബിന്ദു, നവീന-സുമോദ്, വിനോദന്‍-ഷീബ, ഉദയകുമാര്‍-വിപിന എന്നിവര്‍ രഹസ്യമായി വിവാഹം കഴിച്ചപ്പോള്‍ സിബിന്‍-ഫെബിന, ജയരാജന്‍-നിര്‍മല, മനോജ്-വിജേഷ്മ, രശ്മി-അംബുജാക്ഷന്‍, അമൃത-അജിത്കുമാര്‍, രജിന-ബിജു, ഷൈമ-പ്രദീപന്‍, സനൂപ്-ശ്രുതി, ജസ്‌ന-ഉമേഷ്, അരുണ-അശോകന്‍, മിനി-പ്രമോദ്, റീജ-പ്രകാശന്‍, നിജില്‍-ജൂന, സന്തോഷ്-ബീന, ഷീജ-സുരേശന്‍, ജനകരാജ്-രജിത എന്നിവരുടെ പ്രണയത്തെ വീട്ടുകാര്‍ അംഗീകരിച്ച് വിവാഹം നടത്തിക്കൊടുത്തു. ഒരു പെണ്ണ് ഒരു ചെറുക്കനെ മാത്രം പ്രണയിക്കുന്ന മാന്യതയാണ് തങ്ങളുടേതെന്ന് പ്രണയത്തിന്റെ സന്ദേശ വാഹകരായ ഇവര്‍ പറയുന്നു. വിവാഹത്തിലെത്തുന്ന പ്രണയം മാത്രമാണ് ഇവിടെ ഉടലെടുക്കുന്നത്. മറ്റ് അനാവശ്യ തരത്തിലുള്ള ബന്ധങ്ങള്‍ രൂപപ്പെടാന്‍ ഇവിടെ ആരും പ്രോത്സാഹനം നല്‍കില്ല. ശരീരമല്ല, മനസ്സാണ് പ്രണയത്തിന്റെ ഉപകരണങ്ങള്‍ -അവര്‍ പറയുന്നു.പെണ്ണിന്റെയോ ചെറുക്കന്റെയോ വീട്ടില്‍ പ്രണയം അംഗീകരിക്കാതിരുന്നാല്‍ അതിനെ സിനിമാ ശൈലിയിലാണ് ഇവിടെ നേരിടുന്നത്. പ്രണയം അറിഞ്ഞുകഴിഞ്ഞാല്‍ പെണ്‍വീട്ടുകാര്‍ ഉടന്‍തന്നെ മറ്റു വിവാഹാലോചനകള്‍ പെണ്‍കുട്ടിക്കായി നടത്തും. സ്വാഭാവികമായും പെണ്ണിനെക്കുറിച്ച് അറിയാന്‍ ചെറുക്കന്റെ വീട്ടുകാര്‍ നാട്ടില്‍ അന്വേഷണം നടത്തും. ഈ സമയത്താണ് പെണ്‍കുട്ടിയുടെ 'ലൈവായി' തുടരുന്ന പ്രണയത്തെക്കുറിച്ച് വിശദീകരിച്ച് വന്നവരെ ഒതുക്കുന്നത്. ഇത് കൃത്യമായി പ്ലാന്‍ചെയ്ത് നടപ്പാക്കിവരുന്നുണ്ട്. ഓരോ പ്രണയത്തിന്റെയും വിജയമാണ് ഈ ഗ്രാമങ്ങളില്‍ കൂടുതല്‍ പ്രണയികളെ സൃഷ്ടിക്കുന്നത്. രണ്ടായിരത്തോളം മാത്രം ജനസംഖ്യയുള്ള ഈ രണ്ട് ഗ്രാമങ്ങളില്‍ പ്രണയവിവാഹിതരുടെ എണ്ണം കൂടിവരികയാണ്. അയല്‍ക്കാര്‍ തമ്മിലുള്ള പ്രണയമാണ് ഇവിടെ നടക്കുന്നത്. പുറംനാട്ടില്‍നിന്ന് പ്രണയിച്ച് വിവാഹിതരായെത്തുന്നവര്‍ ഇല്ല എന്നുതന്നെ പറയാം.

rajeeshmbi@gmail.com
kumarsbimbi@gmail.com